കോഴിക്കോട് : പൊലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സംരക്ഷണത്തിലാണ് കോഴിക്കോട് മാവൂരില്‍ ഇന്നലെ ഒരു വിവാഹസത്കാരം നടന്നത്.കല്യാണവീട്ടില്‍ പുലി ഇറങ്ങിയെന്ന പേരില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തി കല്യാണവീടിന് സംരക്ഷണം ഒരുക്കിയത്.എന്നാല്‍ ദൃശ്യങ്ങളില്‍ ഉള്ളത് പുലിയല്ല കാട്ടുപൂച്ചയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കോഴിക്കോട് മാവൂരിലാണ് സംഭവം. പള്ളിത്താഴം സ്വദേശി സുജിത്തിന്റെ വിവാഹസത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ ബന്ധുക്കളില്‍ ചിലര്‍ വിവാഹവീടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. വിദേശത്തുള്ള ബന്ധുക്കള്‍ക്ക് കാണാനായി ഈ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടു. എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്നത് ഒരു പുലിയെ അല്ലെ എന്ന് കുടുംബാംഗങ്ങളില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. ഇതോടെ മാവൂരില്‍ വിവാഹവീട്ടില്‍ പുലി ഇറങ്ങിയെന്ന് വാര്‍ത്തയും പ്രചരിച്ചു. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ദൃശ്യങ്ങളില്‍ ഉള്ളത് പുലിയല്ല കാട്ടുപൂച്ചയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ എല്ലാവര്‍ക്കും ആശ്വാസമായി.
ശരീര വലിപ്പവും മറ്റും പരിശോധിക്കുമ്പോള്‍ കാട്ടുപൂച്ചയാണെന്നാണ് മനസിലാകുന്നതെന്നായിരുന്നു ഡി.എഫ്.ഒ സുനില്‍ കുമാറിന്റെ അഭിപ്രായം. പ്രദേശത്ത് കൂടുതല്‍ പരിശോധന നടത്താനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം. പൊലീസിന്റെ സംരക്ഷണയില്‍ കാര്യങ്ങള്‍ എല്ലാം മംഗളമായി നടന്നതിന്റെ ആശ്വാസത്തിലാണ് സുജിത്തും കുടുംബവും.
Post Your Comments