ദുബായ്: ഇടതുമുന്നണി സര്‍ക്കാര്‍ നേരത്തേ ഉപേക്ഷിച്ച എയര്‍കേരള എന്ന സ്വന്തം വിമാനക്കമ്പനി യാഥാര്‍ഥ്യമാക്കുന്ന കാര്യം വീണ്ടും ആലോചിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ഇക്കാര്യത്തില്‍ ഗൗരവമായ പരിശോധന നടത്തും. ലോക കേരളസഭയുടെ മേഖലാസമ്മേളനത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ക്കുള്ള മറുപടിപ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ദുബായില്‍ വിജയകരമായി നടക്കുന്ന സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ സംവിധാനം കേരളത്തില്‍ നടപ്പാക്കാന്‍ ആലോചനയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുബായിലെ സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചശേഷം വൈകീട്ട് ലോകകേരളസഭയുടെ സമാപനച്ചടങ്ങില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുവരെ അഞ്ചുഭാഷകളില്‍ മാത്രമായിരുന്നു ദുബായ് സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം. തന്റെ ആവശ്യം പരിഗണിച്ച് മലയാളംകൂടി ഉള്‍പ്പെടുത്താന്‍ ദുബായ് പോലീസ് മേധാവി സന്നദ്ധത അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനാവശ്യമായ സാങ്കേതികസംവിധാനങ്ങള്‍ ഒരുക്കാന്‍ കേരളത്തിന്റെ ഐ.ടി. സെക്രട്ടറിക്കും കേരളത്തില്‍ സംവിധാനം ഒരുക്കാന്‍ ഡി.ജി.പി.ക്കും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.
ദുബായില്‍ മലയാളികള്‍ക്ക് സംഘടനാസ്വാതന്ത്ര്യം ഇല്ലാത്ത സാഹചര്യത്തില്‍ കേരളത്തിന്റേതായ സാംസ്‌കാരികസംഘടന രൂപവത്കരിക്കാന്‍ ദുബായ് കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ (സി.ഡി.എ.) സഹായം തേടിയതായും മുഖ്യമന്ത്രി പറഞ്ഞു
Post Your Comments