ബ്രിട്ടന്‍: ഒരു പെണ്‍കുഞ്ഞിനെ ആഗ്രഹിച്ച് ബ്രിട്ടനിലെ ഫിറ്റ്‌നസ് ട്രെയ്‌നറായ അലക്‌സി പ്രസവിച്ചത് പത്ത് തവണ. എന്നാല്‍ പത്തു പ്രസവത്തിലും അലക്‌സിക്കും ഡ്രൈവറായ ഭര്‍ത്താവ് ഡേവിഡിനും നിരാശയായിരുന്നു ഫലം. കാരണം പത്ത് പ്രസവത്തിലും അവര്‍ക്ക് പത്ത് ആണ്‍കുട്ടികളാണ് ജനിച്ചത്. ആദ്യമൊക്കെ അതോര്‍ത്ത് വിഷമിച്ചിരുന്നെങ്കിലും അലക്‌സി ഇപ്പോള്‍ അക്കാര്യം ഓര്‍ക്കാറേ ഇല്ല. കാരണം പത്ത് മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കിക്കഴിയുമ്പോള്‍ അത്തരം കാര്യങ്ങള്‍ ഓര്‍ക്കാനുള്ള സമയം അലക്‌സിക്ക് ലഭിക്കാറില്ല.
ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ ആണ്‍മക്കളുള്ള അമ്മ കൂടിയാണ് അലക്‌സി. 16-കാരനായ കാംബെലാണ് വീട്ടിലെ മൂത്തകുട്ടി. ഹാരിസണ്‍ (14), കോറി (12), ലാച്‌ലന്‍ (9), ബ്രോഡി (8), ബ്രോണ്‍ (7), ഹണ്ടര്‍ (5), മാക്ക് (3), ബ്ലേക്ക് (2) എന്നിവരുടെ കൂടെ ഏഴുമാസം പ്രായമുള്ള റോത്തഗൈഥും ചേരുമ്പോള്‍ വീടൊരു ചെറിയ അങ്കത്തട്ടായി മാറും. ഓരോദിവസവും ഇവര്‍ക്ക് സമയം തികയാതെ കടന്നുപോവുകയാണിപ്പോള്‍. പെണ്‍കുട്ടിയെ കിട്ടണമെന്ന മോഹമൊക്കെ അവര്‍ ഉപേക്ഷിച്ചു. ഇനി പ്രസവിക്കാനില്ലെന്ന് അലക്‌സി പറഞ്ഞുകഴിഞ്ഞു. അഞ്ച് കിടപ്പുമുറികളുള്ള വീട്ടില്‍ നിന്നുതിരിയാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍.
എന്നും രാവിലെ അഞ്ചരയ്ക്ക് തുടങ്ങുന്നതാണ് അലക്‌സിയുടെ ജീവിതം. എഴുന്നേറ്റുവരുമ്പോള്‍ത്തന്നെ ചെയ്തുതീര്‍ക്കാന്‍ നൂറ് ജോലികള്‍ മക്കള്‍ ഉണ്ടാക്കിവെച്ചിട്ടുണ്ടാകും. ഓരോ ദിവസവും ഉപയോഗിക്കാനുള്ള വസ്ത്രം കഴുകുക തന്നെ ശ്രമകരമായ ദൗത്യമാണ്. ദിവസവും അഞ്ചുതവണയാണ് ഇവര്‍ക്ക് വാഷിങ് മെഷിനില്‍ വസ്ത്രം കഴുകേണ്ടിവരുന്നത്. വീട് വൃത്തിയാക്കാന്‍ ഏഴുതവണ വാക്വം ക്ലീനര്‍ ഉപയോഗിക്കേണ്ടിവരുന്നു. കുട്ടികള്‍ സ്‌കൂളില്‍ പോകുമെന്നതിനാല്‍, സഹായത്തിനും ആരുമില്ല.
കുട്ടികളുടെ വാക്കിങ് ഷൂവും മറ്റുമായി 60 ജോഡി ചെരുപ്പുകളാണുള്ളത്. അത് വൃത്തിയാക്കുക മറ്റൊരു കഠിനാധ്വാനം. കളിച്ചുപേക്ഷിക്കുന്ന കളിപ്പാട്ടങ്ങള്‍ എടുത്തുവെക്കുക മറ്റൊരു ജോലി. പത്ത് വീഡിയോ ഗെയിം കണ്‍സോളുകള്‍ വീട്ടിലുണ്ട്. അതൊക്കെ തപ്പിപ്പെറുക്കി വെക്കാന്‍ വേറെയും സമയം കണ്ടെത്തണം. ഇതിനിടെ, സ്വന്തം കാര്യം നോക്കാനും അലക്‌സിസിന് സമയം കണ്ടെത്തേണ്ടതുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസം ജിമ്മില്‍ പോകുന്ന അലക്‌സിസ്, ഫിറ്റ്‌നസ് ട്രെയ്‌നര്‍ കൂടിയാണ്. എന്നാല്‍ ഭര്‍ത്താവ് വീട്ടിലുണ്ടെങ്കില്‍ ഒരുപാട് സഹായം ചെയ്യുമെന്നും അലക്‌സി പറഞ്ഞു.
Post Your Comments