Latest NewsKeralaNews

സര്‍ക്കാര്‍ അനാസ്ഥയുടെ പുതിയൊരു മുഖം കൂടി പുറത്ത്; സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം കൂടുന്നു

തൊടുപുഴ: സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം കൂടുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല-സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ വാഹനങ്ങളാണ് സ്ഥാപന മേധാവികളും, ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍മാരും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നത്.

ഗവ. സെക്രട്ടറിമാര്‍, റവന്യൂ ബോര്‍ഡ് മെംബമാര്‍, ജില്ലാ കലക്ടര്‍മാര്‍, പ്രധാന വകുപ്പ് തലവന്മാര്‍ എന്നിവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് തടസംവരാത്ത രീതിയില്‍ ഔദ്യോഗിക വാഹനം അനൗദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതിന് നിയമ തടസങ്ങളൊന്നുമില്ല. ഓഫീസര്‍മാരുടെ താമസ സ്ഥലത്തുനിന്നും ഓഫീസിലേയ്ക്കും തിരിച്ചുമുള്ള യാത്രകള്‍ക്കും ഓഫീസര്‍മാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ആശുപത്രികളില്‍ പോകുന്നതിനും ഔദ്യോഗിക വാഹനം ഉപയോഗിക്കാം. എന്നാല്‍ സാധാരണ പ്രവൃത്തി സമയത്തോ അല്ലാതെയോ ഔദ്യോഗിക വാഹനം അനൗദ്യോഗിക ആവശ്യത്തിനായി നിര്‍ത്തിയിടേണ്ടിവരുമ്പോള്‍ ഡിറ്റന്‍ഷന്‍ ചാര്‍ജ് ഈടാക്കേണ്ടതാണ്.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരത്തില്‍ ആരും ഒരു പൈസ പോലും അടച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. ഔദ്യോഗിക വാഹനം ഉദ്യോഗസ്ഥനല്ലാതെ കുടുംബാംഗങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് ധനവകുപ്പിന്റെ ഉത്തരവില്‍ എടുത്തുപറയുന്നുമുണ്ട്.

പല പൊതുമേഖലാ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും മോട്ടോര്‍ വാഹന നിയമങ്ങള്‍ കാറ്റില്‍ പറത്തുകയാണ്. വാഹനത്തില്‍ മലയാളത്തില്‍ നീല ബോര്‍ഡില്‍ കറുപ്പ് എഴുത്തായിരിക്കണം എന്നതാണ് നിയമം. എന്നാല്‍ ചുവപ്പ് ബോര്‍ഡാണ് വാഹനത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം നിയമലംഘനങ്ങളില്‍ ചെറുവിരല്‍ അനക്കാന്‍ പൊലീസോ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരോ തയാറാകുന്നില്ല.

കൂടാതെ സര്‍ക്കാര്‍ വാഹനങ്ങളുടെ ലോഗ് ബുക്ക് പരിശോധിക്കേണ്ട ധനകാര്യ പരിശോധനാ വിഭാഗവും ഇപ്പോള്‍ നിര്‍ജീവമാണ്. മതിയായ ജീവനക്കാരില്ലെന്നതാണ് കാരണം. റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹൈവേകള്‍ എന്നിവിടങ്ങളില്‍ മുന്‍കാലങ്ങളില്‍ ഇവ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ദുരുപയോഗം ശ്രദ്ധയില്‍പെട്ട് പരിശോധന നടത്തി വാഹനം പിടിച്ചാല്‍ തന്നെ ഉന്നതലങ്ങളിലുള്ള സ്വാധീനത്താല്‍ മണിക്കുറുകള്‍ക്കകം പിഴയടയ്ക്കാതെ രക്ഷപ്പെടുകയാണ് പതിവ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button