ബെയ്ജിങ്: ടിയനന്‍മെന്‍ സ്‌ക്വയറില്‍ വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് രഹസ്യരേഖ പുറത്ത്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സംഭവമാണ് ടിയനന്‍മെന്‍ സ്‌ക്വയര്‍ വിദ്യാര്‍ഥി പ്രക്ഷോഭം. പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ച സൈനിക നടപടിയില്‍ 10,000 പേരാണ് അതിക്രൂരമായി കൊല്ലപ്പെട്ടതെന്ന് വെളിപ്പെടുത്തുന്ന രേഖയാണ് പുറത്തായത്. ഇതുവരെയുള്ള കണക്കുകളുടെ പതിന്‍മടങ്ങാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അന്ന് ചൈനയിലെ ബ്രിട്ടീഷ് സ്ഥാനപതിയായിരുന്ന അലന്‍ ഡൊണാള്‍ഡിനെ ഉദ്ധരിച്ചാണ് രഹസ്യരേഖയിലെ വിവരങ്ങളുള്ളത്. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ചൈന സൈനികനടപടി സ്വീകരിച്ചതിന് പിറ്റേന്ന് 10,000 പേര്‍ കൊല്ലപ്പെട്ടതായി ചൂണ്ടിക്കാട്ടി അലന്‍ ഡൊണാള്‍ഡ് ലണ്ടനിലെ അധികാരികള്‍ക്ക് ടെലഗ്രാം ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നത്. സംഭവം നടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ രേഖ പുറത്തുവിട്ടത്. അടുത്ത കാലത്ത് യുഎസ് പുറത്തുവിട്ട കണക്കുമായി ചേര്‍ന്നുപോകുന്നതിനാല്‍, ചൈനീസ് സര്‍ക്കാരിന്റെ നടപടിയില്‍ 10,000 പേര്‍ കൊല്ലപ്പെട്ടെന്ന കണക്ക് വിശ്വസനീയമാണെന്നാണ് ചരിത്രകാരന്‍മാരുടെ വിലയിരുത്തല്‍.
ചൈനീസ് ഭരണകൂടത്തിനെതിരെ 1989ലാണ് ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ ബെയ്ജിങ്ങിലെ തെരുവിലിറങ്ങിയത്. ചത്വരത്തില്‍ ആറാഴ്ച നീണ്ട സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ 1989 ജൂണ്‍ നാലിനു നിരായുധരായ ആയിരത്തോളം പേരെ ടാങ്കുകളുമായി ഇരച്ചുകയറിയ ചൈനീസ് പട്ടാളം കൊന്നൊടുക്കിയെന്നാണ് അന്ന് വന്ന വാര്‍ത്തകള്‍. പക്ഷേ സംഭവത്തില്‍ എത്ര പേര്‍ മരിച്ചെന്നുള്ള കണക്ക് ചൈന പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴും ചൈന രഹസ്യമാക്കിവച്ചിരിക്കുന്നതിന്റെ ചുരുളഴിയിക്കുകയാണ് ബ്രിട്ടന്റെ രഹസ്യരേഖ.
അതേസമയം, സൈനികനടപടി ശരിയായിരുന്നുവെന്നു ചരിത്രം തെളിയിച്ചുവെന്നാണു ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. ടിയനന്‍മെന്‍ സ്‌ക്വയര്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ സ്മരണ പുതുക്കാനായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമം എല്ലാ വര്‍ഷവും ചൈനയില്‍ വന്‍ പ്രതിസന്ധി തീര്‍ക്കാറുണ്ട്. സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും ടിയനന്‍മെന്‍ സ്‌ക്വയര്‍ സ്ഥിതി ചെയ്യുന്ന മേഖലയില്‍ ഈ ദിവസങ്ങളില്‍ പ്രവേശനം നിഷേധിച്ചും പ്രതിഷേധങ്ങള്‍ മുളയിലേ നുള്ളുന്നതാണ് ചൈനീസ് അധികാരികളുടെ രീതി. ഒരു മുദ്രാവാക്യമോ പരാമര്‍ശമോ പോലും ഉയരാതിരിക്കാന്‍ നഗരവീഥികളില്‍ പൊലീസും ഇന്റര്‍നെറ്റില്‍ സൈബര്‍ പൊലീസും പിടിമുറുക്കുകയും ചെയ്യും.
പ്രക്ഷോഭകാരികളെ ലക്ഷ്യമിട്ട് ചൈനീസ് സൈന്യം നടത്തിയ മനുഷ്യനായാട്ടിന്റെ ക്രൂരത വെളിപ്പെടുത്തുന്നതാണ് രഹസ്യരേഖയിലുള്ളത്. ഒരു മണിക്കൂറിനുള്ളില്‍ ചത്വരം വിട്ടുപോകാന്‍ വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനം നല്‍കിയെങ്കിലും അതിനുപോലും അനുവദിക്കാതെ 10 മിനിറ്റിനുള്ളില്‍ത്തന്നെ ടാങ്കുകളുമായി സൈന്യം വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇരച്ചുകയറിയെന്നാണ് വെളിപ്പെടുത്തല്‍. മരിച്ചുവീണ വിദ്യാര്‍ഥികളുടെ ദേഹത്തുകൂടി ടാങ്കുകള്‍ തുടര്‍ച്ചയായി കയറിയിറങ്ങി. അവശിഷ്ടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് വാരി മാറ്റിയതെന്നും രേഖയില്‍ പറയുന്നു. ഇവ കൂട്ടിയിട്ട് കത്തിച്ചശേഷം ചാരം ഓടയിലൊഴുക്കുകയും ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍.
Post Your Comments