ബംഗലൂരു: ബംഗലൂരുവില്‍ 29കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ കാണാതായ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ബ്രിട്ടീഷ് ടെലികോം കമ്പനിയിലെ ജീവനക്കാരനായ പാറ്റ്‌ന സ്വദേശി അജിതാഭ് കുമാറിനെ കാണാതായത്. ഓണ്‍ലൈന്‍ വിപണിയായ ഒഎല്‍എക്‌സില്‍ കാര്‍ വില്‍പ്പനയ്‌ക്കെന്ന പരസ്യം അജിതാഭ് നല്‍കിയിരുന്നു. കാര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് അജിതാഭിനെ ഒരാള്‍ വിളിച്ചിരുന്നുവെന്നും ഇതിന്റെ ആവശ്യത്തിനായി വൈകീട്ട് 6.30ന് വീട്ടില്‍ നിന്ന് പോയ അജിതാഭ് പിന്നെ തിരിച്ചു വന്നില്ലെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്.
അജിതാഭിന്റെ മൊബൈല്‍ സ്വിച്ച് ഓഫാണ്. വാട്‌സ്ആപ്പില്‍ തിങ്കളാഴ്ച വൈകീട്ട് 7.10 വരെ അജിതാഭ് ആക്ടീവ് ആയിരുന്നെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.2010 മുതല്‍ വൈറ്റ്ഫീല്‍ഡിലുള്ള ഒരു വീട്ടില്‍ ബാല്യകാല സുഹൃത്തുകൂടിയായ രവിക്കൊപ്പമാണ് അജിതാഭ് താമസിച്ചിരുന്നത്.
കൊല്‍ക്കത്ത ഐഐഎമ്മില്‍ നിന്ന് എക്‌സിക്യൂട്ടീവ് എംബിഎ ചെയ്യുന്നതിനായി ഡിസംബര്‍ 20നകം 5 ലക്ഷം അടക്കണമായിരുന്നു. അതിനായിട്ടാണ് അജിതാഭ് കാര്‍ വില്‍പ്പനയ്ക്ക് വെച്ചതെന്നാണ് കരുതുന്നത്. എങ്ങോട്ടാണ് പോകുന്നതെന്ന് അജിതാഭ് പറഞ്ഞിരുന്നില്ലെന്ന് സുഹൃത്ത് രവി പറഞ്ഞു. കാറും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഗുഞ്ചൂര്‍ പരിസര പ്രദേശങ്ങളില്‍ വെച്ചാണ് അജിതാഭിന്റെ ഫോണ്‍ സ്വിച്ച് ഓഫായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments