തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ 2018 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെ നാലു വര്‍ഷത്തേക്ക് നടപ്പാക്കുന്ന റെഗുലേഷന്‍ താരിഫ് കരട് സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി ഒന്ന് വൈകിട്ട് അഞ്ചുവരെ അഭിപ്രായങ്ങള്‍ നല്‍കാം. കരട് റഗുലേഷന്റെ പൂര്‍ണ രൂപം കമ്മീഷന്റെ വെബ്സൈറ്റില്‍ (www.erckerala.org) ലഭിക്കും.
കരട് റഗുലേഷന്മേലുള്ള പബ്ലിക് ഹിയറിംഗ് ജനുവരി മൂന്നിന് രാവിലെ 11 ന് എറണാകുളം ടൗണ്‍ഹാളിലെ മിനിഹാളിലും ജനുവരി 11 ന് രാവിലെ 11 ന് തിരുവനന്തപുരം കമ്മീഷന്‍ ഓഫീസിലും നടത്തും. പബ്ലിക് ഹിയറിംഗുകളില്‍ പങ്കെടുത്തും പൊതുജനങ്ങള്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും നേരിട്ട് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം.
കരട് താരിഫ് റഗുലേഷന്‍ 2018 പ്രകാരം കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡും മറ്റു ലൈസന്‍സികളും 2018 ഏപ്രില്‍ മുതല്‍ നാലു വര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്ന ചെലവുകളും നിലവിലുള്ള താരിഫില്‍ നിന്നു ലഭിക്കുന്ന വരുമാനവും പുതിയ താരിഫ് പരിഷ്‌കരണ നിര്‍ദേശങ്ങളും 2018 ഫെബ്രുവരി 28നു മുന്‍പ് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കണം. കരട് റഗുലേഷനില്‍ വൈദ്യുതി ലൈസന്‍സികളുടെ ചെലവുകളെ നിയന്ത്രിത ചെലവുകളെന്നും അനിയന്ത്രിത ചെലവുകളെന്നും രണ്ടായി തിരിച്ചിട്ടുണ്ട്. വൈദ്യുതി വാങ്ങല്‍ ചെലവ്, ടാക്സസ് ഡ്യൂട്ടീസ്, പണപ്പെരുപ്പം തുടങ്ങിയവയെ അനിയന്ത്രിത ചെലവുകളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളം, ഭരണ ചെലവുകള്‍, പ്രവര്‍ത്തന പരിപാലന ചെലവുകള്‍ തുടങ്ങിയവയാണ് നിയന്ത്രിത ചെലവുകളുടെ ഗണത്തിലുള്ളത്.
വൈദ്യുതി ബോര്‍ഡിന്റെയും മറ്റു ലൈസന്‍സികളുടെയും അടുത്ത നാലു വര്‍ഷത്തേക്കുള്ള ചെലവുകളും വിവിധ വിഭാഗം ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കുകളും മുന്‍കൂട്ടി നിശ്ചയിക്കുന്നതിനാല്‍ വൈദ്യുതി ചെലവുകള്‍ ഉപയോഗത്തിനനുസരിച്ച് ക്രമീകരിക്കുന്നതിനും അതിനനുസരിച്ച് ബിസിനസ് വിപുലപ്പെടുത്തുന്നതിനും സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ചെയര്‍മാന്‍ പറഞ്ഞു. കമ്മീഷന്‍ അംഗങ്ങളായ കെ. വിക്രമന്‍ നായര്‍, എസ്. വേണുഗോപാല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Post Your Comments