ആരോഗ്യത്തിനൊപ്പം അടുക്കളയിലെയും അഭിവാജ്യ ഘടകമാണ് ഉപ്പ് . എന്നാല്‍, കേവലം കറികളിലിടാന് മാത്രമാണോ ഉപ്പ് ഉപയോഗിക്കുന്നത്? അല്ല എന്നുതന്നെയാണ് ഉത്തരം. ഉപ്പുകൊണ്ടുള്ള നിരവധി ഉപയോഗങ്ങളുണ്ട്. അടുക്കളയില്‍ തന്നെ ഉപ്പുകൊണ്ട് പരിഹരിക്കാവുന്ന കാര്യങ്ങളെ പരിചയപ്പെടാം.
പാത്രങ്ങളിലെ മെഴുക്ക് കളയാം
പാചകത്തിനുശേഷം പാത്രങ്ങളിലെ മെഴുക്കും എണ്ണയും വൃത്തിയാക്കുകയെന്നത് ഏറെ ശ്രമകരമായ ജോലിയാണ്. എന്നാല്‍, ഇത്തിരി ഉപ്പുതരിയുണ്ടെങ്കില് ഇത് എളുപ്പത്തില്‍ ചെയ്യാനാവും. മെഴുക്കോ എണ്ണയോ പടര്‍ന്ന പാത്രങ്ങളില്‍ അല്പം ഉപ്പ് കലക്കിയ വെള്ളം ഒഴിച്ച് പത്തു മിനിറ്റ് വെച്ചശേഷം കഴുകിക്കളയുക. മുഴുവന്‍ മെഴുക്കും കളയാനാവും.
മുട്ട തറയില്‍ വീണു പൊട്ടിയ പാട് അവശേഷിക്കുന്നുണ്ടോ? എളുപ്പത്തില്‍ വൃത്തിയാക്കാം
മുട്ട തറയില്‍ വീണു പൊട്ടിയാല്‍ പാട് അവിടെത്തന്നെ അവശേഷിക്കും. കഴുകിയാലും തുടച്ചാലും പോകാത്ത ഈ പാട് കളയാന്‍ ഉപ്പു കൊണ്ടു കഴിയും. മുട്ട വീണു പൊട്ടിയ സ്ഥലത്ത് ഇത്തിരി ഉപ്പുതരി വിതറുകയാണ് ആദ്യം വേണ്ടത്. 10,20 മിനിറ്റ് കഴിഞ്ഞാല്‍ ഉപ്പുതരി അടരുകളായി രൂപപ്പെടും. ഈ അടരുകള്‍ തൂത്തുകളഞ്ഞാല്‍ പാട് അവശേഷിക്കില്ല.
വസ്ത്രങ്ങളിലെ പൂപ്പല്‍ വൃത്തിയാക്കാം
കഴുകിയെടുത്താലും വസ്ത്രങ്ങളില്‍ മണം അവശേഷിക്കുന്നുണ്ടെങ്കിലും പൂപ്പല്‍ കയറിയിട്ടുണ്ടെങ്കിലും ഉപ്പുകൊണ്ടൊരു സൂത്രമുണ്ട്. ഉപ്പ് അല്പം നാരങ്ങനീരില്‍ ലയിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി പൂപ്പലുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. ശേഷം സൂര്യപ്രകാശത്തില്‍ ഉണക്കിയെടുത്താല്‍ പൂപ്പലും വസ്ത്രങ്ങളിലെ ദുര്‍ഗന്ധവും ഇല്ലാതാവും.
കട്ടിങ് ബോര്‍ഡിലെ കറ നീക്കാം
അടുക്കളയില്‍ പഴങ്ങളും പച്ചക്കറികളും അരിയാന്‍ ഉപയോഗിക്കുന്ന കട്ടിങ് ബോര്‍ഡിലെ കറ നീക്കാനും ഉപ്പ് മതിയാകും. ഉപ്പ് ചേര്‍ത്ത നാരങ്ങനീര് ചൂടുവെള്ളത്തോടൊപ്പം ലയിപ്പിച്ച് ബോര്‍ഡ് കഴുകിയാല്‍ കറയോ പാടോ അവശേഷിക്കില്ല.
Post Your Comments