ന്യൂഡല്‍ഹി: പുരുഷന്റെ തുണയില്ലാതെ മുസ്‌ലിം സ്ത്രീകള്‍ക്ക് ഹജ്ജ് നടത്താനുള്ള സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഖ്യാതി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം പേരിലാക്കിയെന്ന് കോണ്‍ഗ്രസ്. അഖിലേന്ത്യാ മജ്‌ലിസ്-ഇ-ഇത്തേഹദുല്‍ മുസ്ലിമീന്‍ തലവന്‍ അസാദുദ്ദീന്‍ ഒവൈസിയും പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തി.
അര്‍ഹിക്കാത്ത ഖ്യാതി നേടാനാണ് മോദിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് കുറ്റപ്പെടുത്തി. ‘സൗദി സര്‍ക്കാരാണ് നിയമത്തില്‍ ഇളവ് ചെയ്തത്. മോദിയുഗത്തിനു മുന്‍പുമുതല്‍ത്തന്നെ ഇന്ത്യക്കാരിയായ ഒരു സ്ത്രീക്ക് രാജ്യത്തിനകത്തും പുറത്തും സഞ്ചാരസ്വാതന്ത്ര്യം ഉണ്ട്. ഹജ്ജിന്റെ നിയമം അനുസരിച്ചില്ലെങ്കില്‍ സൗദി വിസ അനുവദിക്കില്ല. സ്വന്തം അനുയായികളെത്തന്നെയാണോ വിഡ്ഢികളാക്കുന്നത് ഷക്കീല്‍ ചോദിച്ചു.
എല്ലാ കാര്യങ്ങള്‍ക്കും ക്രെഡിറ്റ് ഏറ്റെടുക്കുക എന്നുള്ളത് പ്രധാനമന്ത്രിയുടെ പതിവാണെന്ന് ഹൈദരാബാദ് എം.പി. കൂടിയായ അസാദുദ്ദീന്‍ ഒവൈസി കുറ്റപ്പെടുത്തി. ‘ നാളെ സൗദിയിലെ സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുവദിച്ചാല്‍, അതിന്റെ ക്രെഡിറ്റും അദ്ദേഹം ഏറ്റെടുക്കും. തീര്‍ഥാടകസംഘത്തിനൊപ്പമാണെങ്കില്‍ പുരുഷന്റെ തുണയില്ലാത്ത 45 വയസ്സുകഴിഞ്ഞ സ്ത്രീകളെ ഹജ്ജ് അനുഷ്ഠിക്കാന്‍ വര്‍ഷങ്ങളായി സൗദി അനുവദിക്കുന്നുണ്ട്. ഇന്‍ഡൊനീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ ഇങ്ങനെ ഹജ്ജിന് പോകുന്നുണ്ട്. മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ മോദി ഇത്രയധികം ആശങ്കാകുലനായിരുന്നെങ്കില്‍, 2002-ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ എം.പി. എഹ്‌സാന്‍ ജഫ്രിയുടെ വിധവ സാക്കിയ ജഫ്രിക്ക് നീതി നല്‍കണം’- അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments