മലയാളിക്കു ലോകത്തെവിടെയിരുന്നും ഇനി സ്വന്തം പേരില്‍ ചിട്ടിയില്‍ ചേരാം. ഓണ്‍ലൈനായി പണമടയ്ക്കാം. ചിട്ടി വിളിക്കാം. നാട്ടിലുള്ള വസ്തു അടക്കം സ്വീകാര്യമായ ഏതു ജാമ്യവും നല്‍കി ഇന്ത്യന്‍ രൂപയില്‍ പണം പിന്‍വലിക്കാം. ലേലം ചെയ്ത സംഖ്യ സുരക്ഷിതമായി നിക്ഷേപിച്ച് ആദായം നേടാം.
ഇതെല്ലാം ഓണ്‍ലൈനായി നടത്താവുന്ന സംവിധാനമാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലൂടെ അവതരിപ്പിക്കുന്നത്. കെഎസ്എഫ്ഇയും കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡും (കിഫ്ബി) ചേര്‍ന്ന് ആരംഭിക്കുന്ന ചിട്ടിയാണിത്.
സവിശേഷതകള്‍
നിക്ഷേപങ്ങള്‍ക്ക് ആദായം കുറയുന്ന ഇക്കാലത്ത് പ്രവാസികള്‍ക്കു ലാഭകരമായും സുരക്ഷിതമായും നിക്ഷേപിക്കാന്‍ ഒരു പുതിയ സമ്പാദ്യ പദ്ധതി.
ചിട്ടിയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും പെന്‍ഷന്‍ പദ്ധതിയും സന്നിവേശിപ്പിച്ചിരിക്കുന്നു. അതോടെ മെച്ചപ്പെട്ട വരുമാനവും സുരക്ഷയും ലഭ്യമാകുന്ന ഒരു വ്യത്യസ്ത സാമ്പത്തിക ഉല്‍പന്നമായി.
പ്രവാസികളുടെ സമ്പാദ്യം അഥവാ വിയര്‍പ്പിന്റെ മൂല്യം കേരളത്തിന്റെ അടിസ്ഥാന വികസനത്തിനായി ഉപയോഗിക്കപ്പെടുന്നു
ജാമ്യവ്യവസ്ഥകള്‍
ലഘുവായ ജാമ്യനടപടിക്രമങ്ങളാണ്. ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍ സംവിധാനം വഴി ജാമ്യം നില്‍ക്കുന്നവര്‍ക്കു ഫയലിന്റെ തല്‍സമയ സ്ഥിതി അറിയാം. വസ്തുജാമ്യം നല്‍കാനും വില നിര്‍ണയിക്കാനും ആധാരം പരിശോധിക്കാനും അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സൗകര്യപ്രദമായ ഏതു ശാഖയും തിരഞ്ഞെടുക്കാം. വരിക്കാരന്‍ അധികാരപ്പെടുത്തിയ ആള്‍ക്ക് ആ രേഖകള്‍ സമര്‍പ്പിക്കാം. പ്രൈസ് സംഖ്യ ഓണ്‍ലൈനായിത്തന്നെ കസ്റ്റമറുടെ പേരിലുള്ള എന്‍ആര്‍ഒ അക്കൗണ്ടില്‍ ലഭിക്കും.
പെന്‍ഷന്‍ കിട്ടാന്‍
എല്‍ഐസിയുമായി കൈകോര്‍ത്തുകൊണ്ടാണ് പെന്‍ഷന്‍ പദ്ധതി. ചിട്ടി പ്രൈസ് സംഖ്യ പെന്‍ഷന്‍ പദ്ധതിയിലേക്കു മാറ്റി അതില്‍ അംഗമാകാം. വിവിധ നിരക്കില്‍ പെന്‍ഷന്‍ ലഭ്യമാണ്. വരിക്കാരന് അപകടം മൂലം വൈകല്യം സംഭവിച്ചാലോ വിദേശത്തു മരിച്ചാലോ 10 ലക്ഷം രൂപ വരെയുള്ള ചിട്ടിയുടെ ബാധ്യത കെഎസ്എഫ്ഇ ഏറ്റെടുക്കും. ഭൗതികശരീരം ഒരു അനുയാത്രികനോടൊപ്പം നാട്ടിലെത്തിക്കുവാന്‍ നടപടി സ്വീകരിക്കും.
മികവുകള്‍
പ്രവാസി ചിട്ടികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വെര്‍ച്വല്‍ ഓഫിസ് സൗകര്യപ്രദമാകും. വ്യത്യസ്ത സമയത്തു ലേലം നടത്തുന്ന ചിട്ടികള്‍ ഉള്ളതിനാല്‍ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൗകര്യപ്രദമായ ചിട്ടികളില്‍ ചേരാം.
ആര്‍ക്ക് ? എങ്ങനെ ചേരാം?
ഡിസംബര്‍ അവസാനമോ ജനുവരിയിലോ യുഎഇയില്‍ വച്ച് പ്രവാസി ചിട്ടികളുടെ ഔപചാരിക ഉദ്ഘാടനം നടക്കും. പ്രവാസികള്‍ക്കു മാത്രമേ ചേരാനാകൂ. പ്രാബല്യത്തിലുള്ള പാസ്‌പോര്‍ട്ട്, വീസ എന്നിവ കൈവശമുണ്ടാകണം. e-KYC യാണ്
ഔദ്യോഗികമായി നല്‍കേണ്ട രേഖ. വിദേശങ്ങളില്‍ കെഎസ്എഫ്ഇ ഏജന്റുമാര്‍ വഴി എളുപ്പത്തില്‍ e-KYC നല്‍കാം. ചിട്ടി അപേക്ഷയും ഓണ്‍ലൈനായി സബ്മിറ്റ് ചെയ്ത് ആദ്യതവണ ഓണ്‍ലൈനായി അടയ്ക്കാം. അംഗമായ ശേഷം പ്രവാസിയല്ലാതായാലും ചിട്ടിയില്‍ തുടരാവുന്നതാണ്.
Post Your Comments