കോട്ടയം: വടവാതൂര്‍ ജവഹര്‍ നവോദയ വിദ്യാലയ ഹോസ്റ്റലില്‍ നടക്കുന്നത് അദ്ധ്യാപകരുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30നാണ് ഹോസ്റ്റല്‍ മുറിയില്‍ വെളിച്ചം കണ്ടു എന്നാരോപിച്ച് മദ്യലഹരിയിലായ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി കയ്യേറ്റം ചെയ്തത്. ടി.ഡി സതീഷ്ബാബു, അശോക് കുമാര്‍, എ സുരേന്ദ്രന്‍ എന്നീ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മുറിയില്‍ വെച്ചും ടോയ്‌ലറ്റില്‍ വച്ചും ക്രൂരമായി മര്‍ദ്ദിച്ചത്. മുഖത്തും കഴുത്തിലും നെഞ്ചിലും നാഭിയിലും പരുക്കേറ്റ ജിക്ക്‌സണ്‍, സനറ്റ്, ജിയോ, അമല്‍ജിത്ത് എന്നിവര്‍ പരാതിയുമായി രംഗത്തെത്തിയെങ്കിലും പരീക്ഷയ്ക്ക് അവരെ തോല്‍പ്പിക്കുമെന്ന് അദ്ധ്യാപകര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.
പരിക്കേറ്റവരുടെ മാതാപിതാക്കളെ ഞായറാഴ്ച തന്നെ വിളിച്ചുവരുത്തി പരീക്ഷയില്‍ തോല്പിക്കുമെന്നു ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചത്. ഇതോടെ പ്രശ്‌നത്തില്‍ ഇടപെട്ട കെ.എസ്.യു ജില്ലാ കമ്മിറ്റി പ്രസി. ജോര്‍ജ് പയസിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. എന്നാല്‍ വിഷയം മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാതെ അധ്യാപകരെ സംരക്ഷിക്കാന്‍ പ്രിന്‍സിപ്പല്‍ ശ്രമിച്ചതോടെ കെ.എസ്.യു പ്രവര്‍ത്തകര്‍ തന്നെ പോലീസിലും ചൈല്‍ഡ്‌ലൈനിലും വിവരം അറിയിച്ചു. തുടര്‍ന്ന് സ്‌കൂളിലെത്തിയ മണര്‍കാട് പോലീസും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും പരുക്കേറ്റ വിദ്യാര്‍ത്ഥികളെ പരിശോധിച്ച് മൊഴി രേഖപ്പെടുത്തി.
കുറ്റക്കാരായ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഉപരോധം ശക്തമാക്കിയതോടെ വിദ്യാലയ വികസനസമിതി ചെയര്‍മാന്‍ കൂടിയായ കളക്ടറെ ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഏഴംഗ അടിയന്തിര അന്വേഷണ കമ്മീഷന്‍ രൂപീകരിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന്‍ ഉത്തരവിട്ടു. വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ ഹൈദരാബാദ് റീജിയണല്‍ ഓഫീസിലേക്ക് അയച്ചുകൊടുത്തു.
Post Your Comments