റിയാദ്: സാമൂഹിക പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്കുണ്ടായിരുന്ന ഡ്രൈവിംഗ് നിരോധനം എടുത്തുകളഞ്ഞ സൗദി അറേബ്യ, സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിത്തുടങ്ങി. സൗദിയിലെ തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ വനിതാ ഉദ്യോഗസ്ഥരെയാണ് അധികൃതര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. അവര്‍ നടത്തിയ റെയ്ഡില്‍ ഇതിനകം നിരവധി തൊഴില്‍ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.
75 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട 18 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്തിട്ടുണ്ട്. നിയമ ലംഘനം കണ്ടെത്തിയവയില്‍ ഭൂരിഭാഗവും ബിനാമി സ്ഥാപനങ്ങളാണെന്നു തൊഴില്‍ മന്ത്രാലയം അറിയിച്ചു. വനിതകള്‍ നടത്തുന്ന സ്ഥാപനങ്ങളിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന് കീഴിലെ വനിതാ സംഘങ്ങളാണ് പരിശോധന നടത്തുന്നത്.
സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിന്റെ ഭാഗമായാണ് തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ അവരെ നിയോഗിച്ചതെന്ന് വാണിജ്യ-നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. ഇവര്‍ നടത്തിയ പരിശോധനയില്‍ വനിതാ സ്ഥാപനങ്ങള്‍ പലതും നടത്തിയിരുന്നത് വിദേശികള്‍ ബിനാമിയായി നിന്നായിരുന്നുവെന്നും സ്വദേശികള്‍ ഇതിനു കൂട്ട് നിന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ നടത്തിയവര്‍ക്കെതിരേ കേസുകള്‍ എടുത്തിട്ടുണ്ടെന്നും ഇവ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
വ്യാപാര ഉല്‍പ്പന്നങ്ങളില്‍ കൃത്രിമം കാണിക്കുക, എക്‌സ്പയറി തീയതി തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങളും പരിശോധനാ സംഘത്തിന് കണ്ടെത്താനായി. കഴിഞ്ഞ വര്‍ഷം നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷനു മന്ത്രാലയം കൈമാറിയ ബിനാമി കേസുകളേക്കാള്‍ 93 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നും അധികൃതര്‍ വെളിപ്പെടുത്തി. ബിനാമി ബിസിനസുകളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നിയമ ലംഘകരില്‍ നിന്നും ഈടാക്കുന്ന പിഴയുടെ 30 ശതമാനം പാരിതോഷികമായും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments