കണ്ണൂർ: സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക് ബാങ്ക് മാതൃകയില്‍ കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഹലാല്‍ ഫായിദ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഭിന്നത. മുസ്ലീം മത വിഭാഗങ്ങളെ പാര്‍ട്ടിയോടടുപ്പിക്കാനും പ്രീണിപ്പിക്കാനുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആരംഭിച്ച ബാങ്കിന്റെ രൂപീകരണവും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കിടയിലും ശക്തമായ അഭിപ്രായഭിന്നതയാണ് നിലനില്‍ക്കുന്നത്.
വേണ്ടത്ര പഠനം നടത്താതെയോ വിദഗ്ധരുമായി ആലോചിക്കാതെയോ ആണ് കണ്ണൂരില്‍ ബാങ്കിന് തുടക്കമിട്ടതെന്നാണ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ പലിശ രഹിത ബാങ്കിനെ കുറിച്ച് തനിക്കുളള ആശങ്ക പങ്കുവെയ്ക്കുകയുണ്ടായി. മറ്റ് രാജ്യങ്ങളില്‍ പലിശ രഹിതമായോ കുറഞ്ഞ പലിശക്കോ ഇടപാടു നടത്താന്‍ കഴിയുമെങ്കിലും ഇന്ത്യയില്‍ കുറഞ്ഞ പലിശക്ക് പോലും ധന ഇടപാടുകള്‍ നടത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കണ്ണൂരിലെ പാര്‍ട്ടി നേതാക്കളെ ഓര്‍മിപ്പിക്കുകയുണ്ടായി.
ബാങ്കിന്റെ രൂപീകരണവും പ്രവര്‍ത്തനവും ഭരണഘടനാ വിരുദ്ധമാണെന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ബാങ്കിന്റെ രൂപീകരണവും പ്രവര്‍ത്തനവും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും റിസര്‍വ്വ ബാങ്ക് ഉദ്യോഗസ്ഥരും സസൂക്ഷ്മം നിരീക്ഷിക്കുന്നതായി ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments