കേരള മന്ത്രി സഭയിലെ ഗതികിട്ടാത്ത ഒരു വകുപ്പായി മാറിയിരിക്കുകയാണ് ഗതാഗതം. മാറി മാറി വരുന്ന ഭരണത്തില്‍ കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രിമാർ ഭരണകാലാവധി പൂർത്തിയാക്കാതെ പോവുന്നത് നിത്യാ സംഭവമായി മാറുകയാണ്. .1967- 69 കാലഘട്ടത്തിൽ തുടങ്ങിയ സ്ഥാന ചലനം ഒരു ശാപം പോലെ പിണറായി മന്ത്രി സഭയിലും തുടര്‍ന്നു.
ഗതാഗത വകുപ്പ് മന്ത്രിയായ ഇമ്പിച്ചി ബാവയാണ് കാലാവധി പൂർത്തിയാക്കാൻ കഴിയാതെ പോയ ആദ്യ മന്ത്രി. സർക്കാർ നിലംപതിച്ചതാണ് ഇമ്പിച്ചി ബാവയുടെ കാലാവധി പൂർത്തിയാവാതിരിക്കാൻ കാരണം. ശേഷം ബാലകൃഷ്ണപിള്ളയുടെ കാലമായപ്പോൾ പഞ്ചാബ് മോഡൽ വേണം എന്ന വിവാദ പ്രസംഗം പിള്ളയുടെ കസേര തെറിപ്പിച്ചു. 1996-ൽ നായനാർ മന്ത്രിസഭയിലെ ഗതാഗത മന്ത്രി പി.ആർ.കുറുപ്പിന് ആരോഗ്യമില്ലെന്ന് ചൂണ്ടി കാട്ടി രാജിവെക്കേണ്ടി വന്നു. പകരം നീല ലോഹിത ദാസൻ നാടാർ ഗതാഗത മന്ത്രിയായി. ഓഫീസിനകത്ത് ഫയലുമായെത്തിയ വനിതാ സെക്രട്ടറിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് നീലന്റെ കസേരയും തെറിച്ചു. 2001 ൽ കെ.ബി ഗണേഷ് കുമാർ വകുപ്പ് കൈകാര്യം ചെയ്തെങ്കിലും അച്ഛൻ ബാലകൃഷ്ണപിള്ളക്ക് മന്ത്രിയാവണമെന്ന് പറഞ്ഞതോടെ രാജി വെച്ചു. ശേഷം ബാലകൃഷ്ണപിള്ള അധികാരമേറ്റെങ്കിലും, ഇടമലയാർ കേസിലെ പ്രതികൂല വിധിയെ തുടർന്ന് രാജിവെച്ചു.2006 ലെ വി എസ്സിന്റെ മന്ത്രിസഭയിൽ ഗതാഗതം കൈകാര്യം ചെയ്ത മാത്യൂ ടി.തോമസ് പാർട്ടിക്കകത്തെ ഉൾപ്പോര് കാരണമാണ് രാജിവെച്ചത്. പകരം ജോസ് തെറ്റയിൽ അധികാരമേറ്റു.
പിണറായി മന്ത്രി സഭയിലെ ആദ്യ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ലൈംഗിക ചുവയോടെ ഫോൺ സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നു. ശേഷം അധികാരമേറ്റ തോമസ് ചാണ്ടിയേയും ഗതാഗത കസേര എടുത്തെറിഞ്ഞു. ഇനി വരുന്നവർ അടിപതറാതെ ഈ കസേരയിൽ ഇരിക്കുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. എന്തായാലും വീണ്ടും ഈ കസേരയിലേക്ക് ഗതാഗതത്തെ നിയന്ത്രിക്കാന്‍ ഗണേഷ് കുമാര്‍ എത്തുമെന്ന് സൂചനകള്‍ ഉണ്ട്. എന്നാല്‍ ആരു മന്ത്രിയായി വന്നാലും ഗതാഗതരംഗത്തെ ഉയര്‍ത്താന്‍ സാധിക്കിലെന്നാണ് ഇപ്പോഴത്തെ ചില സൂചനകള്‍. തുടക്കത്തില്‍ തന്നെ ചില കല്ലുകടികള്‍ ഉയര്‍ന്ന യാത്രാ കാര്‍ഡ് നിര്‍ത്തലാക്കുന്നു. സ്ഥിരം യാത്രക്കാരെ ആകര്‍ഷിക്കാനായി കൊണ്ടുവന്നതാണ് യാത്രാ കാര്‍ഡ്. നിശ്ചിതതുകയ്ക്ക് മാസം ജില്ലയ്ക്കകത്തും പുറത്തും യാത്രാകാര്‍ഡുകള്‍ ഉപയോഗിച്ച് യാത്രചെയ്യാമെന്നതാണ് യാത്രക്കാര്‍ക്കിടയില്‍ കാര്‍ഡിന് സ്വീകാര്യത വര്‍ദ്ധിക്കാന്‍ കാരണം. യാത്രാപരിധിയില്ലാത്തതിനാല് ഒരു ദിവസം എത്ര പ്രാവശ്യം വേണമെങ്കിലും യാത്രചെയ്യാം. ദിവസം അഞ്ചില്‍ കൂടുതല്‍ പ്രാവശ്യം കാര്‍ഡ് ഉപയോഗിക്കുന്നവരാണ് അധികവും. 1000 രൂപയുടെ കാര്‍ഡുകള്‍ ഒരു യാത്രക്കാരന് 2000 രൂപയില്‍ കൂടുതല്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ബസില്‍ യാത്രക്കാര്‍ കൂടിയെങ്കിലും വരുമാനം കുറഞ്ഞു. ഇനി കിട്ടുന്ന ലാഭമാകട്ടെ കാര്‍ഡുകള്‍ അച്ചടിക്കുന്നതിലൂടെ നഷ്ടത്തില്‍ കലാശിക്കുന്നതാണ് പതിവ്. ഒരു കാര്‍ഡിന് 20 രൂപ 54 പൈസ വീതം ഓരോ മാസവും കെ.എസ്.ആര്. ടി. സി. ചെലവഴിക്കേണ്ടി വരുന്നു.
