KeralaLatest NewsNews

കൊന്നു കത്തിച്ചിട്ട് അമ്മ ഒളിച്ചോടിയെന്നു വരുത്തിത്തീർക്കാൻ ശ്രമം: അമ്മയുണ്ടാക്കിയ ചോറും കറിയും കൊലക്കു ശേഷം ഭക്ഷിച്ചു : പേരൂർക്കടയിലെ കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ

തിരുവനന്തപുരം: പേരൂർക്കടയിലെ എൽ ഐ സി ഏജന്റ് ദീപയുടെ കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ അന്വേഷണം മറ്റു പലരിലേക്കും എത്തിയേക്കും. മയക്കു മരുന്നിനു ആവശ്യത്തിലേറെ പണം വേണ്ടിവന്നപ്പോൾ കൊടുക്കാൻ വിസമ്മതിച്ച അമ്മയെ മകൻ കൊലപ്പെടുത്തുകയായിരുന്നു എന്നതാണ് പുതിയ വിവരം. സിനിമകളില്‍ ലഹരി കണ്ടെത്തിയ അക്ഷയ് അശോക് അമ്മ ദീപയുടെ അടുപ്പത്തിൽ അല്ലായിരുന്നു. അമ്മയുടെ അവിഹിത കഥ ചര്‍ച്ചയാക്കി ഒളിച്ചോട്ടത്തില്‍ കാര്യങ്ങളെത്തിക്കാനായിരുന്നു നീക്കം.

ഇതിനായി സഹോദരിയോട്‌ സ്കൈപ്പിൽ സംസാരിക്കുകയും ചെയ്തു.തിരുവനന്തപുരത്ത് സെന്റ് തോമസ് എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിയായ അക്ഷയ് കോളേജില്‍ ഒരു കൂട്ടായ്മയായ ചാത്തൻ ഗ്രൂപ്പിന്റെ നേതാവായിരുന്നു. പഠന കാലത്ത് ലഹരിക്ക് അടിമപ്പെട്ടതോടെ പരീക്ഷകളില്‍ തോറ്റു. കുവൈറ്റിലുള്ള അച്ഛന്‍ അയച്ചു കൊടുക്കുന്ന തുക കൊണ്ട് കാര്യങ്ങള്‍ നടത്താതെയായി. അപ്പോഴാണ് പുതിയ തന്ത്രവുമായി അമ്മയ്ക്ക് മുന്നിലെത്തിയത്. മയക്കുമരുന്ന് വാങ്ങാനെന്ന് ഉറപ്പുള്ളതു കൊണ്ട് തന്നെ ദീപ പണം നൽകിയില്ല.

അതോടെ തലക്കടിച്ചു കൊലപ്പെടുത്തി ബെഡ്ഷീറ്റ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. വീട്ടിന് അടുത്ത് ചെറിയ കുഴിയായതിനാല്‍ കുഴിച്ചു മൂടുക പ്രയാസമായിരുന്നു. അതുകൊണ്ട് മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു. ഒന്നും അറിയാത്ത പോലെ അമ്മയെ കാണാനില്ലെന്ന് സഹോദരിയേയും ബന്ധുക്കളേയും അറിയിച്ചു. അമ്മയെ രാവിലേയും കണ്ടില്ലെങ്കില്‍ പൊലീസില്‍ പരാതി കൊടുക്കാന്‍ ബന്ധുക്കള്‍ തയ്യാറെടുക്കുന്നതായി അക്ഷയ് തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ബന്ധുക്കളെ അറിയിച്ചത്.അക്ഷയ് മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് മനസ്സിലാക്കി.

മൊഴികളിലെ വൈരുദ്ധ്യം അക്ഷയിനെ കുരുക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ നടന്നത് അക്ഷയ് തുറന്നു പറഞ്ഞു. അപ്പോഴും കുറ്റബോധമൊന്നും അക്ഷയിനില്ലായിരുന്നു. സമീപവാസികളുമായി അടുപ്പത്തിലല്ലായിരുന്നു അമ്മ. ഇവരുടെ വീടിന്റെ മതിലിനോട് ചേര്‍ന്ന് നാല് വീടുകളുണ്ട്. മതിലിനടുത്തായി മൃതദേഹം കത്തിച്ചിട്ടും ആരും അറിഞ്ഞില്ലെന്ന മൊഴികളില്‍ സംശയമുണ്ട്. രാത്രിയില്‍ പതിവായി ചവര്‍ കത്തിക്കാറുള്ളതിനാല്‍ തീ കണ്ടാലും ശ്രദ്ധിക്കുമായിരുന്നില്ല എന്നാണ് അയല്‍ക്കാരുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. എഞ്ചിനിയറിങ് കോളേജില്‍ സകലകലാ വല്ലഭനായിരുന്നു അക്ഷയ്. പക്ഷേ ലഹരി കൂടിയായപ്പോള്‍ ജീവിതം കൈവിട്ടു പോയി.

അമ്മ ശത്രു പക്ഷത്തായി. വിദേശത്തുള്ള അച്ഛനും സഹോദരിയും കാര്യങ്ങള്‍ അറിഞ്ഞതോടെ പരമാവധി അകലം പാലിച്ചു. എങ്ങനേയും അക്ഷയിനെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാന്‍ പരമാവധി ശ്രമിച്ചു. മയക്കുമരുന്നിന് അടിമയായതോടെ ജീവിതം കൈവിട്ടു പോയി. പെറ്റമ്മയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയശേഷം വീട്ടുപറമ്പില്‍ കത്തിച്ചുകൊണ്ടിരിക്കെയാണ് അക്ഷയിന് കൂട്ടുകാരൻ ഹരികൃഷ്ണന്റെ ഫോൺ വന്നത്. ഐസ്ക്രീം കഴിക്കാൻ ഉള്ള കൂട്ടുകാരന്റെ ക്ഷണം സ്വീകരിച്ച അക്ഷയ്, അമ്മയുടെ മൃതദേഹത്തിന് മേല്‍ ശേഷിച്ച മണ്ണെണ്ണകൂടി തൂവി വിറകും കൊതുമ്പും മൂടി കത്തിച്ചു.പിന്നീട് കൈകാലുകള്‍ കഴുകിയശേഷം ബൈക്കെടുത്ത് നാലാഞ്ചിറയിലെ ഐസ് ക്രീം പാര്‍ലറിലേക്ക് എത്തുകയും ചെയ്തു. നാലുമണിവരെ സുഹൃത്തുക്കള്‍ക്കൊപ്പം ഐസ് ക്രീം കഴിച്ചും കളിതമാശകള്‍ പറഞ്ഞ് ചിരിച്ചുല്ലസിച്ചും കഴിഞ്ഞു.

നഗരത്തിലെ ഒരു തീയറ്ററില്‍ സിനിമ കഴിഞ്ഞ് വീട്ടില്‍ വന്നശേഷമുണ്ടായ അരുതാത്ത സംഭവങ്ങളുടെ ഭാവഭേദങ്ങളൊന്നും അക്ഷയിന്റെ മുഖത്ത് ആര്‍ക്കും കാണാൻ കഴിഞ്ഞതുമില്ല. കൂട്ടുകാരുമായി പിരിഞ്ഞ ശേഷം അക്ഷയ് വീട്ടിലെത്തിയപ്പോഴും അമ്മയുടെ മൃതദേഹത്തിൽ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. ഒരിക്കല്‍ കൂടി അവിടെചെന്ന് ശരീരം മുഴുവന്‍ കത്തിയോയെന്ന് നോക്കിയശേഷം ചുറ്റും ചിതറിക്കിടന്ന വിറകും കൊതുമ്പും അതിലേക്കിട്ടു കത്തിച്ചു. കുളിമുറിയില്‍ കയറി കുളിച്ച്‌ വൃത്തിയായി വീട്ടില്‍ കയറി കതകടച്ചു.

സന്ധ്യാനേരമായതോടെ വീട്ടിലെ പൂജാമുറിയില്‍ നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിച്ചു.  പ്രാര്‍ത്ഥനയ്ക്കുശേഷം അമ്മയുടെ പ്രാണന്‍ പിടഞ്ഞ വീട്ടിലെ ഡൈനിംഗ് ഹാളില്‍ അമ്മ തയ്യാറാക്കി വച്ചിരുന്ന ചോറും കറികളും കഴിച്ചു.അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ കുറ്റബോധമോ വിഷമമോ ഒന്നും കാട്ടാതെ സഹോദരിയേയും അടുത്ത ബന്ധുക്കളേയും ഫോണ്‍ ചെയ്ത് അമ്മയെ കാണാനില്ലെന്ന വിവരം പറഞ്ഞു. രാവിലെ തന്നെ ഹരികൃഷ്ണനെന്ന സുഹൃത്തിനെ വിളിച്ചിട്ട് തനിക്ക് സുഖമില്ലെന്നും ഉടന്‍ വീട്ടിലേക്ക് വരണമെന്നും പറഞ്ഞു.

ഹരികൃഷ്ണനെത്തിയപ്പോള്‍ കുളിമുറിക്ക് സമീപം എന്തോ കിടക്കുന്നതായും പോയി നോക്കാനും പറഞ്ഞു. ഹരികൃഷ്ണന്‍ അവിടെ പോയി നോക്കിയശേഷം മൃതദേഹം കത്തിച്ചതാണെന്നും ഉടന്‍ ആരെയെങ്കിലും അറിയിക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് അക്ഷയ് അമ്മാവനെ വിളിച്ചിട്ട് അത്യാവശ്യമായും വീടുവരെ വരണമെന്ന് അറിയിച്ചു. അല്‍പ്പസമയത്തിനകം അമ്മാവനും ബന്ധുക്കളുമെത്തിയപ്പോള്‍ അമ്മ ആത്മഹത്യ ചെയ്തതായി വെളിപ്പെടുത്തി.

മരിച്ചത് ദീപയാണോയെന്ന് ഉറപ്പിക്കാന്‍ മകള്‍ അനഘയുടെ രക്തസാമ്പിളുകള്‍ പൊലീസ് ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button