ശബരിമല: സന്നിധാനത്തിനു സമീപത്തെ മാലിന്യസംസ്കരണ കേന്ദ്രത്തിനടത്തുനിന്ന് 350 കിലോഗ്രാമിലേറെ വെടിമരുന്ന് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. ഷാഡോ പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് സ്ഥലം കുഴിച്ചുനോക്കിയത്. 11 പ്ലാസ്റ്റിക് കാനിലായാണ് ഇവ കുഴിച്ചിട്ടിരുന്നത്. ഇന്‍സിനറേറ്ററിനു സമീപത്തെ വെടിപ്പുരയ്ക്കു പിന്നിലാണ് ഈ സ്ഥലം.
വെടിപ്പുരയില്‍ ചെറിയ സ്ഫോടനമുണ്ടായാല്‍ സ്ഫോടകവസ്തുശേഖരം ഉഗ്രശക്തിയില്‍ പൊട്ടിത്തെറിക്കാനിടയുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞാണ് വെടിമരുന്ന് കാനിനകത്തു സൂക്ഷിച്ചിരുന്നത്. ഒരുസമയം 15 കിലോഗ്രാം വെടിമരുന്നു സൂക്ഷിക്കാനുള്ള അനുവാദം മാത്രമേ കരാറുകാര്‍ക്കു നല്‍കിയിട്ടുള്ളൂ. ആരാണ് ഇത്രയധികം വെടിമരുന്ന് സന്നിധാനത്തു സൂക്ഷിച്ചതെന്നതിനു തെളിവില്ല.
കരാറുകാരന്‍ സൂക്ഷിച്ചതായിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. തിരുവനന്തപുരം സ്വദേശി പവന സുധീരനാണ് ഇത്തവണ വെടിവഴിപാടിന്റെ കരാര്‍ എടുത്തിരിക്കുന്നത്. ഇദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.
Post Your Comments