Latest NewsNewsIndia

ഇന്ത്യയുടെ അഭിമാന അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വാരിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു : വീഡിയോ കാണാം

ന്യൂഡല്‍ഹി: അടുത്തിടെ നീറ്റിലിറക്കിയ ഇന്ത്യയുടെ ഏറ്റവും പ്രഹരശേഷിയുള്ള അന്തര്‍വാഹിനിയായ ഐഎന്‍എസ് കല്‍വാരിയുടെ ദൃശ്യങ്ങള്‍ നാവികസേന പുറത്തുവിട്ടു. ഈ മാസം ആദ്യമാണ് ഐഎന്‍എസ് കല്‍വാരി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത്. കടലിനടിയില്‍ ശത്രുക്കള്‍ക്ക് വളരെ എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കാതെ ആക്രമണം നടത്താന്‍ ശേഷിയുള്ള അന്തര്‍വാഹിനിയാണ് ഐഎന്‍എസ് കല്‍വാരി.

ആക്രമണ സമയത്ത് അന്തര്‍വാഹിനിയിലെ ഓഫീസര്‍മാരും ജീവനക്കാരും തമ്മിലുള്ള ആശയവിനിമയവും ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിനെ മിസൈല്‍ ഉപയോഗിച്ച്‌ തകര്‍ക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ലോകത്തിലെ തന്നെ ഏറ്റവും അത്യാധുനികമായ ഈ അന്തര്‍വാഹിനിയുടെ പ്രവര്‍ത്തനരീതികള്‍ വ്യക്തമാക്കുന്നതാണ് പുറത്തുവിട്ടിരിക്കുന്ന ദൃശ്യങ്ങള്‍.

മുംബൈയിലെ മസഗോണ്‍ ഡോക് ലിമിറ്റഡ് നിര്‍മിച്ച അന്തര്‍വാഹിനിയുടെ നിര്‍മാണ ഘട്ടങ്ങള്‍ മുതലുള്ള ദൃശ്യങ്ങളും അന്തര്‍വാഹിനിയുടെ ഉള്ളിലെ പ്രവര്‍ത്തങ്ങളുമെല്ലാം വീഡിയോയിലുണ്ട്. ആറ് അന്തര്‍വാഹിനികളാണ് പുതുതായി സേനയുടെ ഭാഗമാകാനൊരുങ്ങുന്നത്. ഇതില്‍ ആദ്യത്തേതാണ് കല്‍വാരി. നിലവില്‍ ഇന്ത്യയ്ക്ക് 15 അന്തര്‍വാഹിനികളാണ് ഉള്ളത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ അന്തര്‍വാഹിനിയുടെ വരവ്.

ചൈനയ്ക്ക് 60 അന്തര്‍വാഹിനികളാണ് ഉള്ളത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയാണിത്. ഡീസല്‍ ഇലക്‌ട്രിക് എഞ്ചിന്‍ കരുത്തുപകരുന്ന ഐഎന്‍എസ് കല്‍വാരി മുംബൈയിലെ മസഗോണ്‍ ഡോക്കിലാണ് നിര്‍മ്മിച്ചത്. ഫ്രഞ്ച് നേവല്‍ ഡിഫന്‍സ് ആന്‍ഡ് എനര്‍ജി കമ്ബനി ഡിസിഎന്‍എസ് ആണ് അന്തര്‍വാഹിനി രൂപകല്‍പന ചെയ്തത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന ടൈഗര്‍ സ്രാവിന്റെ പേരിലാണ് അന്തര്‍വാഹിനിക്ക് കല്‍വാരി എന്ന് നാമകരണം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button