ന്യൂഡൽഹി: പാചകവാതക വില വർദ്ധനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ പുതിയ നിലപാട് ഇങ്ങനെ. വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനു (എൽപിജി) മാസംതോറും നാലുരൂപ കൂട്ടാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ തീരുമാനത്തിൽനിന്നു കേന്ദ്രം പിൻമാറി. വില കൂട്ടുന്നതു ഒക്ടോബർ മുതൽ നിർത്തിവച്ചിരുന്നു. പാവങ്ങൾക്കു സൗജന്യ പാചകവാതകം നൽകാനുള്ള പദ്ധതിയും മറുഭാഗത്തു മാസാമാസം വിലവർധനയും എന്ന വൈരുധ്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണു നടപടി.
സിലിണ്ടറിനു (14.2 കിലോഗ്രാം) മാസംതോറും രണ്ടുരൂപ വീതം കൂട്ടാൻ 2016 ജൂലൈ ഒന്നുമുതൽ എണ്ണക്കമ്പനികൾക്ക് അനുമതി നൽകിയിരുന്നു. പത്തുവട്ടമാണു ഇത്തരത്തിൽ വില കൂട്ടിയത്. കഴിഞ്ഞ ജൂൺ ഒന്നുമുതൽ പ്രതിമാസം നാലുരൂപ വീതം കൂട്ടാൻ അനുമതി നൽകുകയായിരുന്നു. 2018 മാർച്ചോടെ സബ്സിഡി പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ഉത്തരവാണു റദ്ദാക്കിയത്
Post Your Comments