മൂന്നാര്‍: കാണാതായ ആറു വയസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കടലാര്‍ എസ്റ്റേറ്റിലെത്തി അന്വേഷണം നടത്തി. രണ്ടു ഡിവൈ.എസ്.പിമാരും നാലു സി.ഐമാരും പത്തോളം എസ്.ഐമാരും ഉള്‍പ്പെട്ട സംഘമാണ് ഇന്നലെ ഉച്ചയോടെ തോട്ടത്തിലെത്തിയത്. ഇവര്‍ മറ്റു തൊഴിലാളികളില്‍ നിന്നു വിവരശേഖരണം നടത്തി.
സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ 14 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. അന്വേഷണം ഊര്‍ജിതമാക്കിയതായി ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍ അറിയിച്ചു. കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൂന്നാര്‍ മുസ്ലീം ജമാഅത്ത് കബര്‍സ്ഥാനില്‍ കബറടക്കി.
കണ്ണന്‍ ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റിലെ നൂര്‍മുഹമ്മദ്ദ രസിതന്‍നിസ ദമ്പതികളുടെ മൂത്തമകന്‍ നവറുദ്ദീന്‍നെ കഴിഞ്ഞ 31 നാണ് വീട്ടില്‍ നിന്നു കാണാതായത്. പിന്നീട് വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മൂന്നാര്‍ സി.ഐ സാംജോസിന്റെ നേത്യത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ടോടെ വീട്ടില്‍ നിന്നു 200 മീറ്റര്‍ അകലെയുള്ള തേയില തോട്ടത്തില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Post Your Comments