Latest NewsKerala

ഉത്സവകാല സര്‍ക്കാര്‍ വിപണികള്‍ വിലക്കയറ്റം തടയാന്‍ സഹായകരം: മുഖ്യമന്ത്രി

തിരുവനന്തപുരം; കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വിഭാഗങ്ങള്‍ ഒരുക്കുന്ന ഉത്സവകാല വിപണികള്‍ വിലക്കയറ്റം തടയാന്‍ സഹായകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്തുമസ് പുതുവത്‌സര സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം പാളയം എല്‍. എം. എസ് ഗ്രൗണ്ടില്‍ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണക്കാലത്ത് ഇത്തരം വിപണികള്‍ മികച്ച ഇടപെടല്‍ നടത്തി. സര്‍ക്കാരിന് ജനങ്ങളോടുള്ള കരുതലിന്റെ ഭാഗമായാണ് ഇത്തരം വിപണികള്‍ ഒരുക്കുന്നത്. കണ്‍സ്യൂമര്‍ഫെഡ് 2060 വിപണികളാണ് സംസ്ഥാനത്ത് ഒരുക്കുന്നത്. ഇതില്‍ 1670 എണ്ണം ഗ്രാമങ്ങളിലാണ്. ഇതിനു പുറമെ സഞ്ചരിക്കുന്ന ത്രിവേണി യൂണിറ്റുകളുമുണ്ടാവും. കേരളീയര്‍ ജാതിമത വ്യത്യാസമില്ലാതെയാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. ഇത്തവണത്തെ ക്രിസ്തുമസിന് മാധുര്യം കൂട്ടാന്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി ബ്രാന്‍ഡ് ക്രിസ്തുമസ് കെയ്ക്കുകളുമുണ്ട്. സപ്ലൈകോ നേരത്തെ സബ്‌സിഡി പ്രഖ്യാപിച്ച 13 ഇനം ഭക്ഷ്യവസ്തുക്കള്‍ക്കു പുറമെ 30 ഇനം മറ്റു സാധനങ്ങളും 30 മുതല്‍ 45 ശതമാനം വരെ വിലക്കുറവില്‍ കണ്‍സ്യൂമര്‍ഫെഡ് നല്‍കും. ഉത്പാദക കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ സംഭരിക്കുന്നതിനാലാണ് വിലക്കുറവില്‍ നല്‍കാനാവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കണ്‍സ്യൂമര്‍ഫെഡിന്റെ വിപണികളിലൂടെ 200 കോടി രൂപയുടെ സാധനങ്ങളാണ് ക്രിസ്മസ്, പുതുവത്‌സര കാലയളവില്‍ വിറ്റഴിക്കുകയെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് ഓണച്ചന്തകളിലൂടെ 193 കോടി രൂപയുടെ വില്‍പനയാണ് കണ്‍സ്യൂമര്‍ഫെഡ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ത്രിവേണി ക്രിസ്മസ് കേക്ക് മുഖ്യമന്ത്രി മുറിച്ചു. കെ. മുരളീധരന്‍ എം. എല്‍. എ കെയ്ക്കിന്റെ ആദ്യ വില്‍പന നടത്തി. ക്രിസ്മസ് കിറ്റുകളുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. കൗണ്‍സലര്‍ പാളയം രാജന്‍, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, എം. ഡി ഡോ. എം. രാമനുണ്ണി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button