2017 ജനുവരി 25 മുതലാണ് ഡിപ്പോകള്‍ വഴി കാര്‍ഡുകള്‍ വിതരണം ചെയ്തു തുടങ്ങിയത്. രാജമാണിക്യം എം.ഡിയായിരുന്നപ്പോഴായിരുന്നു കാര്‍ഡ് പരിഷ്കാരം നടപ്പിലാക്കിയത്. ഓര്‍ഡിനറി നിരക്കുകള്‍ക്ക് സഞ്ചരിക്കാവുന്ന ബസുകളില്‍ 1000 രൂപയുടെ ബ്രോണ്‍സ് കാര്‍ഡ്, ഓര്‍ഡിനറി ബസുകള്‍ക്കു പുറമേ ജന്റം നോണ്‍ എ.സി. ബസുകളിലും യാത്ര ചെയ്യാന്‍ 1500ന്റെ സില്‍വര്‍ കാര്‍ഡ്, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളില്‍ 3000 രൂപയുടെ ഗോള്‍ഡ് കാര്‍ഡ്, ജന്റം എ.സി. ബസുകളില്‍ യാത്ര ചെയ്യാന്‍ 5000 രൂപയുടെ പ്രിമിയം കാര്‍ഡ് എന്ന നിരക്കിലാണ് കെ.എസ്.ആര്.ടി.സി. കാര്‍ഡുകള്‍ ഇറക്കിയത്. ഒരു കാര്‍ഡ് ഒരു മാസത്തേക്ക് എന്ന രീതിയില്‍ ഉപയോഗിക്കാവുന്നതാണ് പദ്ധതി.
കാര്‍ഡുകള്‍ പുറത്തിറക്കി ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ 5000ത്തിന്റെ പ്രീമിയം കാര്‍ഡ് ഒഴികെ മറ്റുളളവയെല്ലാം വിറ്റുപോയിരുന്നു. തുടര്‍ന്ന് കാര്‍ഡിന് ക്ഷാമമായി. ഒരു മാസം യാത്ര ചെയ്യാന്‍ കഴിയുന്ന കാര്‍ഡുകളുടെ കാലാവധി തീരുന്ന മുറക്ക് പകരം നല്കാന് പുതിയ കാര്‍ഡുകള്‍ സ്റ്റോക്ക് ഇല്ലാതായി. തിരക്കുള്ള സമയത്ത് ടിക്കറ്റ് എടുക്കാനും ചില്ലറക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും കാര്‍ഡ് സഹായിച്ചിരുന്നു.
എന്നാല്‍ ആവശ്യത്തിന് കാര്‍ഡ് കരുതാതെ വെറും ചടങ്ങ് നടത്തിയതാണ് പദ്ധതി പാളാന്‍ കാരണമെന്ന് യാത്രക്കാരുടെ അഭിപ്രായം. കെ എസ് ആര് ടി സി നടപ്പാക്കിയ ട്രാവല്‍ കാര്‍ഡ് യാത്രക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കിലും, ദീര്‍ഘവീക്ഷണമില്ലാത്തതാണ് പരാജയത്തിന് കാരണമെന്ന് പലരും അഭിപ്രായപ്പെട്ടു. യാത്രക്കാരെ ആകര്‍ഷിക്കാനായെങ്കിലും വരുമാനമുണ്ടാക്കാന്‍ കഴിയാതെ വന്നതോടെയാണ് കാര്‍ഡുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ പടിയെന്ന നിലയില്‍ 1000 രൂപയുടെ ബ്രോണ്‍സ് കാര്‍ഡാണ് അധികൃതര്‍ നിര്‍ത്തലാക്കുന്നത്.
Post Your Comments