Latest NewsKeralaNews

പ്രവാസികളെ പ്രധാന വികസന പങ്കാളികളാക്കും: ലോക കേരള സഭ കരട് രേഖ

തിരുവനന്തപുരം•പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന്റെ പ്രധാന പങ്കാളികളും ചാലക ശക്തികളുമാക്കാന്‍ ലോക കേരള സഭ കരട് രേഖ വിഭാവനം ചെയ്യുന്നു. കേരളത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് ഇവിടെ തൊഴില്‍ ചെയ്ത് വളരുന്നതിനുള്ള സാഹര്യം സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ ഇടപെടുന്നത് എന്നും അതിന് വിവിധ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കരട് രേഖ വ്യക്തമാക്കുന്നു. 11, 12 തിയതികളില്‍ ചേരുന്ന ലോക കേരള സഭയിലെ ചര്‍ച്ചയ്ക്ക് മുന്നോടിയായുള്ള രേഖ ഓരോ രംഗത്തും പ്രവാസ വൈദഗ്ധ്യം വിനിയോഗിക്കേണ്ട വഴികള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കേരളത്തിന്റെ വികസന പ്രശ്നങ്ങളേയും പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളേയും സംയോജിപ്പിക്കുക എന്നതാണ് ലോകകേരളസഭയുടെ പ്രഥമ സമ്മേളനത്തിന്റെ നടപടിക്രമങ്ങളില്‍ വിഭാവനചെയ്തിരിക്കുന്നത്.

മറുനാടുകളില്‍ ശരീരവും മനസ്സും അര്‍പ്പിച്ച് പ്രവാസ കേരളീയര്‍ നേടുന്ന വിലയേറിയ വിദേശപണം അവര്‍ക്കും നാടിനും ഗുണകരമായവിധത്തില്‍ നിക്ഷേപിക്കുകയും ഉന്നതമായ വികസന സാധ്യതകള്‍ കണ്ടെത്തുന്നതിനും പരിശ്രമിക്കണമെന്ന് കരട് രേഖ വിശദമാക്കുന്നു. പ്രവാസികളെ സംബന്ധിച്ച കൃത്യമായ സ്ഥിതി വിവരകണക്കുകള്‍ ഉണ്ടാക്കുകയും ശക്തമായ ഒരു പ്രവാസി നയം രൂപീകരിക്കുകയും ലോകകേരളസഭയുടെ മുന്‍ഗണനകളില്‍ ഒന്നാണ്.

കുടിയേറ്റത്തിലും, പ്രവാസത്തിലും അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് പ്രവാസത്തേയും അനുബന്ധ വിഷയങ്ങളേയും ശാസ്ത്രീയമായി സമീപിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. പ്രവാസത്തിന്റെ ഭാവിയില്‍ ഉയരുന്ന സാധ്യതകളും വെല്ലുവിളികളും പഠിക്കുകയും ഇടപെടുകയും ചെയ്യേണ്ടതുണ്ട്. ലോകവ്യാപാര സംഘടനയിലും അതിന്റെ ഭാഗമായ സേവനവ്യാപാര ഉടമ്പടിയിലും ഉന്നയിക്കപ്പെടേണ്ടുന്ന വിഷയങ്ങള്‍ അതതു വേദികളില്‍ അവതരിപ്പിക്കേണ്ടതുണ്ട്. അന്തര്‍ദേശീയ തൊഴില്‍ സംഘടനയുടെ സാധ്യതകള്‍ പ്രവാസി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയണം. ഐക്യരാഷ്ട്രസഭയുടെ തൊഴില്‍ സുരക്ഷാ ഉടമ്പടികളിലും, ആതിഥേയ ഉഭയകക്ഷി ചര്‍ച്ചകള്‍ ഒപ്പിടുന്നതിലും ഇന്ത്യയെ പ്രേരിപ്പിക്കേണ്ടതുണ്ട്.

