കൊച്ചി: ഫോര്‍ട്ടുകൊച്ചി ബീച്ചിന്റെ വലിയൊരു ഭാഗത്ത് കടല്‍ കയറിയ സാഹചര്യത്തില്‍ നവവത്സരാഘോഷത്തിന്റെ ഭാഗമായ പാപ്പാഞ്ഞി കത്തിക്കല്‍ പരേഡ് ഗ്രൗണ്ടിന് സമീപത്തേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. പരേഡ് ഗ്രൗണ്ടിന്റെ തെക്കു – പടിഞ്ഞാറ് ഭാഗത്ത് ഡേവിഡ് ഹാളിന് എതിര്‍വശം വാട്ടര്‍ടാങ്കിനോട് ചേര്‍ന്നാണ് പാപ്പാഞ്ഞി സ്ഥാപിക്കാന്‍ ഇടം ഒരുക്കുക. ആഘോഷപരിപാടികള്‍ സുരക്ഷാഭീതിയില്ലാതെ നടപ്പാക്കുന്നതിനായി സ്വീകരിച്ച ഈ തീരുമാനത്തോട് എല്ലാവരും സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
എറണാകുളം ഗസ്റ്റ് ഹൗസില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊലീസ്, റവന്യൂ അധികൃതരുടെയും കാര്‍ണിവല്‍ സംഘാടകസമിതി ഭാരവാഹികളുടെയും യോഗമാണ് തീരുമാനം കൈക്കൊണ്ടത്. യോഗത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം രാത്രി കളക്ടറും സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി. ദിനേശും ബീച്ചും പരിസരവും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
പുതുവര്‍ഷപ്പിറവിയെ വരവേല്‍ക്കാന്‍ ഫോര്‍ട്ടുകൊച്ചിയില്‍ ഒരു ലക്ഷത്തോളം പേര്‍ ഇക്കുറി എത്തുമെന്നാണ് വിലയിരുത്തല്‍. മുന്‍കാലങ്ങളില്‍ പാപ്പാഞ്ഞി കത്തിക്കല്‍ നടന്നിരുന്ന ബീച്ച് ഭാഗങ്ങളുടെയെല്ലാം വിസ്തൃതി ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ ഗണ്യമായി കുറഞ്ഞ നിലയിലാണ്. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ വേലിയേറ്റം ശക്തവുമാണ്. ബീച്ചിലെ കല്‍ക്കെട്ടും ഇതിനു മുകളിലുള്ള നടപ്പാതയും കടലാക്രമണത്തില്‍ തകര്‍ന്ന സാഹചര്യത്തില്‍ ബീച്ചിലേക്കുള്ള വരവും പോക്കും പ്രയാസകരമാണെന്നും യോഗം വിലയിരുത്തി. തിക്കും തിരക്കുമുണ്ടായാല്‍ ബീച്ചിലെ ജനക്കൂട്ടത്തെ സുരക്ഷിതമായി ഒഴിപ്പിക്കാനാകില്ല. ഇത് ദുരന്തത്തിന് ഇടയാക്കും.
ഇരട്ട ബാരിക്കേഡ് തീര്‍ത്ത് അതിനുള്ളിലാണ് പാപ്പാഞ്ഞിയെ സ്ഥാപിക്കുക. ആദ്യത്തെ ബാരിക്കേഡിനുള്ളില്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നവര്‍ മാത്രമാണ് പ്രവേശിക്കുക. പരേഡ് ഗ്രൗണ്ടില്‍ നിന്നും പാപ്പാഞ്ഞിയെ കത്തിക്കുന്നത് സുഗമമായി കാണാനാകും. ഗ്രൗണ്ടിന്റെ സെന്റ് ഫ്രാന്‍സിസ് പള്ളിയോട് ചേര്‍ന്നുള്ള ഭാഗത്താണ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികള്‍ അരങ്ങേറുക. ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേക വഴികളുണ്ടാകും. പൊലീസിന്റെയും ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിന്റെയും സജീവസാന്നിധ്യവും ആഘോഷവേദിയില്‍ ഉണ്ടായിരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
ഫോര്‍ട്ടുകൊച്ചി കസ്റ്റംസ് ജെട്ടിയില്‍ നിന്നും വൈപ്പിനിലേക്ക് ആറു മണി മുതല്‍ രാത്രി 11 മണി വരെയും പുതുവത്സര ദിനത്തിൽ വൈകിട്ട് ആറു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയും ജലഗതാഗത വകുപ്പിന്റെ പ്രത്യേക ബോട്ട് സര്‍വീസ് ഉണ്ടാകും. ഫോര്‍ട്ടുകൊച്ചി ബസ് സ്റ്റാന്റില്‍ നിന്നും തോപ്പുംപടി, കുണ്ടന്നൂര്‍ എന്നിവിടങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും പ്രത്യേക സര്‍വീസ് നടത്തും. ഫോര്‍ട്ടുകൊച്ചി ഭാഗത്ത് ഒരു തരത്തിലുള്ള വാഹന പാര്‍ക്കിങും അനുവദിക്കില്ല. വാഹനങ്ങള്‍ വെളി മൈതാനത്തിന് സമീപം പാര്‍ക്ക് ചെയ്യണം. കസ്റ്റംസ് ജെട്ടിയില്‍ തിരക്കു നിയന്ത്രിക്കുന്നതിന് പൊലീസ് സംവിധാനമൊരുക്കും.
Post Your Comments