Latest NewsNewsIndiaUncategorized

പഞ്ചസാര മില്ലില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ മരിച്ചു

ന്യൂഡല്‍ഹി: പഞ്ചസാര മില്ലില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ മരിക്കുകയും 9 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ ബുധനാഴ്ച രാത്രി 11.30നായിരുന്നു സംഭവമുണ്ടായത്. പരിക്കേറ്റവരെ ഗോപാല്‍ഗഞ്ചിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. മൂന്നുപേരെ വിദഗ്ധ ചികില്‍സയ്ക്കായി പട്നയിലെ ആശുപത്രിയിലേക്ക് അയച്ചു. എന്നാല്‍ ബോയിലറിന് സമീപം ജോലിചെയ്തിരുന്ന മൂന്നുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ഛിന്നഭിന്നമായിപ്പോയി. എന്നാല്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുചായത്ത് കോട്ടില്‍ നിന്നുള്ള അര്‍ജുന്‍ കുഷ്വഹ, ബാനി ഖജുരിയിലെ കൃപ യാദവ്, പാദ്രുണയിലെ മുഹമ്മദ് ഷംസുദ്ദീന്‍ എന്നിവരെയാണു തിരിച്ചറിഞ്ഞത്.

 

പട്നയില്‍നിന്ന് 170 കിലോമീറ്റര്‍ അകലെ ഗോപാല്‍ഗഞ്ചിലെ സസ്മുസ പഞ്ചസാര ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ സമയത്ത് ഫാക്ടറിയില്‍ നൂറോളം പേര്‍ ജോലിയില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. പഞ്ചസാര മില്ലിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആള്‍ക്കാര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും സംശയമുണ്ട്.

സ്ഫോടനത്തെത്തുടര്‍ന്ന് ഉടന്‍തന്നെ പൊലീസും അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ബോയിലര്‍ അമിതമായി ചൂടായതാണു സ്ഫോടനത്തിനു കാരണമെന്ന നിഗമനത്തിലാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button