കൊച്ചി: ആര് ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് ബിയുമായി സഹകരണം വേണ്ടെന്ന് എന്‍സിപി നേതൃയോഗത്തില്‍ തീരുമാനമായി. നേതൃയോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളും കേരളാ കോണ്‍ഗ്രസ് ബിയുമായി സഹകരിക്കുന്നതിനെതിരെ രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് സഹകരണം വേണ്ടന്ന തീരുമാനത്തിലെത്തിയിരിക്കുന്നത്.
സഹകരണം സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് ബിയുമായി ഔപചാരികമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ടിപി പീതാംബരന് പറഞ്ഞു. യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ ടിപി പീതാംബരന് മാസ്റ്റര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് ആര് ബാലകൃഷ്ണപിള്ള എന്‍സിപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. പിള്ള ഇതുസംബന്ധിച്ച് പീതാംബരന്, എകെ ശശീന്ദ്രന് എന്നിവരുമായി പ്രാഥമിക ചര്‍ച്ചകളും നടത്തിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി അധ്യക്ഷനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. പിള്ളയുടെ പാര്‍ട്ടിയുമായി സഹകരിക്കാനുള്ള തീരുമാനം പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതായി നേതൃയോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു. കോടതിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായാല്‍ എകെ ശശീന്ദ്രനെ മന്ത്രിയാക്കാനും യോഗത്തില്‍ ധാരണയായി. എന്‍സിപിയുമായി സഹകരിക്കുന്നതിന് കേരളാ കോണ്‍ഗ്രസ് ബി ഉള്‍പ്പെടെ പലപാര്‍ട്ടികളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ അതുസംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നില്ല. അദ്ദേഹം പറഞ്ഞു. അനൗപചാരികമായി ആരെങ്കിലും ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്നറിയില്ല. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി പിള്ള ഉടന്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടത്താനിരിക്കുകയാണ്. കൂടിക്കാഴ്ചയ്ക്കുള്ള അനുമതി പിള്ള വാങ്ങിയിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ ടിപി പീതാംബരന്, എകെ ശശീന്ദ്രന് എന്നിവരും പങ്കെടക്കും. മന്ത്രിസ്ഥാനം ലക്ഷ്യമിട്ടാണ് പിള്ളയുടെ നീക്കമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ പാര്‍ട്ടിയുടെ എംഎല്‍എമാരായ എകെ ശശീന്ദ്രനും തോമസ് ചാണ്ടിയും ഈ നീക്കത്തോട് യോജിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണ്‍കെണി വിവാദത്തില്‍ ശശീന്ദ്രന് അന്വേഷണക്കമ്മീഷന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടുണ്ട്. ഭൂമികൈയേറ്റ വിവാദത്തെ തുടര്‍ന്ന് രാജിവെച്ച തോമസ് ചാണ്ടിയുടെ വിഷയത്തിലും അധികം വൈകാതെ തീരുമാനം ഉണ്ടാകും. രാജിയില്‍ കലാശിച്ച ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി നല്‍കിയിരിക്കുന്ന അപ്പീല്‍ സുപ്രിം കോടതി ഉടന്‍ തന്നെ പരിഗണിക്കുന്നുണ്ട്.
നിലവില്‍ എന്‍സിപിക്ക് രണ്ട് എംഎല്‍എമാരുണ്ടെങ്കിലും മന്ത്രിമാരില്ല. എല്‍ഡിഎഫ് മന്ത്രിസഭയില്‍ നിന്ന് ആദ്യം എകെ ശശീന്ദ്രനും അടുത്തിടെ തോമസ് ചാണ്ടിയും രാജിവെച്ചിരുന്നു. ഈ ഒഴിവില്‍ പാര്‍ട്ടിയുടെ ഏക അംഗവും മകനുമായ ഗണേഷ് കുമാര്‍ എംഎല്‍എയെ മന്ത്രിയാക്കാനുള്ള ശ്രമമാണ് പിള്ളയുടെ നീക്കത്തിന് പിന്നില്‍. ഇത് മുന്നില്‍ക്കണ്ടാണ് ശശീന്ദ്രനും തോമസ് ചാണ്ടിയും എതിര്‍ക്കുന്നത്. ഇവരില്‍ ആരാണോ ആദ്യം കുറ്റവിമുക്തനാകുന്നത് അയാള്‍ക്ക് മന്ത്രിസ്ഥാനം നല്‍കാം എന്നതാണ് തോമസ് ചാണ്ടിയുടെ രാജിസമയത്ത് എല്‍ഡിഎഫ് നല്‍കിയിരിക്കുന്ന ഉറപ്പ്.
Post Your Comments