നൈപുണ്യവും, വിദ്യാഭ്യാസവും അന്തര്‍ദേശീയ നിലവാരത്തില്‍ ഉയര്‍ത്തി കുടിയേറ്റത്തിന് ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നത് സഭ പരിഗണിക്കും. പ്രവാസത്തിന് മുമ്പും പ്രവാസ കാലത്തും പ്രവാസത്തിന് ശേഷവുമുള്ള പ്രശ്നങ്ങളെ ഒന്നൊന്നായി വേര്‍തിരിച്ച് അവയ്ക്ക് ആവശ്യമായ ഇടപെടലുകള്‍ നടത്തുക എന്നതും ആവശ്യമാണ്. കുറ്റമറ്റ റിക്രൂട്ട്മെന്റ്, ഇന്‍ഷുറന്‍സ്, തൊഴില്‍ സേവന-വേതന വ്യവസ്ഥകള്‍, പ്രവാസ കാലത്തെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ പ്രവാസശേക്ഷമുള്ള പുനരധിവാസവും ക്ഷേമവും എന്നിവയൊക്കെ വിവിധ സര്‍ക്കാരുകളും അനുബന്ധ ഏജന്‍സികളുമായി സഹകരിച്ച് ഇടപെടുന്നതിനും നടപടികള്‍ രൂപപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കും.

കേരള സംസ്‌കാരത്തിന്റെ ഭാഗമായ ഭക്ഷണം, വസ്ത്രം, ആഭരണങ്ങള്‍, വീടുകള്‍, വീട്ടുപകരണങ്ങള്‍, കുടുംബ ബന്ധങ്ങള്‍, ആയുര്‍വേദ-നാട്ടുചികിത്സകള്‍, കല-സാഹിത്യം-സിനിമ, നാട്ടറിവുകള്‍ എന്നിവയ്ക്കൊക്കെ പുതിയ ചക്രവാളങ്ങള്‍ തേടുന്നതിനായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. പ്രവാസികളെ കേരളത്തിന്റെ പ്രധാന ചാലക ശക്തികളാക്കി മാറ്റുക എന്നതും കേരളത്തെ പ്രവാസികളുടെ ആന്തരിക ഊര്‍ജ്ജത്തിന്റെ പ്രചോദകമാക്കി നിലനിര്‍ത്തുക എന്നതും സഭയുടെ പ്രധാന കാഴ്ചപ്പാടുകളില്‍ ഒന്നാണ്.

കേരളത്തിന്റെ തനത് കലാസാംസ്‌കാരിക സംരക്ഷണവും, അവയുടെ ഡിജിറ്റല്‍ വിപണനവും, ആയൂര്‍വേദ-ആരോഗ്യ മേഖലകളെ ടൂറിസവുമായി ബന്ധിപ്പിക്കുന്ന പദ്ധതികളും, കേരളത്തിന്റെ ഭക്ഷ്യവൈവിധ്യത്തിന്റെ ദേശാന്തരവിപണി സാദ്ധ്യതളും, വാസ്തുവിദ്യാ പാരമ്പര്യങ്ങളും അന്തര്‍ദേശീയ തലത്തില്‍ വിപണനം ചെയ്യുന്നതിനെക്കുറിച്ചും വിശദമായി പരിശോധിക്കും.

പ്രവാസിമേഖലയില്‍ കേരളസര്‍ക്കാര്‍ ഇതിനകം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനേക്കാള്‍ ഭാവിയില്‍ എന്തൊക്കെ ചെയ്യാനാവും എന്നതിനാണ് രേഖയില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ജനങ്ങളുടെ അഭിപ്രായങ്ങളും സഭാംഗങ്ങളുടെ നിര്‍ദ്ദേശങ്ങളും സ്വാംശീകരിച്ച് രേഖയുടെ സമ്പുഷ്ട രൂപം പിന്നീട് പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button