ന്യൂഡല്‍ഹി : ജനുവരി ഏഴ് മുതല്‍ മൊബൈല്‍ സിമ്മുകള്‍ റദ്ദാകും. നിങ്ങളുടെ മൊബൈലിലേക്കും ഇതു പോലൊരു മെസേജ് വന്നിരിക്കും. ജനുവരി 7 മുതല്‍ വോയ്‌സ് കോള്‍ റദ്ദാക്കും. തുടര്‍ന്നും ഈ നമ്പറില്‍ സേവനം വേണമെന്നുളളവര്‍ മറ്റു നെറ്റ്വര്‍ക്കിലേക്ക് പോര്‍ട്ട് ചെയ്യണെന്നതാണ് മെസേജ്. ഇത്തരമൊരു വ്യാജ മെസേജ് കുറച്ചു ദിവസങ്ങളായി വിവിധ ടെലികോം കമ്പനികളുടെ മൊബൈലുകളിലേക്ക് വരുന്നുണ്ട്.
ഇതിനെതിരെ മിക്ക ടെലികോം കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. 2018 ലെ ഏറ്റവും വലിയ വ്യാജ സന്ദേശവും ഇതു തന്നെയാണ്. ടെലികോം വരിക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് മെസേജ്. അതേസമയം, ഇതേ സന്ദേശം വിവിധ സര്‍ക്കിളുകളിലെ എല്ലാ ടെലികോ കമ്പനികളുടെ വരിക്കാര്‍ക്കും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏതു നെറ്റ്വര്‍ക്കിലേക്കാണ് മാറേണ്ടതെന്ന് മെസേജില്‍ വ്യക്തമാക്കിയിട്ടില്ല.
ജിയോ, വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍ തുടങ്ങി സേവനദാതാക്കളുടെ വരിക്കാര്‍ മെസേജ് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഈ സന്ദേശവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നാണ് എല്ലാ കമ്പനികളും അറിയിച്ചത്. മൊബൈല്‍ സിം ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന ദിവസം ഫെബ്രുവരി 6 ആണ്. ഇതുമായി ബന്ധപ്പെടുത്തി വരിക്കാരെ തെറ്റിദ്ധരിപ്പിക്കാനാണ് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്.
Post Your Comments