തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ആവേശത്തിലായിരുന്നു തൈക്കാട് ഗസ്റ്റ് ഹൗസിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ ഇവിടെ തങ്ങുന്നത്. മുന്‍ പ്രധാമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, അടല്‍ ബിഹാരി വാജ്പെയ് എന്നിവര്‍ തലസ്ഥാനത്ത് എത്തുമ്പോള്‍ തങ്ങിയിരുന്നത് രാജ്ഭവനിലോ, ഹോട്ടലുകളിലോ ആയിരുന്നു.
ഓഖി ദുരന്തത്തിന്റെ ആഘാതങ്ങള്‍ നേരിട്ടറിയാന്‍ 19ന് ആണ് മോദി തിരുവനന്തപുരത്ത് എത്തിയത്. തുടര്‍ന്ന് പ്രധാനമന്ത്രി ഇവിടെ തങ്ങാനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു. ഒരു മണിക്കൂറോളം ഇവിടെ പ്രധാനമന്ത്രിയുണ്ടായിരുന്നു. ഇതില്‍ 45 മിനിറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍, ഓഖി ദുരന്തബാധിതരായ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികള്‍, ബിഷപ്പുമാരുടെ സംഘം, ദേശീയ-സംസ്ഥാന ബിജെപി നേതാക്കള്‍ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി.
ഏകദിന സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രിക്ക് 10 മിനിറ്റ് വിശ്രമിക്കാനുള്ള സൗകര്യങ്ങളും ഒരുക്കണമായിരുന്നു. പ്രധാനമന്ത്രിയുടെ ഈ പരിപാടികള്‍ക്കെല്ലാം പറ്റുന്ന വേദിയെന്ന നിലയിലാണ് ഗസ്റ്റ് ഹൗസ് സംസ്ഥാനസര്‍ക്കാര്‍ തിരഞ്ഞെടുത്തത്. 24 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രിക്ക് അനുയോജ്യമായ രീതിയില്‍ സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്താന്‍ കഴിയുമോയെന്നായിരുന്നു ചോദ്യം. പ്രോട്ടോകോള്‍, ടൂറിസ്റ്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ തീരുമാനത്തിന് അംഗീകാരം നല്‍കിയതിനു പിന്നാലെ നിശ്ചിത സമയത്തിനുള്ളില്‍ ഗസ്റ്റ് ഹൗസ് മോദിയെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയായിരുന്നുവെന്ന് ദേശീയമാധ്യമമായ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ക്കൊപ്പം ഫോട്ടോയെടുത്ത് നന്ദിയും പറഞ്ഞാണ് മോദി മടങ്ങിയത്. ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ സര്‍ക്കാര്‍ വക താമസ സൗകര്യങ്ങള്‍ ലഭ്യമാണെങ്കില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസം ഒഴിവാക്കണമെന്ന് ഓഗസ്റ്റില്‍ മന്ത്രിമാര്‍ക്ക് മോദി നിര്‍ദേശം നല്‍കിയിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതു അക്ഷരാര്‍ഥത്തില്‍ സ്വയം പാലിക്കുകയായിരുന്നു തൈക്കാട് ഗസ്റ്റ് ഹൗസില്‍ മോദി തങ്ങിയതുവഴി.
Post Your Comments