
തിരുവനന്തപുരം•മത്‌സ്യബന്ധന ബോട്ടുകളില്‍ ഘടിപ്പിക്കുന്ന നാവിക് റിസീവര്‍ ഉപയോഗിച്ച് മത്‌സ്യത്തൊഴിലാളികള്‍ക്ക് കരയിലേക്ക് സന്ദേശം നല്‍കാനാവുന്ന സംവിധാനം പരിഗണനയില്‍. നിലവില്‍ മത്‌സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥ സംബന്ധിച്ചും കടലിലെ മാറ്റങ്ങളെക്കുറിച്ചും മത്‌സ്യസമ്പത്തിനെക്കുറിച്ചുമൊക്കെയുള്ള വിവരമാണ് നാവിക് മുഖേന ലഭിക്കുന്നത്. എന്നാല്‍ തിരിച്ച് സന്ദേശം നല്‍കാനാവില്ല. കടലില്‍ നിന്ന് കരയിലേക്ക് സന്ദേശം അയയ്ക്കാനുള്ള സംവിധാനം കൂടി നാവിക്കില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ഐ. എസ്. ആര്‍. ഒയോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും വി.എസ്.എസ്.സി. മുന്‍ഡയറക്ടറുമായ എം.സി.ദത്തന്‍ പറഞ്ഞു.
ഇരുവശത്തുനിന്നുമുള്ള ആശയവിനിമയം സാധ്യമാകുന്ന സീ മൊബൈല്‍ സംവിധാനത്തിന് നിലവില്‍ ഒരു യൂണിറ്റിന് 35,000 രൂപ വരെ ചെലവുവരും. സമാനമായ സംവിധാനം 15,000 രൂപയില്‍ താഴെ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് ഐ.എസ്.ആര്‍.ഒ നടത്തുന്നത്. എന്നാല്‍ ഇതിന് കൂടുതല്‍ സമയം ആവശ്യമായ സാഹചര്യത്തില്‍ നാവിക് റിസീവറില്‍ ചെറിയ പരിഷ്‌കാരം വരുത്തി സന്ദേശം കരയിലേക്ക് നല്‍കാനുള്ള സംവിധാനമാണ് അടിയന്തരമായി പരിഗണിക്കുന്നത്. ഇതിനായി നാവികില്‍ കൃത്യമായ സന്ദേശം ഉള്‍ക്കൊള്ളുന്ന പ്രത്യേക ബട്ടണുകള്‍ സജ്ജീകരിക്കാനാണ് ആലോചന. ഐ.എസ്.ആര്‍.ഒ സയന്റിഫിക് സെക്രട്ടറി ദിവാകറിന്റെ നേതൃത്വത്തിലാണ് നാവികുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഇന്ത്യയുടെ ഐ. ആര്‍. എന്‍. എസ്. എസിനു കീഴിലുള്ള ഏഴു ഉപഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നാവിക് സംവിധാനം. ഉപഗ്രഹങ്ങളില്‍ നിന്നുള്ള സന്ദേശം ബാംഗ്‌ളൂരിലെ ഐ. എസ്. ആര്‍. ഒയുടെ ഇസ്ട്രാക് കേന്ദ്രം വിശകലനം ചെയ്ത് ഇന്‍കോയിസ് വഴി നാവിക് റിസീവറിലെത്തിക്കുന്നതാണ് നിലവിലെ സംവിധാനം. ബോട്ടുകളില്‍ ഒരു രൂപ നാണയ വലിപ്പത്തിലുള്ള ആന്റിന സ്ഥാപിച്ച് ഇത് സോപ്പു പെട്ടി വലിപ്പത്തിലുള്ള സെറ്റിലേക്ക് കണക്ട് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. സെറ്റ് പവര്‍ബാങ്ക് ഉപയോഗിച്ചാണ് ചാര്‍ജ് ചെയ്യുന്നത്. ബ്‌ളൂടൂത്ത് വഴി ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണിലേക്ക് സന്ദേശം സമയാസമയങ്ങളില്‍ എത്തും. മത്‌സ്യെത്താഴിലാളികളുടെ മൊബൈല്‍ ഫോണില്‍ ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യും. നിലവില്‍ ഇംഗ്‌ളീഷിലാണ് സന്ദേശം ലഭിക്കുന്നതെങ്കിലും അത് ഉടന്‍ മലയാളത്തില്‍ ലഭിക്കാന്‍ വേണ്ട സംവിധാനമൊരുക്കും. ഇതുകൂടാതെ മലയാളത്തില്‍ വോയിസ് സന്ദേശവും ലഭിക്കും.
Post Your Comments