മുംബൈ: മുംബൈയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ മരണം 15 കടന്നു. 12 സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരാണ് മരിച്ചത്, പൊള്ളലേറ്റ നിരവധി പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. തീപിടുത്തത്തില്‍ മരിച്ചവരുടെ അവസ്ഥയാണ് അതിലും ദയനീയം. തീ പടര്‍ന്നുപിടിച്ച റൂഫ് ടോപ് റെസ്റ്റോറന്റില്‍ തന്റെ 28-ാം പിറന്നാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുകയായിരുന്ന ഖുഷ്ബു മെഹ്തയും വെന്തു മരിച്ചിരുന്നു. യുവതിയുടെ മൃതദേഹം ഭര്‍ത്താവ് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. തന്റെ അവസാത്തെ പിറന്നാളായിരിക്കും അതെന്ന് ഖുഷ്ബുവും ഭാര്യയുടെ അവസാനത്തെ സന്തോഷമായിരിക്കും അന്ന് എന്ന് ഭര്‍ത്താവും ഒരിക്കല്‍പ്പോലും ചിന്തിച്ചിട്ടുണ്ടാവില്ല.
തീപിടുത്തത്തില്‍ മരിച്ച യുവതികളെല്ലാം 20 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ്. തീപടര്‍ന്നതോടെ രക്ഷപ്പെടാനായി റസ്റ്റോറന്റിലെ വാഷ്റൂമില്‍ അഭയം തേടിയ യുവതികളുടെ മൃതദേഹം വാഷ്റൂമിനു സമീപത്തു നിന്നാണ് കണ്ടെടുത്തത്. ശ്വാസംമുട്ടിയാണ് മരണം കൂടുതല്‍ സംഭവിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സേനാപധി മാര്‍ഗിലെ കമല മില്‍സിന്റെ ആറു നില കെട്ടിടത്തിന് തീപിടിച്ചത്. മുംബൈയിലെ കമല മില്‍സ് കെട്ടിട സമുച്ചയത്തിലെ റൂഫ് ടോപ് റസ്റ്റോറന്റില്‍ നിന്നാണ് തീ പടര്‍ന്നത്. പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള മോജോ ബിസ്ട്രോ റസ്റ്റോറന്റില്‍ ഉണ്ടായ തീ കെട്ടിടത്തിലേയ്ക്ക് പടരുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തീ നിയന്ത്രണ വിധേയമായെന്നും, രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നിരവധി ഓഫീസ് സമുച്ചയങ്ങളും, റസ്റ്റോറന്റുകളും കമല മില്‍സ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെട്ടിടത്തില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്ന വിവിധ വാര്‍ത്താ ചാനലുകളും സംപ്രേഷണം നിര്‍ത്തി. തീ പിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Post Your Comments