മുംബൈ: ഐപിഎല്ലിൽ കളിക്കാനൊരുങ്ങുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് ടീമുകള്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നായകന്‍ ഗൗതം ഗംഭീറിനെ നിലനിര്‍ത്താത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തീരുമാനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
മൂന്ന് വര്‍ഷത്തിനിടെ രണ്ട് വട്ടം കെ.കെ.ആറിന് ഐപിഎല്‍ കിരീടം നേടി കൊടുത്ത ഗംഭീറിന് പകരം വിന്‍ഡീസ് താരങ്ങളായ സുനില്‍ നരെയ്‌നേയും ആന്ദ്രേ റസലിനേയുമാണ് ടീം നിലനിര്‍ത്തിയത്. ഇതിന് പിന്നിലെ കാരണം അന്വേഷിക്കുകയാണ് ആരാധകർ.
താരത്തിന്റെ പ്രായവും നിലനിര്‍ത്താനുള്ള പണ ചെലവുമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഗംഭീറിന്റെ പ്രായം 36 കഴിഞ്ഞിരിക്കുകയാണ്. ഇനി പഴയ ഫോമില്‍ അദ്ദേഹത്തിന് അധികനാള്‍ തുടരാന്‍ സാധിക്കുമോ എന്ന ആശങ്കയാണ് തീരുമാനത്തിന് പിന്നില്‍. ഗംഭീറിനേയും റസലിനേയും നരേയ്‌നേയും നിലനിര്‍ത്തുകയാണെങ്കില്‍ മൂന്ന് പേര്‍ക്കുമായി ചിലവാവുക ഏതാണ്ട് 33 കോടിയായിരിക്കും. ആകെ ചിലവാക്കാവുന്ന 80 കോടിയില്‍ പിന്നെ ബാക്കിയുണ്ടാവുക 47 കോടിയായിരിക്കും. ഈ തുകയ്ക്ക് നല്ല താരങ്ങളെ കിട്ടുന്ന കാര്യം സംശയമാണ്. എന്നാല്‍ ഗംഭീറിനെ ഒഴിവാക്കി റസലിനേയും നരേയ്‌നേയും മാത്രം എടുത്തതോടെ ടീമിനായത് യഥാക്രമം 12.5 കോടിയും 8.5 കോടിയുമാണ്.
Post Your Comments