Latest NewsEditorial

എന്താണ് ലോക കേരള സഭ; പ്രഥമ സമ്മേളനം നടക്കും മുന്പ് ഒരു വിലയിരുത്തല്‍

കേരളീയരുടെ പൊതുവേദിയായി ലോക കേരള സഭ രൂപീകരിക്കുന്നതിനും പ്രഥമ സമ്മേളനം 2018 ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് നടത്താന്‍ സര്‍ക്കാര്‍ ഉത്തരവായി. ഈ അവസരത്തില്‍ എന്താണ് ലോക കേരള സഭ. സംസ്ഥാനത്തിന്റെ ഔദ്യോഗിക അതിർത്തികൾ കടന്ന്‌ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ലോകത്താകെയും കേരളം വളരുന്നു എന്ന തിരിച്ചറിവാണ്‌ ലോക കേരള സഭയുടെ രൂപീകരണത്തിനു പിന്നില്‍. എന്നാല്‍ ഇത് ശരിയാണോ?. ഏതൊരു പദ്ധതിയെയും തുടക്കത്തില്‍ തന്നെ വിമര്‍ശിച്ച് നശിപ്പിക്കുന്നത് അല്ല. വെറും ഒരു സംശയവും അല്ല. നമ്മള്‍ ലോക കേരളമായി മാറുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ ഉള്ള കേരളീയരെ മുഴുവനുമായി ബന്ധിപ്പിക്കുന്ന ഒരു സംവിധാനം നമുക്കുണ്ടോ?

ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാധിനിത്യം, നിര്‍ദേശിക്കപ്പെടുന്നവര്‍ പൊതു സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ എന്നിവ പരിഗണിച്ചാവും സഭാംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുക.  പ്രതിനിധികളെ നാമനിര്‍ദേശം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങളില്‍ നിന്ന് മേഖല മാനദ്ണ്ഡങ്ങള്‍ അനുസരിച്ച് അംഗങ്ങളുടെ പാനല്‍ തയാറാക്കുന്നത് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി, നോര്‍ക്ക റൂട്ടസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ജനറല്‍ മാനേജര്‍ എന്നിവര്‍ ആയിരിക്കും.

ഇന്ത്യന്‍ പൗരന്മാരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദശം ചെയ്യും.  ഇതില്‍ 42 പേര്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 100 പേര്‍ പുറം രാജ്യങ്ങളില്‍ നിന്നും ആയിരിക്കും.  പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയ ആറുപേരും വിവിധ മേഖലകളില്‍ നിന്നുള്ള 30 പ്രമുഖ വ്യക്തികളും സഭവിലുണ്ടാവും.  വെസ്റ്റ് ഏഷ്യ – 40, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ – 20, അമേരിക്കന്‍ വന്‍കരകള്‍ – 10, യൂറോപ്പ് – 15, ഇതര രാജ്യങ്ങള്‍ – 15 എന്നിങ്ങനെയാണ് ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള പ്രാതിനിധ്യം. ലോക കേരള സഭയോടനുബന്ധിച്ച് വിവിധ ശില്‍പ്പശാലകള്‍, സാംസ്‌കാരിക പരിപാടികള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും.  ധനകാര്യം, സാംസ്‌കാരികം, വ്യവസായം, വിനോദ സഞ്ചാരം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളും ചേര്‍ന്നായിരിക്കും ഇവ സംഘടിപ്പിക്കുക.

ലോക കേരള സഭ കാലപരിധി ഇല്ലാതെ തുടരും.  രണ്ട് വര്‍ഷം കൂടുമ്പോള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്നിലൊന്നു പേര്‍ സഭയില്‍ നിന്ന് വിരമിക്കും.  തല്‍സ്ഥാനത്തേക്ക് പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യും.  പൊതു തിരഞ്ഞെടുപ്പുകള്‍ക്കനുസരിച്ച് സംസ്ഥാന നിയമസഭയിലെ അംഗങ്ങളും രാജ്യസഭ, ലോക്‌സഭ അംഗങ്ങളും മാറും.  രണ്ടു വര്‍ഷത്തിലൊരിക്കല്‍ സഭ യോഗം ചേരും.  ആവശ്യമെങ്കില്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതനുസരിച്ച് കൂടുതല്‍ തവണ യോഗം ചേരും.

സഭയുടെ നേതാവ് സംസ്ഥാന മുഖ്യമന്ത്രിയും ഉപനേതാവ് പ്രതിപക്ഷ നേതാവും ആയിരിക്കും.  ചീഫ് സെക്രട്ടറിയാണ് സഭയുടെ സെക്രട്ടറി ജനറല്‍.  നിയമസഭ സ്പീക്കറുടെ അദ്ധ്യക്ഷതയില്‍ ഏഴ് അംഗ പ്രസീഡിയം സഭാനടപടികള്‍ നിയന്ത്രിക്കും.  സഭാ നേതാവ് നില്‍ദേശിക്കുന്ന പാര്‍ലമെന്റ് അംഗം, നിയമസഭാംഗം, ഇതര സംസ്ഥാനങ്ങള്‍, ഗള്‍ഫ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്ന് ഓരോ അംഗം വീതവും ഉള്‍പ്പെടുന്നതായിരിക്കും പ്രസീഡിയം.  സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് അദ്ധ്യക്ഷനാകും.

ലോക കേരള സഭയുടെ അംഗബലം 351 ആയിരിക്കും.  കേരള നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 173 പേര്‍ ഒഴികെയുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണ്.  ഇതാണ് ലോക കേരള സഭയുടെ പ്രാഥമിക രൂപം.

ലോകത്തിന്റെ നാനാഭാഗത്തും അതായത്‌, കേരളത്തിനകത്തും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇന്ത്യക്കുപുറത്തും വസിക്കുന്ന കേരളീയരുടെ പൊതുവേദി എന്ന നിലയിലാണ്‌ ലോകകേരളസഭയെ വിഭാവനംചെയ്യുന്നത്‌. ഈ സ്വപ്ന പദ്ധതി പിഴവുകള്‍ ഇല്ലാതെ യാഥാര്‍ത്ഥ്യമാകട്ടെയെന്നു നമുക്ക് ആശംസിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button