Latest NewsNewsGulf

സൗദിക്ക് പിന്നാലെ മറ്റൊരു രാജ്യം കൂടി ഇസ്ലാമിക നിയമങ്ങളില്‍ അയവുവരുത്തുന്നു

സൗദിക്ക് പിന്നാലെ മറ്റൊരു രാജ്യം കൂടി ഇസ്ലാമിക നിയമങ്ങളില്‍ അയവുവരുത്തുന്നു. നിയമങ്ങളിലേറെയും ഇപ്പോഴും നിലവിലുണ്ടെങ്കിലും സ്ത്രീകളോടുള്ള സമീപനത്തില്‍ അടുത്ത കാലത്ത് ശ്രദ്ധേയമായ ചില മാറ്റങ്ങളുണ്ടായി. ചെറിയ തോതില്‍ നിയമലംഘനം നടത്തുന്നവരെ ജയിലിലടയ്ക്കേണ്ടെന്ന തീരുമാനമാണ് ഇറാന്‍ പൊലീസ് കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകളെ ജയിലിലടയ്ക്കേണ്ടെന്ന് തീരുമാനിച്ചതായി ടെഹ്റാന്‍ പൊലീസ് തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹുസൈന്‍ റഹീമി പറഞ്ഞു.

സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദം നല്‍കിയതും ഫുട്ബോള്‍ സ്റ്റേഡിയത്തിലിരുന്ന് കളികാണാനുള്ള സ്വാതന്ത്ര്യം നല്‍കിയതും അതില്‍ ചിലതാണ്. സൗദിയില്‍ വരുത്തിയ ഇളവുകളോട് സമാനമായി ഇറാനും സ്ത്രീ സൗഹൃദമായി നിയമങ്ങള്‍ തിരുത്തുകയാണ്. ശിക്ഷയ്ക്ക് പകരം ഇത്തരക്കാര്‍ക്ക് മതനിയമങ്ങളെക്കുറിച്ച്‌ അവബോധം നല്‍കുന്ന ക്ലാസ്സുകളാകും ഉണ്ടാവുക. ഇതിനായി, ടെഹ്റാനില്‍ മാത്രം നൂറോളം കൗണ്‍സലിങ് കേന്ദ്രങ്ങള്‍ തുറന്നതായും അദ്ദേഹം പറഞ്ഞു. തന്റെ മുന്‍ഗാമി ജനറല്‍ ഹുസൈന്‍ സജേദിനിയയില്‍നിന്ന് തികച്ചും വ്യത്യസ്തമായ നിലപാടാണ് റഹീമി ഇക്കാര്യത്തില്‍ പുലര്‍ത്തിയിട്ടുള്ളത്.

ശിരോവസ്ത്രം ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുകയോ തെറ്റായ രീതിയില്‍ ശിരോവസ്ത്രം ധരിക്കുകയോ ചെയ്തവരെ മതപൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കലായിരുന്നു സജേദിനിയയുടെ രീതി. ഏഴായിരത്തോളം പൊലീസുകാരെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുമാത്രമായി അദ്ദേഹം നിയോഗിച്ചിരുന്നു. ഇസ്ലാമിക നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കേസുകളെടുക്കുകയോ അവരെ തടവിലാക്കുകയോ വേണ്ടെന്നാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരക്കാര്‍ക്ക് നിയമബോധവത്കരണം നടത്താനാണ് തീരുമാനം. ഇതുവരെ 7913 പേരെ ഇത്തരം കൗണ്‍സലിങ് കേന്ദ്രങ്ങളിലെത്തിച്ച്‌ മതപഠനം നടത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഏതൊക്കെ മതനിയമങ്ങളാണ് ഇത്തരത്തില്‍ ഇളവുവരുത്തിയിട്ടുള്ളതെന്ന് റഹീമി വെളിപ്പെടുത്തിയിട്ടില്ല. ധനാഢ്യര്‍ താമസിക്കുന്ന മേഖലയില്‍ ഇത് പലപ്പോഴും നടപ്പാക്കുക ബുദ്ധിമുട്ടായി. ശിരോവസ്ത്രം ഫാഷന്റെ ഭാഗമായി മാറി. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് 2013-ല്‍ അധികാരമേല്‍ക്കുമ്പോള്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞിരുന്നു.

മതനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കലല്ല പൊലീസിന്റെ പണിയെന്നും അദ്ദേഹം നിലപാടെടുത്തിരുന്നു. കാറുകളില്‍ യാത്ര ചെയ്യുമ്പോള്‍ ശിരോവസ്ത്രം ഊര്‍ന്ന് താഴേക്കിറങ്ങിയാല്‍പ്പോലും പൊലീസ് കേസെടുത്തിരുന്നു. കാറില്‍ യാത്ര ചെയ്യുമ്പോള്‍, ശിരോവസ്ത്രം ശരിയാംവിധം ധരിക്കാതിരുന്ന 40000-ത്തോളം സ്ത്രീകള്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്ന് 2015 ഒടുവില്‍ ട്രാഫിക് പൊലീസ് പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. പിടിക്കപ്പെടുമ്ബോള്‍ത്തന്നെ പിഴയീടാക്കലാണ് ഇതിലെ ശിക്ഷ. 1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ശിരോവസ്ത്രം ഇറാനില്‍ നിര്‍ബന്ധമാണ്. എന്നാല്‍, നിയമത്തിലെ കാര്‍ക്കശ്യം ഓരോ മേഖലയനുസരിച്ച്‌ വ്യത്യാസപ്പെട്ടുവന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button