മധുവിധു നാളിലെത്തിയ ബ്ലീഡിങ് തകർത്തത് താലിതാ സര്ജിയന്റ്റ് എന്ന 29 കാരിയുടെ ജീവിതമാണ്. താലിതയുടെയും നഴ്സ് ആയ മാത്യുവിന്റെയും വിവാഹം 2016 ഒക്ടോബറിലായിരുന്നു. മധുവിധു ആഘോഷിക്കാനായി അമേരിക്കയിലേക്ക് പറന്ന ഇവരുടെ ജീവിതം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. സാന്‍ ഫ്രാന്‍സിസ്കോയില്‍ എത്തിയപ്പോഴാണ് താലിത തനിക്ക് ബ്ലീഡിങ് ആരംഭിച്ചതായി മനസ്സിലാക്കിയത്. ഇത് ആര്‍ത്തവമായിരിക്കും എന്നായിരുന്നു താലിത കരുതിയിരുന്നത്.
പക്ഷെ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോൾ താലിതയ്ക്ക് അസ്വാഭാവികമായി എന്തോ അനുഭവപ്പെട്ടു. ബാത്ത്റൂമില്‍ എത്തിയ അവള്‍ക്ക് തലച്ചുറ്റുന്നത് പോലെ തോന്നി. ബാത്ത്റൂമും അവളുടെ വസ്ത്രങ്ങളുമെല്ലാം രക്തമയമായി മാറി. തിരികെ മുറിയില്‍ വന്നപ്പോഴേക്കും രക്തസ്രാവം കുറഞ്ഞതിനാല്‍ താലിത ഈ സംഭവം മറക്കുകയും ചെയ്തു. എന്നാൽ അടുത്തദിവസവും ഇതാവര്‍ത്തിച്ചതോടെ ഡോക്ടറെ കാണാൻ തീരുമാനിച്ചു. പരിശോധനയിൽ താലിതയുടെ സെര്‍വിക്സ് ഭാഗത്ത് ചെറിയ മാറ്റങ്ങള്‍ കണ്ടു. 7cm ഓളം വളര്‍ച്ചയുള്ള ട്യൂമര്‍ ആണ് താലിതയുടെ സെര്‍വിക്സില്‍ കണ്ടെത്തിയത്. സെര്‍വിക്കല്‍ കാന്‍സറിന്റെ രണ്ടാം സ്റ്റേജിലായിരുന്നു താലിത.
ചികിത്സയുടെ ഭാഗമായി തന്റെ അണ്ഡാശയങ്ങള്‍ നീക്കം ചെയ്യേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത് വേദനയോടെയാണ് അവള് കേട്ടത്. ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് താലിതയെ തളർത്തി. മൂന്നു മാസങ്ങള്‍ക്കു ശേഷം താലിതയുടെ ട്യൂമര്‍ ഭേദമായെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ അപ്പോഴേക്കും കാന്‍സര്‍ കോശങ്ങള്‍ അവളുടെ മാറിടത്തിലും വയറ്റിലേക്കും പടര്‍ന്നു കഴിഞ്ഞിരുന്നു. രണ്ടോ മൂന്നോ വര്‍ഷമാണ് താലിതയ്ക്ക് ഡോക്ടര്‍മാര്‍ നല്കിയ ആയുസ്സ്. അക്കാലമത്രയും സന്തോഷത്തോടെ കഴിയാനാണ് താലിത ഇപ്പോൾ ശ്രമിക്കുന്നത്.
Post Your Comments