പാറശാല: പള്ളിവളപ്പില്‍ കടന്നു ബൈക്ക് യാത്രികരെ പിടികൂടാനെത്തിയ പൊലീസിനെ ഒരു മണിക്കൂറോളം പൂട്ടിയിട്ടു. മൂന്നുപേരുമായെത്തിയ ബൈക്കിനെ പിടികൂടാന്‍ പട്രോളിങ്ങിനു പോകുകയായിരുന്ന പൊലീസ് ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതില്‍ ഒരാള്‍ പള്ളിവളപ്പിലേക്ക് ഒാടിക്കയറി. പിന്തുടര്ന്നെത്തിയ എസ്ഐയും സംഘവും പള്ളിവളപ്പില്‍ കയറി പിടികൂടാന്‍ ശ്രമിച്ചു. ക്രിസ്മസ് പരിപാടികള്‍ക്കായി പള്ളിവളപ്പില്‍ പുല്‍ക്കൂട് ഒരുക്കുകയായിരുന്ന യുവാക്കളാണു ബൈക്കില്‍ പോയതെന്ന് അറിയിച്ചെങ്കിലും വിടാന്‍ പൊലീസ് തയാറായില്ല.
സംഭവം വഷളാകുന്നതു കണ്ടു വൈദികര്‍ പൊലീസുകാരെ കമ്മിറ്റിഒാഫിസിലേക്ക് എത്തിച്ചതോടെ പിന്തുടര്ന്നെത്തിയ ജനക്കൂട്ടം ഒാഫിസ് വളഞ്ഞതു സ്ഥിതിഗതികള്‍ രൂക്ഷമാക്കി. പൊലീസുകാര്‍ക്ക് മര്‍ദ്ദനം ഏല്‍ക്കാതിരിക്കാനായിരുന്നു പള്ളി മുറിയില്‍ ഇവരെ എത്തിച്ചത്. പക്ഷേ പ്രതിഷേധം തുടര്‍ന്നു. വൈദികരും, ഇടവക ഭാരവാഹികളും ഇടപെട്ടെങ്കിലും പ്രശ്നം ഒഴിവായില്ല. ഒടുവില്‍ പാറശാല സിഐ സ്ഥലത്തെത്തി പള്ളി വളപ്പില്‍ പൊലീസ് കടക്കില്ലെന്ന് എഴുതി നല്‍കിയെങ്കിലും എസ്ഐ മാപ്പു പറയാതെ വിടില്ലെന്ന നിലപാടിലായിരുന്നു വിശ്വാസികള്‍.
രാത്രി 10.30ഒാടെ എസ്ഐ മാപ്പു പറയാന്‍ തയ്യാറായി. ഇതോടെ പൊലീസിനെ വിട്ടയച്ചു. പിന്നീട് കൂടുതല്‍ പൊലീസെത്തി എസ്ഐയെ ജീപ്പിലെത്തിച്ചു റോഡിലേക്ക് ഇറങ്ങവേ ജിപ്പിനു നേരെ കല്ലേറുണ്ടായി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം ലാത്തി ചാര്‍ജ് നടത്തി. എന്നിട്ടും പിരിഞ്ഞു പോകാന്‍ ആരും തയാറായില്ല. ഇന്നലെ രാത്രി 9.00നു പാറശാലയ്ക്ക് അടുത്ത് ചെരുവാരക്കോണത്താണു സംഭവം.
Post Your Comments