Latest NewsKeralaNews

എം.എം. ഹസന്റെ വിവാദ പ്രസ്താവനയും തുടര്‍ന്നുള്ള നേതാക്കാളുടെ പ്രതികരണങ്ങളും : ഹൈക്കമാന്‍ഡ് പറയുന്നത്

കോട്ടയം: കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്റെ വിവാദ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച്‌ ഹൈക്കമാന്‍ഡ്. ചാരക്കേസ് പ്രസ്താവന അനവസരത്തിലാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക് കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ അറിയിച്ചു. ഹസന്റെ പ്രസ്താവനയ്ക്ക് പിന്നാലെ നേതാക്കള്‍ ഈ വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തുന്നതിനെതിരെയും ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചിട്ടുണ്ട്.

ഹസന്റെ പ്രസ്താവന അനവസരത്തിലുളളതും അനാവശ്യവുമായിരുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണ് എന്ന് വിശദീകരിക്കാന്‍ എം.എം. ഹസന്‍ ശ്രമിച്ചെങ്കിലും അത് പൂര്‍ണമായും വിശ്വസിക്കാന്‍ എ. ഗ്രൂപ്പ് തയാറായിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന പടയൊരുക്കം ജാഥയ്ക്ക് ശേഷം പാര്‍ട്ടിക്കുണ്ടായ ഉണര്‍വ് ഇല്ലാതാക്കാനേ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കു എന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.

ഹസന്റെ പ്രസ്താവന എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഓഖി ദുരന്തത്തിന്ശേഷം പിണറായി സര്‍ക്കാര്‍ ഏറെ പഴി കേട്ട സമയത്ത് പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുന്നതിനുളള അവസരം ഇല്ലാതാക്കാനാണ് കെ.പി.സി.സി. അധ്യക്ഷന്റെ പ്രസ്താവന ഉപകരിക്കപ്പെട്ടതെന്നാണ് എ. ഗ്രൂപ്പും ഐ. ഗ്രൂപ്പും ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ ഹസന്റെ പ്രസ്താവന ശരിയായില്ലെന്ന നിലപാടുമായി മുസ്ലിം ലീഗും രംഗത്തു വന്നു. കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമാണ് ഹസന്‍ പറഞ്ഞതെങ്കിലും ഈ വിഷയത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പിസം സജീവമാകുന്നത് യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്.

കോണ്‍ഗ്രസിനുളളില്‍ ഉമ്മന്‍ ചാണ്ടിയെ എതിര്‍ത്തിരുന്ന ചില മുതിര്‍ന്ന നേതാക്കളുമായി എം.എം. ഹസന്‍ അടുത്തയിടെ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്ന വിലയിരുത്തലാണ് എ. ഗ്രൂപ്പിനുളളത്. ഇവരുടെ പ്രേരണ ഹസന്റെ പ്രസ്താവനയ്ക്ക് പിന്നിലെന്ന സംശയമാണ് ചില എ. ഗ്രൂപ്പ് നേതാക്കള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഹസന്റേത് വാക്ക് പിഴയാണെന്ന് അഭിപ്രായവും ചില എ ഗ്രൂപ്പ് നേതാക്കള്‍ക്കുണ്ട്. ഹൈക്കമാന്‍ഡ് ഇടപെടലോടെ ഈ വിഷയം കെട്ടടങ്ങിയെങ്കിലും വരും ദിവസങ്ങളില്‍ ഇതിന്റെ പേരില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പു സമവാക്യങ്ങളില്‍ മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നവരും ഏറെയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button