ന്യൂഡല്‍ഹി: പതിനേഴു വര്‍ഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രമുഖ ടിവി സീരിയല്‍ നിര്‍മാതാവും ക്രൈം ഷോ അവതാരകനുമായ സുഹൈബ് ഇല്യാസിക്ക് ഡല്‍ഹി കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. രണ്ടു ലക്ഷം രൂപ പിഴയും അടയ്ക്കണം. കൊല്ലപ്പെട്ട അഞ്ജുവിന്റെ മാതാപിതാക്കള്‍ക്കു 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഈ തുക ഇല്യാസിയില്‍നിന്ന് ഈടാക്കണമെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ്.കെ. മല്‍ഹോത്ര ഉത്തരവിട്ടു. ഭാര്യ അഞ്ജുവിനെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസില്‍ ഇല്യാസി കുറ്റക്കാരനാണെന്നു 16 നു കോടതി വിധിച്ചിരുന്നു.
2000 ജനുവരി 11 നാണ് കിഴക്കന്‍ ഡല്‍ഹിയിലെ വസതിയില്‍ ഇല്യാസിയുടെ ഭാര്യ അഞ്ജുവിനു കുത്തേറ്റത്. മാര്‍ച്ച് 28 ന് ഇല്യാസിയെ അറസ്റ്റ് ചെയ്തു. സ്ത്രീധനത്തിന്റെ പേരില്‍ ഇല്യാസി ഭാര്യയെ ഉപദ്രവിക്കുമായിരുന്നെന്ന് അഞ്ജുവിന്റെ അമ്മ രുക്മ സിങ്ങും സഹോദരി രശ്മി സിങ്ങും ആരോപിച്ചിരുന്നു. ഇവര്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് ഇല്യാസിക്കുമേല്‍ വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന ഐ.പി.സി. സെക്ഷന്‍ 302 ചുമത്തിയത്.
‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ എന്ന ടിവി ക്രൈം ഷോ അവതരിപ്പിച്ചതിലൂടെയാണ് ഇല്യാസി ശ്രദ്ധിക്കപ്പെട്ടത്. ഇല്യാസിക്കു വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments