തിരുവനന്തപുരം: ഇസ്ലാമിക് ബാങ്കിങ് രീതിയില്‍ സഹകരണ സംഘം ആരംഭിക്കാനുള്ള സിപിഎം നീക്കം പ്രായോഗികമല്ലെന്ന് മുസ്ലീം ലീഗ്. പലിശരഹിത ബാങ്കിങിനെക്കുറിച്ച് മുഖ്യമന്ത്രി തന്നെ ആശങ്ക പ്രകടിപ്പിച്ചത് ഇതിന്റെ ഭാഗമായാണെന്നും മുസ്ലീം ലീഗ് നേതാക്കളായ കെപിഎ മജീദ്, ഇടി മുഹമ്മദ് ബഷീര്‍ എംപി എന്നിവര്‍ പറഞ്ഞു.
സിപിഎം നേതൃത്വത്തില്‍ കണ്ണൂരിലാണ് ഹലാല്‍ ഫായിദ എന്ന പേരില്‍ സഹകരണ പ്രസ്ഥാനം ആരംഭിക്കുന്നത്. ഇസ്ലാമിക് ബാങ്കിങ് മാതൃകയില്‍ പലിശരഹിത ബാങ്കിങ് സംവിധാനം നടപ്പാക്കലാണ് ഹലാല്‍ ഫായിദയുടെ ലക്ഷ്യം. സഹകരണ സംഘത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി കഴിഞ്ഞദിവസം നിര്‍വഹിച്ചിരുന്നു.
ഉദ്ഘാടന പ്രസംഗത്തിനിടെയാണ് പലിശരഹിത ബാങ്കിങിനെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം പങ്കുവെച്ചത്. പലിശരഹിത ബാങ്കിങ് നടപ്പാക്കുമ്പോള്‍ ഭാവിയിലുണ്ടായേക്കാവുന്ന ക്രമപ്രശ്‌നങ്ങളെക്കുറിച്ച് നേരത്തെ വ്യക്തത വേണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കാര്‍ഷിക വായ്പ പലിശരഹിതമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ നബാര്‍ഡ് എതിര്‍ത്തത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവിലെ നടപടിക്രമങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുമ്പോള്‍ ഭാവിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments