Latest NewsNewsPrathikarana Vedhi

അഴിമതിക്കാർക്ക് കടുത്ത മുന്നറിയിപ്പ്: ലാലു യാദവ് ജയിലിലേക്ക് പോകുമ്പോൾ ലാലു പ്രസാദും ഒപ്പം കോണ്‍ഗ്രസും തിരിച്ചറിയേണ്ടത്-മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് പറയാന്‍ ശ്രമിക്കുന്നത്

ലാലു പ്രസാദ് യാദവിന്‌ മൂന്നര വർഷത്തെ ജയിൽ ശിക്ഷ. കാലിത്തീറ്റ കേസിൽ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി ഇന്നാണ് വിധി പ്രസ്താവിച്ചത്. ഏതാനും ദിവസം മുൻപേ കോടതി ഈ കേസിൽ ലാലുവിനെ കുറ്റക്കാരനായി കണ്ടിരുന്നു. അന്നുമുതൽ ആർജെഡി അധ്യക്ഷൻ ജയിലിലാണ്. ഇതിനിടെ കേസിൽ വിചാരണ കേട്ട ജഡ്ജിയെ ഭീഷണിപ്പെടുത്താനും മറ്റും ലാലു യാദവിന്റെ ഭക്തന്മാർ തയ്യാറായതോടെ വിധി പ്രസ്താവം വൈകുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ മുഖ്യ ഉപദേഷ്ടാവാണ് ഇപ്പോൾ അഴിമതിക്കേസിൽ ജയിലിലേക്ക് പോകുന്നത് എന്നതാണ് ഇന്നത്തെ ഇന്നത്തെ വിധിയുടെ രാഷ്ട്രീയ പ്രാധാന്യം. മാത്രമല്ല, അനവധി കോൺഗ്രസ് നേതാക്കൾ, സോണിയ ഗാന്ധിയും മകനും മരുമകനും അടക്കം വിവിധ കേസുകളിൽ ഉൾപ്പെടുമെന്ന് ഏതാണ്ടൊക്കെ ഉറപ്പായ, ചില കേസുകളിൽ ഇപ്പോൾ തന്നെ പെട്ടിട്ടുള്ള, സാഹചര്യത്തിൽ കോൺഗ്രസ് എങ്ങിനെ ഇതിനോട് പ്രതികരിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് തയ്യാറാക്കും വരെ കോൺഗ്രസുകാർ മിണ്ടിയിട്ടില്ല. എന്നാൽ ജഡ്ജിയെ ഭീഷണിപ്പെടുത്തിയിട്ടും രക്ഷ കിട്ടാതായ ആർജെഡി ഹൈക്കോടതിയിലേക്ക് നീങ്ങുമെന്ന് പ്രസ്താവിച്ചത് കണ്ടു. മറ്റൊരു കേസിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടുന്ന ലാലു യാദവ് ഇപ്പോൾ സുപ്രീം കോടതി അനുവദിച്ച ജാമ്യത്തിലാണ് എന്നതും ഓർമ്മിക്കുക. ഇവിടെ സ്മരിക്കേണ്ടുന്ന മറ്റൊരു കാര്യം, കോൺഗ്രസ് ഭരണകാലത്ത് കെട്ടിപ്പൊക്കിയ കേസാണിത് എന്നതാണ്.

You may also like: കാലിത്തീറ്റ കുംഭകോണ കേസ് ; ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിച്ചു

രാജ്യം കണ്ട വലിയ അഴിമതികളിൽ ഒന്നായിരുന്നു ബീഹാറിലെ കാലിത്തീറ്റ കേസ്. നാണം കെട്ട അഴിമതി എന്നും അതിനെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. കന്നുകാലികൾക്കായി നൽകേണ്ടുന്ന തീറ്റയുടെ പേരിൽ കള്ള റെക്കോർഡ് ഉണ്ടാക്കി ട്രഷറിയിൽ നിന്ന് പണം പിൻവലിക്കുന്ന ആസൂത്രിത സമ്പ്രദായമാണത്. പിടിക്കാൻ പ്രയാസമുള്ള തട്ടിപ്പ്. എന്നാൽ എല്ലാത്തിനും ഒരു കാലമുണ്ടല്ലോ; അങ്ങിനെ ലാലുവും കൂട്ടരും കുടുങ്ങി. അത് അന്വേഷിക്കാൻ സിബിഐ രംഗപ്രവേശം ചെയ്യുകയും കേസിന്റെ മേൽനോട്ടം കോടതി ഏറ്റെടുക്കുകയും ചെയ്തപ്പോൾ അക്ഷരാർത്ഥത്തിൽ ലാലു കുടുങ്ങുകയായിരുന്നു. ബീഹാറിലാണ് കേസുകൾ എല്ലാമെങ്കിലും ആ സംസ്ഥാനം വിഭജിക്കപ്പെട്ടപ്പോൾ കുറെ കേസുകൾ ജാർഖണ്ഡിലേക്ക് മാറി. അതിലൊന്നിലാണ് ഇപ്പോൾ ശിക്ഷിച്ചിരിക്കുന്നത്.

കേസിൽ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയപ്പോൾ മുടന്തൻ ന്യായങ്ങൾ പറഞ്ഞുകൊണ്ട് ശിക്ഷ കുറയ് ക്കാനായിരുന്നു ലാലുവിന്റെ ശ്രമം. തനിക്ക് പ്രായമായി എന്നും അതുകൊണ്ട് മിനിമം ശിക്ഷയെ നൽകാവൂ എന്നുമൊക്കെ വാദമുണ്ടായി. ഇവിടെ നാം കാണേണ്ട ഒരു കാര്യംകൂടിയുണ്ട് ; ഭീഷണി ഉയർന്നപ്പോൾ വീഡിയോ കോൺഫറൻസിങ് മുഖേനയാണ് ശിക്ഷ സംബന്ധിച്ച വാദം കോടതി കേട്ടത്. ഒരർഥത്തിൽ തുറന്ന കോടതിയിൽ പ്രത്യക്ഷപ്പെടാൻ ജഡ്‌ജി ഭയപ്പെട്ടിരുന്നുവോ എന്നുപോലും തോന്നിപ്പോയി. ഒരു ഘട്ടത്തിൽ കക്ഷികളുടെ വക്കീലന്മാർ മാത്രമേ കോടതിമുറിയിൽ ഉണ്ടാവാൻ പാടുള്ളൂ തുടങ്ങിയ നിബന്ധനകൾ കോടതി വെച്ചതും ഓർക്കുക. ജാർഖണ്ഡിലാണ് ഇതൊക്കെ എന്നതാണ് പ്രധാനം. ബിജെപി ഭരിക്കുന്ന സംസ്ഥാനമാണല്ലോ അത്. അതേസമയം ബീഹാറിലോ മറ്റോ ആയിരുന്നെങ്കിലോ………… ഒരു സംശയവുമില്ല, ആ ജഡ്ജിക്ക് ഭയം കൂടുമായിരുന്നു. അങ്ങിനെയൊക്കെ ന്യായാധിപന്മാരെക്കുറിച്ച് പറഞ്ഞുകൂടെങ്കിലും, ജീവനിൽ കൊതിയില്ലാത്തവർ ആരാണുണ്ടാവുക?. ടു-ജി കേസ് വിധി വന്നപ്പോഴും ഇത്തരത്തിലുള്ള സംസാരങ്ങൾ നാം നാട്ടിൽ കേട്ടതാണല്ലോ. ഭരണകൂടങ്ങൾ ശ്രദ്ധവെക്കേണ്ടുന്ന പ്രധാനപ്പെട്ട കാര്യമാണിത്.

You may also like: കാലിത്തീറ്റ ക്കേസില്‍ ലാലു പ്രസാദ്‌ യാദവിന് ജയില്‍: കേസിലെ രാഷ്ട്രീയ പ്രാധാന്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസ് വിലയിരുത്തുന്നു

അടുത്ത ലോകസഭാ തിരഞ്ഞെടുപ്പ് ആവുമ്പോഴേക്ക് രാഹുൽ ഗാന്ധിയുടെ മുന്നണിയുടെ കാവൽ ഭടനാവേണ്ട ആളാണ് ലാലുയാദവ് എന്നത് ആർക്കാണ് അറിയാത്തത്. സീതാറാം യെച്ചൂരിക്ക് ഒരു വലിയ താങ്ങാവേണ്ടതും ലാലുതന്നെ. രാഹുലിന് കാവൽ ഭടൻ മാത്രമല്ല മുഖ്യ ഉപദേഷ്ടാവുമാണ്‌ . അത്രയേറെയാണല്ലോ ലാലുവിന് സോണിയ പരിവാറിലും, തിരിച്ചും, സ്വാധീനവും ബഹുമാനവും. ഒരേ നുകത്തിൽ കെട്ടാവുന്നവർ എന്നൊക്കെ പ്രതിയോഗികൾ പറയുമെങ്കിലും ആരാണ് മുമ്പൻ എന്നതിൽ തർക്കമുണ്ടാവാം. യഥാർത്ഥത്തിൽ കോൺഗ്രസുകാർ ഈ ഉത്തരവിനോട് മാന്യമായി പ്രതികരിക്കേണ്ടതല്ലേ….. ആണ് എന്നാണ് സാധാരണക്കാരന് എന്ന നിലക്ക് എനിക്ക് തോന്നുന്നത്. തങ്ങളുടെ കൂട്ടാളിയെ ജയിലേക്ക് അയക്കുമ്പോൾ ഒരു അഭിവാദ്യമെങ്കിലും അർപ്പിക്കേണ്ടതായിരുന്നു എന്ന് കരുതുന്നയാളാണ് ഞാൻ. പക്ഷെ കോൺഗ്രസുകാർക്കിപ്പോൾ ജാള്യത ഉണ്ടാവണം. ഇത് പറയുന്നത്, ഈ കേസൊക്കെ ലാലുവിന് മേൽ “കെട്ടിച്ചമക്കുമ്പോൾ” കേന്ദ്രത്തിലും ബീഹാറിലും ഭരണം കയ്യാളിയിരുന്നത് കോൺഗ്രസുകാരാണ് എന്നതാണ്. യഥാർഥത്തിൽ ലാലുവിനെ ജയിലിലടക്കാനുള്ള ഒരുക്കങ്ങൾ നടത്തിയത് കോൺഗ്രസാണ്. അന്നവർ ചമച്ച പദ്ധതിയാണ് ഇപ്പോൾ കോടതിയിൽ നിറവേറ്റപ്പെട്ടത്.

നേരത്തെ സൂചിപ്പിച്ചുവല്ലോ, 1985 ലാണ് കാലിത്തീറ്റ കേസുകൾ വെളിച്ചം കാണുന്നത് എന്നത്. അക്കാലത്ത് കേന്ദ്രത്തിലുള്ളത് രാജീവ് ഗാന്ധി സർക്കാരാണ്……. അതായത് രാഹുൽ ഗാന്ധിയുടെ പിതാവിന്റെ ഭരണകാലത്താണ് ലാലുവിനെ കുടുക്കിയത് എന്ന്. സിബിഐ ആണല്ലോ കേസ് അന്വേഷിച്ചത്. കോൺഗ്രസ് ഭരണകാലത്ത്, പ്രത്യേകിച്ചും രാജീവ് ഗാന്ധി യുഗത്തിലൊക്കെ സിബിഐ എന്നാൽ ‘കോൺഗ്രസ് ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ’ എന്നതായിരുന്നു എന്നതാർക്കാണ് അറിയാത്തത്. ബൊഫോഴ്‌സ് ചരിത്രമൊക്കെ ഇവിടെ വിളമ്പേണ്ടതില്ലല്ലോ. ഒരു വിധത്തിലും പിടികൊടുക്കാതിരിക്കാൻ വിദഗ്‌ദ്ധ ശ്രമങ്ങൾ നടത്തിയ ലാലുവിന് പക്ഷെ രാജീവിന്റെ പിടിയിൽ പെടേണ്ടിവന്നു എന്നതല്ലേ സത്യം.

ഇനി ബീഹാറിലെ കാര്യം നോക്കാം. ബീഹാറിൽ കോൺഗ്രസിന്റെ ഏറ്റവും വലിയ ശത്രുവായിരുന്നു എന്നും ലാലു യാദവ്. അതുകൊണ്ടുകൂടിയാണ് ആ കേസുകൾ തിരഞ്ഞുപിടിച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്. അല്ലെങ്കിൽ കോൺഗ്രസുകാരുടെ കാലത്ത് എന്തൊക്കെ തട്ടിപ്പ് നടന്നിരിക്കുന്നു….. അതൊക്കെ അന്വേഷിച്ചോ? ഏതെങ്കിലും കേസ് സിബിഐയ്ക്ക് വിട്ടുവോ?. 1983 മുതൽ 1985 വരെ ബീഹാറിലെ മുഖ്യമന്ത്രി ചന്ദ്രശേഖർ സിങ് ആയിരുന്നു…. ശക്തനായ രാജ്‌പുത് നേതാവ്. യാദവന്മാർക്ക് ഇത്രമാത്രം വെല്ലുവിളി, ഭീഷണിയുയർത്താൻ അവർക്കല്ലേ കഴിയൂ. ബീഹാറിന്റെ എല്ലാ ചലനങ്ങളും അറിയുന്ന നേതാവായിരുന്നു ചന്ദ്രശേഖർ സിങ്… …… 1952 മുതൽ അദ്ദേഹം ബീഹാർ നിയമസഭയിലുണ്ടായിരുന്നു എന്നുപറഞ്ഞാൽ എല്ലാമായല്ലോ. 1983 ലാണ് ഇന്ദിര ഗാന്ധി അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കുന്നത്. തുടർന്ന് മുഖ്യമന്ത്രിയായത് ബിന്ദേശ്വരി ദുബൈ ആണ് ; 1985 മുതൽ 1988 വരെ. അതിനുശേഷം സാക്ഷാൽ ഭഗവദ് ഝാ ആസാദും. ആ ഒന്നര ദശാബ്ദത്തിൽ ബീഹാർ കണ്ടത് കോൺഗ്രസ് ഭരണമാണ് എന്ന് ചുരുക്കം. അപ്പോൾ ഇനി സംശയം വേണോ, ആരാണ് ലാലുവിനെ കുടുക്കിയത്, ആരാണ് അദ്ദേഹത്തെ ജയിലേക്ക് അയച്ചത് എന്നതിൽ.

അതേ ലാലുയാദവിനെ തലയിലേറ്റി ‘ഇന്ത്യയെ രക്ഷിക്കാൻ’ നടക്കുകയാണ് ഇന്നിപ്പോൾ രാജിവ് ഗാന്ധിയുടെ പുത്രൻ. ചരിത്രം പാവം പഠിച്ചിട്ടില്ല, അങ്ങിനെ ഒരു ശീലമില്ലല്ലോ. രാഷ്ട്രീയ വിവരമുള്ളവർ ഉപദേഷ്ടകരായും ഇല്ല. അപ്പോൾ പിന്നെ ലാലുവിനെ ജയിലിൽ അടച്ചത് നരേന്ദ്ര മോദിയാണ് എന്നൊക്കെ ഇന്നിപ്പോഴും പറഞ്ഞേക്കാം. കള്ളക്കേസാണ് ഇതൊക്കെ എന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞാൽ അതിശയിക്കാനില്ല. അതിനായാണ് കാത്തിരുന്നത്. സാധാരണ നിലക്ക്, രാഹുൽ ഗാന്ധിയുടെ സ്വഭാവമനുസരിച്ച് അങ്ങിനെയൊക്കെ പറയേണ്ടതാണ്. എന്തോ, മറന്നുപോയത് കൊണ്ടാവണം, മിണ്ടിയതായി കണ്ടില്ല. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും ട്വിറ്റർ ഹാൻഡിലുകൾ നോക്കി; ഇതുസംബന്ധിച്ച് ഒന്നും മിണ്ടുന്നില്ല. ബീഹാറിലെ കോൺഗ്രസുകാർ എന്തെങ്കിലും പറഞ്ഞോ എന്നതും പരിശോധിക്കാതെ വയ്യല്ലോ…. അപ്പോഴാണ് കണ്ടത് , 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയാണ് ആ ട്വിറ്റർ ഹാൻഡിലിൽ ഏറ്റവുമൊടുവിലായുള്ളത് . അത്രയൊക്കെയെ രാഹുലിനും ബീഹാറിനും ട്വിറ്ററിൽ പ്രാധാന്യമുണ്ടാവൂ.

ഏറ്റവുമൊടുവിലായി, ഒരു കാര്യം കൂടി പറയാതെ വയ്യ. ഇന്ത്യയിൽ നീതിന്യായ വ്യവസ്ഥ നന്നായി ( അല്ലെങ്കിൽ, കുറെയെങ്കിലും നന്നായി) നടക്കുന്നു എന്നതിന് തെളിവാണ് ഈ വിധി അല്ലെങ്കിൽ ഈ ജയിൽശിക്ഷ. പലപ്പോഴും പറയാറുണ്ട്, മുതിർന്നരാഷ്ട്രീയ നേതാക്കൾ വിചാരണ കോടതിയിൽ ശിക്ഷിക്കപ്പടുന്നത് കുറവാണ് എന്നൊക്കെ. അത്തരം സന്ദർഭങ്ങൾ കുറവാണ് എന്നത് സമ്മതിക്കുന്നു. അപ്പോഴും മേൽക്കോടതിയിൽ രക്ഷപ്പെടാത്തവരുണ്ട് എന്നതും മറക്കരുതല്ലോ. ഇവിടെ നാം കാണുന്നത്, വിചാരണ കോടതിയിൽ തന്നെ ശിക്ഷിക്കപ്പെടുന്നതാണ് …… അതും ന്യായാധിപൻ ഭീഷണിക്കും മറ്റും വിധേയമായിട്ടും. ആ ജില്ലാ ജഡ്ജിയെ, സിബിഐ സ്പെഷ്യൽ ജഡ്ജിയെ, ബഹുമാനത്തോടെ മാത്രമേ കാണാനാവൂ എന്നതും കുറിക്കാതെവയ്യല്ലൊ.

shortlink

Related Articles

Post Your Comments

Related Articles


Back to top button