കൊല്‍ക്കത്ത: സിനിമാ കഥാപാത്രങ്ങള്‍ക്ക് ഹൈന്ദവ ദൈവങ്ങളുടെ പേര് നല്‍കുന്നതിനെതിരെ പ്രമുഖ സംഘടന രംഗത്ത്. സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് ‘രാം, സീത’ എന്നീ പേരുകള്‍ നല്‍കരുതെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച്. ബംഗാളി സിനിമയായ ‘രൊംഗ് ബെരൊംഗേര്‍ കൊരി’ ക്കെതിരെയാണ് സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമയിലെ മുഖ്യ കഥാപാത്രങ്ങള്‍ക്ക് ‘രാം, സീത’ എന്നീ പേരുകള്‍ നല്‍കിയത് പിന്‍വലിക്കണമെന്നും അല്ലത്തപക്ഷം സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട സംഘടന ഇക്കാര്യം ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡിന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.
ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളായ രാം, സീത എന്നിവര്‍ വിവാഹമോചിതരാകുന്നതായാണ് പറയുന്നത്. അതുകൊണ്ടു തന്നെ ഇത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുമെന്നും കത്തില്‍ പറയുന്നു. കഥാപാത്രങ്ങള്‍ക്ക് ഹൈന്ദവ ദൈവങ്ങളുടെ പേരിടുന്ന പ്രവണത ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും സംഘടനാ വക്താവ് വിവേക് സിങ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നല്‍കിയ കത്തില്‍ പറയുന്നു.
എന്നാല്‍, തന്റെ കഥാപാത്രങ്ങള്‍ക്ക് പുരാണവുമായി യാതൊരു ബന്ധവും ഇല്ലെന്നും ശ്രദ്ധിക്കപ്പെടാനുള്ള സംഘടനയുടെ തന്ത്രം മാത്രമാണ് ഇതെന്നും സംവിധായകന്‍ രഞ്ജന്‍ ഘോഷ് പറഞ്ഞു. ഹിന്ദു കുടുംബങ്ങളിലെല്ലാം ഇത്തരം പേരുകള്‍ സാധാരണമാണ്. ഈ പേരുകളെല്ലാം മാറ്റണമെന്നും ഇനി സംഘടനകള്‍ ആവശ്യപ്പെടുമോ എന്നും ഘോഷ് ചോദിക്കുന്നു. സിനിമ റിലീസായിട്ടില്ലെന്നും ചിത്രം കാണുക പോലും ചെയ്യാതെയാണ് ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി ഒരു കൂട്ടര്‍ രംഗത്തെത്തിയിരിക്കുന്നതെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments