അബുദാബി: കനത്ത മൂടല്‍മഞ്ഞ് തുടരുന്നതിനാല്‍ അബുദാബി വിമാനത്താവളത്തില്‍ നിന്നുള്ള മിക്ക വിമാനസര്‍വീസുകളും റദ്ദാക്കി. കേരളത്തിലേക്ക് ഉള്‍പ്പടെയുള്ള വിമാന സര്‍വീസുകളില്‍ പലതുമാണ് റദ്ദാക്കുകയും വൈകുകകയും ചെയ്തത്. പുലര്‍ച്ചെ അനുഭവപ്പെടുന്ന കനത്ത മൂടല്‍മഞ്ഞാണ് രണ്ടാം ദിവസവും അബുദാബിയില്‍ വിമാന സര്‍വീസിനെ ബാധിച്ചത്. കനത്ത മൂടല്‍മഞ്ഞുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന ഇത്തിഹാദ് എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള സര്‍വീസുകളാണു റദ്ദാക്കുകയും സമയക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്തത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള ഇത്തിഹാദ് എയര്‍വേയ്‌സ്, ജെറ്റ് എയര്‍വേയ്‌സ്, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളിലെ ഒട്ടേറെ യാത്രക്കാരും ഇതോടെ ദുരിതത്തിലായി. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും സൗദി അറേബ്യ, കുവൈറ്റ് സിറ്റി, ബഹ്‌റൈന്‍, മസ്‌കറ്റ്, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസിനെയും ബാധിച്ചു. യാത്ര തടസ്സപ്പെട്ടവര്‍ക്ക് ഇത്തിഹാദ് എയര്‍വേയ്‌സ് താമസ സൗകര്യവും ഭക്ഷണവും നല്‍കിയതു യാത്രക്കാര്‍ക്ക് ആശ്വാസമായി.എന്നാല്‍ എല്ലാ വിമാനയാത്രക്കാര്‍ക്കും ഈ സൗകര്യം ലഭിച്ചില്ലെന്ന പരാതിയുണ്ട്.
വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും സമയമാറ്റം വരുത്തുകയും ചെയ്തതോടെ ഒട്ടേറെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇന്നും നാളെയും പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. അര്‍ധരാത്രിക്കുശേഷമുള്ള വിമാന സര്‍വീസുകളെയാണ് മൂടല്‍മഞ്ഞു തടസ്സപ്പെടുത്തുന്നത്.
Post Your Comments