ന്യൂയോര്‍ക്ക് : ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി നയാഗ്ര വെള്ളച്ചാട്ടം നിശ്ചലമായി. നദികളെല്ലാം തണുത്തുറഞ്ഞ് റോഡായി. തണുത്തുറഞ്ഞ പ്രഭാതത്തിലേക്കാണ് പുതുവര്‍ഷത്തില്‍ അമേരിക്ക കണ്ണുതുറക്കാന്‍ പോകുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യകാലമാണ് അമേരിക്കയിലിപ്പോള്‍. കടക്കുകിഴക്കന് അമേരിക്കയിലെ മൗണ്ട് വാഷിങ്ടണില്‍ മൈനസ് 37 ഡിഗ്രിയാണ് തണുപ്പ്. 1933-ല്‍ രേഖപ്പെടുത്തിയ മൈനസ് 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും കടുത്ത ശൈത്യം. ഇപ്പോള്‍, ആ റെക്കോഡും പഴങ്കഥയായി.
ജീവജാലങ്ങളെ അതിശൈത്യം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അറ്റ്ലാന്റിക്കില്‍ അതിശൈത്യത്തില്‍ തണുത്തുമരവിച്ച് മൂന്ന് വലിയ സ്രാവുകള്‍ കേപ്പ് കോഡ് ബേയില്‍ കരയ്ക്കടിഞ്ഞു. മത്സ്യങ്ങള്‍ക്കുപോലും പിടിച്ചുനില്‍ക്കാനാവാത്ത രീതിയിലുള്ള തണുപ്പാണ് ഇപ്പോഴുള്ളതെന്ന് അറ്റ്ലാന്റിക് വൈറ്റ് ഷാര്‍ക്ക് കണ്‍സെര്‍വന്‍സി പറഞ്ഞു. ഒഹായോയില്‍ വീടിന് മുന്നിലെ പോര്‍ച്ചില്‍ ഒരു നായയുടെ ജഡം തണുത്തുമരവിച്ച നിലയില്‍ കണ്ടെത്തി.
അതിശൈത്യം അമേരിക്കയിലെമ്പാടും അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. വടക്കന്‍ സംസ്ഥാനങ്ങളെയാണ് ഇത് കൂടുതല്‍ ബാധിച്ചത്. മിഷിഗണില്‍ ഇന്നലെ രാവില മുപ്പതിലേറെ വാഹനാപകടങ്ങളാണുണ്ടായത്. വടക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രായം ചെന്ന ഒട്ടേറെയാളുകള്‍ തണുപ്പിനെ പ്രതിരോധിക്കാനാവാതെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ന്യുയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ മൈനസ് 11 ഡിഗ്രിയാണ് താപനില.
പുതുവത്സരാഘോഷത്തെയും ശൈത്യം ബാധിച്ചിട്ടുണ്ട്. നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞ് ഐസ്കട്ടയായി മാറി. തണുപ്പത്ത് അധികനേരം പുറത്തിറങ്ങി നില്‍ക്കരുതെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിട്ടുണ്ട്. തണുത്തുറഞ്ഞ നയാഗ്രയ്്ക്ക് മുന്നില്‍നിന്ന് ചിത്രമെടുക്കാന്‍ ധാരാളം സഞ്ചാരികളെത്തുന്നുണ്ട്. ഓടിക്കാനാവാതെ, തെരുവില്‍ നിര്‍ത്തിയിടുന്ന കാറുകളില്‍നിന്ന് ഒട്ടേറെ മോഷണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആര്‍ട്ടിക്കില്‍നിന്നുള്ള ശക്തമായ ശീതക്കാറ്റാണ് താപനില ഇത്രയധികം താഴാന്‍ കാരണമായത്. പെന്‍സില്‍വാനിയയിലെ എറീയില് നാല് ദിവസം കൊണ്ട് അടിഞ്ഞുകൂടിയത് 65 ഇഞ്ചോളം ഐസൈണ്. മഞ്ഞുവീഴ്ച ഈ ഭാഗത്ത് പുതിയ കാര്യമല്ലെങ്കിലും ഇത്രയധികം മഞ്ഞുവീഴുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്ന് നാഷണല്‍ വെതര്‍ സര്‍വീസിലെ കാലാവസ്ഥാ നിരീക്ഷകനായ സാക്ക് സെഫ്കോവിച്ച് പറഞ്ഞു.
അമേരിക്കയില്‍ പലേടത്തും ഇപ്പോള്‍ ചൊവ്വയിലുള്ളതിനേക്കാള് തണുപ്പാണ്. ഡിസംബര്‍ 20-ന് മൈനസ് 23 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൊവ്വയിലെ താപനിലയെന്ന് ക്യൂരിയോസിറ്റി റോവര്‍ നല്കിയ ഡേറ്റ വ്യക്തമാക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ ദിവസം ഇതേക്കാള്‍ താഴ്ന്ന താപനിലയിലൂടെയാണ് അമേരിക്ക കടന്നുപോയത്.
Post Your Comments