KeralaLatest NewsNewsSports

കായികലോകം മറന്ന ഗുസ്തി താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആരെയും ഞെട്ടിക്കുന്നത്

കഴക്കൂട്ടം : കായികലോകം മറന്ന ഗുസ്തി താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആരെയും ഞെട്ടിക്കുന്നത്. ഒരുകാലത്ത് രാജ്യത്തെ ഗുസ്തി ആരാധകരുടെ വീരപുരുഷനായിരുന്ന ഫയല്‍വാനെ ഇന്ന് കായിക ലോകം മറന്നു. കോട്ടയം മുണ്ടക്കയം സ്വദേശിയായ ഈ എണ്‍പത്തി ഒന്‍പതുകാരന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വീടുവിട്ടിറങ്ങിയത്. ഗാലറികളിലെ ആര്‍പ്പുവിളികളും കുടുംബത്തിന്റെ സംരക്ഷണവുമില്ലാതെ ടെക്നോപാര്‍ക്കിനടുത്ത ക്ഷേത്രത്തില്‍ സന്ന്യാസജീവിതം നയിക്കുകയാണ് കേരള ഗുസ്തി ചാമ്പ്യനായിരുന്ന കാര്‍ത്തികേയന്‍.

ടെക്നോപാര്‍ക്കിനു സമീപം സ്ഥലംവാങ്ങി ഹനുമാന്‍ക്ഷേത്രം പണികഴിപ്പിച്ച്‌ പൂജയും ക്ഷേത്രകാര്യങ്ങളും നോക്കി ഇവിടെത്തന്നെയാണ് താമസം. ക്ഷേത്രകാര്യങ്ങളെല്ലാം സ്വാമി തനിച്ചാണ് നോക്കിനടത്തുന്നത്. കാര്‍ത്തികേയന്‍ ഇപ്പോള്‍ ഹനുമല്‍ സ്വരൂപ തീര്‍ഥനാദസ്വാമി മഹാരാജയാണ്. കായികതാരങ്ങള്‍ ഹനുമാന്‍ സ്വാമിയെ പൂജിക്കുന്നതു നല്ലതാണെന്ന ചില സുഹൃത്തുക്കളുടെ ഉപദേശമാണ് ഇദ്ദേഹത്തെ സന്ന്യാസ ജീവിതത്തിലേക്കു നയിച്ചത്. 1960 ഏപ്രിലില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല ഗുസ്തിമത്സരം കായികലോകം മറന്നിട്ടില്ല.

രാജ്യത്തെ അറിയപ്പെടുന്ന പോരാളികളുടെ പോരാട്ടമായിരുന്നു അത്. നിമിഷനേരം കൊണ്ട് എതിരാളിയെ മലര്‍ത്തിയടിച്ച്‌ കാര്‍ത്തികേയന്‍ ചാമ്പ്യനായി. കളികാണാന്‍ ഗാലറിയില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രി പട്ടംതാണുപിള്ള അടക്കമുള്ള പ്രമുഖര്‍ കാര്‍ത്തികേയനെ അഭിനന്ദിക്കാന്‍ കളിക്കളത്തിലേക്കിറങ്ങി. ഇതാണ് കാര്‍ത്തികേയന്റെ കായികജീവിതത്തിലെ മറക്കാനാകാത്ത അനുഭവം. ക്ഷേത്രത്തിലെത്തുന്ന ടെക്കികള്‍ക്ക് ഇദ്ദേഹം ആത്മീയ ഉപദേശവും നിര്‍ദേശങ്ങളും നല്‍കാറുണ്ട്.

മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള ജീവനക്കാരാണ് ക്ഷേത്രത്തിലെ പതിവു സന്ദര്‍ശകര്‍. പ്രായാധിക്യത്താല്‍ കൂനിപ്പോയ ശരീരവുമായി അടുത്തുവന്നു കുശലംപറയുന്ന പഴയ ഫയല്‍വാന്‍, ടെക്കികള്‍ക്കിടയിലും പ്രശസ്തനാണ്. 1962 ല്‍ പാട്യാലയില്‍ നിന്ന് ജിംനാസ്റ്റിക്കിലും ഗുസ്തിയിലും ഡിപ്ലോമയും നേടി. മത്സരത്തില്‍ പങ്കെടുക്കാനായി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പോയിലെ ജോലിയും ഇദ്ദേഹം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഗുസ്തി, ജിംനാസ്റ്റിക്സ്, ഭാരോദ്വഹനം, ശരീരസൗന്ദര്യമത്സരം എന്നീ ഇനങ്ങളില്‍ ശ്രദ്ധേയനായിരുന്നു കാര്‍ത്തികേയന്‍. അഞ്ചാമതു സ്പോര്‍ട്സ് ഫെസ്റ്റില്‍ ഓരോ ഇനങ്ങള്‍ക്കും അദ്ദേഹം സമ്മാനങ്ങള്‍ വാരിക്കൂട്ടി. പിന്നീട് ഗുസ്തിയില്‍ കേരളത്തിലെ ആദ്യ ക്വാളിഫൈഡ് കോച്ചായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button