ധാക്ക: ആരാധകനെ തല്ലിയ ബംഗ്ലാദേശ് മധ്യനിര താരമായ സാബിര്‍ റഹ്മാന് സസ്പെന്ഷന്. ആറു മാസത്തേക്കാണ് വിലക്ക്. 2 മില്ല്യണ്‍ ടാക്കയും പിഴ വിധിച്ചിട്ടുണ്ട്. രാജ്ഷാഹിയില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സാബിര്‍ ആരാധകനെ തല്ലിയത്.
ഡിസംബര്‍ 21 ന് രാജ്ഷാഹി ഡിവിഷണല്‍ നാഷണല്‍ ക്രിക്കറ്റ് ലീഗിനിടെ സൈറ്റ് സ്ക്രീന്‍ സമീപമെത്തി സാബിര്‍ ആരാധകനെ തല്ലുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്തിയപ്പോള്‍ മാച്ച് റഫറിയോട് മോശമായി പെരുമാറിയെന്നും സാബിറിനെതിരെ ആരോപണമുണ്ട്. താരത്തിനെതിരെ നടപടിയെടുത്ത വിവരം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നാസിമുല്‍ ഹസന് സ്ഥിരീകരിച്ചു.
സംഭവത്തെ കുറിച്ച് സാബിറില്‍ നിന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ വിശദീകരണം തേടിയിരുന്നു. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് താരത്തിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.2016ലും സാബിറിനെതിരെ ബംഗ്ലാദേശ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ബംഗ്ലാദേശിനായി 10 ടെസ്റ്റുകളും 46 ഏകദിനങ്ങളും 33 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് സാബിര്‍.
Post Your Comments