KeralaLatest NewsNewsHighlights 2017

സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ വൈദികര്‍ : ആരോപണ നിഴലില്‍ കര്‍ദ്ദിനാള്‍

 

കൊച്ചി: സിറോ മലബാര്‍ സഭയ്ക്കു നാണക്കേടുണ്ടാക്കിയ ഭൂമി ഇടപാടിനു ചരടു വലിച്ചതു പാലാ സ്വദേശിയായ വസ്തുബ്രോക്കര്‍. ഇയാളെ അതിരൂപതാ നേതൃത്വത്തിനു പരിചയപ്പെടുത്തിയത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെന്ന് ആരോപണം. അന്യമതസ്ഥയെ വിവാഹം ചെയ്ത് എറണാകുളത്തു കഴിയുന്ന ഇയാള്‍ കത്തോലിക്കാ കോണ്‍ഗ്രസ് പദ്ധതിയിട്ട മൈക്രോഫിനാന്‍സ് സ്ഥാപനത്തിന്റെ ചുമതലക്കാരനായാണ് ഇവിടെയെത്തിയത്.

ഇതിന്റെ മറവില്‍ ചങ്ങനാശേരി സ്വദേശി കൂടിയായ കര്‍ദിനാളുമായി അടുത്തു. ഇയാള്‍ക്കെതിരേ പാലാരിവട്ടം പോലീസില്‍ കേസുണ്ടെന്നും സൂചനയുണ്ട്. കര്‍ദിനാള്‍ നേരിട്ടു നടത്തിയ ഇടപാടിലാണ് അതിരൂപതയെ 90 കോടിയുടെ കടക്കെണിയിലാക്കിയത്.

2016 ലാണ് ഇടപാടിന്റെ തുടക്കം. അന്നുമുതല്‍ കര്‍ദിനാളിനു മുന്നറിയിപ്പു നല്‍കിയതാണെന്നു െവെദികര്‍ പറയുന്നു. സഭാനേതൃത്വത്തിനെതിരേ കോടതിയില്‍ പരാതി നല്‍കാന്‍ വൈദികര്‍ക്കാവില്ല. അതിനാല്‍ സഭാതലവനായ മാര്‍പ്പാപ്പയ്ക്കു കാനോനികമായി പരാതി നല്‍കാനാണു നീക്കം. കഴിഞ്ഞ 21 നു ചേര്‍ന്ന വൈദികസമിതി യോഗത്തില്‍ അതിരൂപതയിലെ 480 വൈദികരില്‍ 350 പേര്‍ സംബന്ധിച്ചു. ഏകകണ്ഠമായ തീരുമാനം മാര്‍പാപ്പയെ അറിയിക്കും. ഇപ്പോഴത്തെ മാര്‍പ്പാപ്പയില്‍ നിന്നു നീതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് വൈദികര്‍ പറയുന്നു. സഭയുടെ എറണാകുളത്തെ 3.07 ഏക്കര്‍ സ്ഥലം 28 കോടി രൂപയ്ക്കു വില്‍പന നടത്താനാണു ബ്രോക്കറായ പാലാ സ്വദേശിയെ ഏല്‍പ്പിച്ചത്. എന്നാല്‍ 9 കോടി മാത്രമാണു നല്‍കിയത്. ആധാരവിലയായ 11 കോടിരൂപ പോലും കൊടുത്തില്ല. അവിടെയും രണ്ടുകോടി തട്ടി.

ഇടപാടുകാരനുമായുള്ള കരാര്‍ പ്രകാരം അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാമത് ഒരു കക്ഷിക്കോ, കക്ഷികള്‍ക്കോ സ്ഥലങ്ങള്‍ മുറിച്ചുനല്‍കാന്‍ പാടില്ല. എന്നാല്‍, ഈ നിബന്ധന ലംഘിച്ചാണു 36 പേര്‍ക്കു സ്ഥലങ്ങള്‍ വിറ്റത്. 36 ആധാരങ്ങളിലായി സ്ഥലങ്ങള്‍ വിറ്റതു കാനോനിക സമിതികള്‍ അറിയാതെയാണ്. മാത്രമല്ല, അതിരൂപതാ കാനോനിക സമിതികളില്‍ ആലോചനയ്ക്കു വരുംമുമ്പ് തന്നെ വില്‍ക്കാനുള്ള ചില സ്ഥലങ്ങള്‍ക്കു അഡ്വാന്‍സും വാങ്ങിയെന്നാണ് എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതാ വികാരി ജനറാളും സീനിയര്‍ സഹായമെത്രാനുമായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന്റെ വെളിപ്പെടുത്തല്‍. തുടര്‍ന്നു സ്ഥലം ബ്രോക്കര്‍ പറഞ്ഞുറപ്പിച്ചവര്‍ക്കു കര്‍ദിനാള്‍ 36 ആധാരങ്ങള്‍ എഴുതിക്കൊടുത്തു.

ബാക്കി 18.7 കോടി രൂപയ്ക്കു പകരം കോട്ടപ്പടിയില്‍ ബ്രോക്കര്‍ വാങ്ങാനുദ്ദേശിച്ച 92 ഏക്കര്‍ ഭൂമിയില്‍ 25 ഏക്കര്‍ സഭയുടെ പേരില്‍ ഈടായി എഴുതിനല്‍കി. പണം നല്‍കുമ്പോള്‍ ഭൂമി തിരികെ നല്‍കണമെന്ന വ്യവസ്ഥയില്‍. സെന്റിന് 30,000 രൂപയ്ക്കു വാങ്ങിയ ഭൂമി ആഴ്ചകള്‍ക്കുശേഷം 96,000 രൂപയ്ക്കാണ് ഇടപാടുകാരന്‍ അതിരൂപതയ്ക്കു വിറ്റത്. 24 കോടി രൂപ ലാഭം. എന്നിട്ടും 18.7 കോടി രൂപയില്‍ ഒരു രൂപപോലും അരമനയ്ക്കു മടക്കിക്കിട്ടിയില്ല. പകരം ആറുകോടി രൂപ വായ്പയെടുത്തു ബ്രോക്കര്‍ക്കു നല്‍കുകയായിരുന്നു അതിരൂപതാ നേതൃത്വം. അവശേഷിച്ച 67 ഏക്കര്‍ സ്ഥലം വാങ്ങാന്‍ അതിരൂപത ഒമ്ബതുകോടി രൂപ കൂടി ബാങ്ക് വായ്പയെടുത്ത് ഇടപാടുകാരനു നല്‍കി.

അതിരൂപതയുടെ സ്ഥലത്തിന് മാര്‍ക്കറ്റ് വില 80 കോടിയോളം വരുമ്‌ബോഴാണ് നിസാര വിലയ്ക്കു വിറ്റത്. ഭൂമി വില്‍ക്കാന്‍ അതിരൂപത ആദ്യം സമീപിച്ചത് ഭാരതമാതാ കോളജിനടുത്തുള്ള അന്യമതസ്ഥനായ ബ്രോക്കറെ ആയിരുന്നു. അയാളുടെ മകനും പാലാക്കാരന്‍ ബ്രോക്കറും അടുപ്പക്കാരാണ്. തുടര്‍ന്നാണു ബ്രോക്കര്‍ രംഗത്തെത്തുന്നത്. അതിരൂപതാ സഹായ മെത്രാന്മാരുടെ അറിവോ സമ്മതമോ കൂടാതെയാണു കോട്ടപ്പടിയിലും ദേവികുളത്തും ഭൂമി ഇടപാടുകള്‍ നടത്തിയതെന്നു സഹായമെത്രാന്‍ വ്യക്തമാക്കിയതോടെയാണു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വെട്ടിലായത്.

അതേസമയം, സഭാനേതൃത്വത്തിനെതിരേ പ്രതിഷേധവുമായി വിശ്വാസികള്‍ അരമനയിലെത്തിയതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമായി. വിഴുപ്പലക്കല്‍ അവസാനിപ്പിക്കണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അല്ലാത്തപക്ഷം ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്നുമാണു അവരുടെ മുന്നറിയിപ്പ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button