തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പിന്തുണക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തിയതില്‍ കേരളം പ്രത്യേക നന്ദി രേഖപ്പെടുത്തി. ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാനും ദുരിതാശ്വാസത്തിനും സംസ്ഥാന സര്‍ക്കാര്‍ സമയോചിതമായി ഇടപ്പെട്ടതിനെ വിലമതിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസവും മുന്നോട്ടുകൊണ്ടു പോകുന്നതിന് സംസ്ഥാന സര്‍ക്കാരിന് പ്രചോദനമായെന്നും കത്തില്‍ വ്യക്തമാക്കുന്നു.
ദുരന്ത സ്ഥലത്ത് ആദ്യം പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശനം നടത്തിയിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രിയും തിരുവനന്തപുരത്തെ തീരപ്രദേശങ്ങളും കന്യാകുമാരിയും സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനം സമര്‍പ്പിച്ച ഓഖി പുനരധിവാസ പുനര്‍നിര്‍മാണ പാക്കേജ് പരിഗണിക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തില്‍ കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
Post Your Comments