ഒരുകാലത്ത് പെണ്‍കുട്ടികള്‍ക്ക് പാവാടയെന്നാല്‍ ഹരമായിരുന്നു. അമ്പലങ്ങളില്‍ പോകുമ്പോഴും സ്‌കൂളുകളിലും കോളേജുകളില്‍ പോകുമ്പോഴും പെണ്‍കുട്ടികള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഒന്നാണ് പാവാട. ഒരുകാലത്ത് പാവാട ഒരു ഫാഷനായിരുന്നു. കൗമാരക്കാരായ പെണ്‍കുട്ടികളുടെ മനം കവരുന്നതായിരുന്നു പാവാടകള്‍. ചെറിയ പ്രായത്തില്‍ മുട്ടറ്റം വരെയും, പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഉപ്പൂറ്റിവരെയും നീളമുള്ള പാവാടകളിലേക്കും പെണ്‍കുട്ടിച്ചേക്കേറിയിരുന്നു. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ ആ കാലം എങ്ങോട്ടോ പോയ് മറഞ്ഞു.
ദാവണിയും,വല്ല്യ പാവാടയും ബ്ലൗസുമൊക്കെ ധരിച്ചാല്‍ പെണ്‍കുട്ടികള്‍ക്ക് ഒരു ശാലീന സൗന്ദര്യമായിരുന്നു. ഓണം,വിഷു പോലെയുള്ള ആഘോഷങ്ങളിലും ട്രെന്‍ഡ് ഇത് തന്നെയായിരുന്നു. ചുരിദാര്‍ ധരിച്ചാല്‍ ക്ഷേത്ര പ്രവേശനം നിഷേധിക്കുന്ന അമ്പലങ്ങളിലും പാവാട ധരിച്ചാല്‍ മുന്‍ഗണന ആയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറത്ത് വന്ന് നോക്കുമ്പോള്‍ ഫാഷന്‍ ഒരുപാട് മാറി. ചുരിദാറിനും ഗൗണിനും പല ട്രെന്‍ഡുകളും വന്നുഅനാര്‍ക്കലി, കുഞ്ഞാട്, തുടങ്ങി ഒരുപാട് വേര്‍ഷനുകള്‍ വന്നു ചുരിദാറില്‍ തന്നെ. ഗൗണുകള്‍ക്കും പ്രീയമേറെയാണ്.
ട്രെന്‍ഡി വേഷങ്ങള്‍ക്കിടയിലും പ്രൗഢി മങ്ങാതെ പുത്തന്‍ സ്റ്റെലില്‍ പാവാടകള്‍ ജ്വലിച്ചു നില്‍ക്കുകയാണ് വീണ്ടുമിപ്പോള്‍. ഇടുപ്പില്‍ വളരെ ഇറുകി കിടക്കുന്നതും താഴോട്ട് വളരെ വൈഡായതുമായ എ ലൈന്‍ സ്‌കേര്‍ട്ട്, വയറു ചാടിയ പ്രകൃതക്കാര്‍ക്ക് ധരിക്കാന്‍ പറ്റുന്ന പെന്‍സില്‍ സ്‌കേര്‍ട്ട്, ശരീരഭാരം ഇല്ലാത്തവര്‍ക്ക് ധരിക്കാവുന്ന മാക്‌സി സ്‌കേര്‍ട്ട്, ധാരാളം ഞൊറികള്‍ വരുന്ന പ്ലീറ്റഡ് സ്‌കേര്‍ട്ട്, ഏതു ശരീര പ്രകൃതമുള്ളവര്‍ക്കും ആത്മവിശ്വാസത്തോടെ ധരിക്കാന്‍ കഴിയുന്ന ഡെനിം സ്‌കേര്‍ട്ട്, റാപറൗണ്ട്, കലങ്കാരി സ്‌കേര്‍ട്ട്, ഫ്‌ളോറല്‍ സ്‌കേര്‍ട്ട് എന്നിങ്ങനെ പോകുന്നു പാവാടകളിലെ പുത്തന്‍ വകഭേദങ്ങള്‍.
Post Your Comments