തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളില്‍ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും രണ്ടും രണ്ടാകും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പൊലിസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ ചുമതലയേല്‍ക്കുന്നതോടെയാണ് ക്രമസമാധാനവും കുറ്റാന്വേഷണവും രണ്ടാകുക. രണ്ടു വിഭാഗവും വേര്‍തിരിക്കാത്തതില്‍ ഹൈക്കോടതിയില്‍നിന്ന് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.
ആദ്യഘട്ടമായി എസ്.എച്ച്.ഒമാരെ നിയമിച്ച സംസ്ഥാനത്തെ 196 പൊലിസ് സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുക. ഇവിടെ ക്രമസമാധാനത്തിന്റെ ചുമതല സ്റ്റേഷനിലെ സീനിയര്‍ എസ്.ഐക്കും കുറ്റാന്വേഷണത്തിന്റെ ചുമതല തൊട്ടുതാഴെയുള്ള എസ്.ഐക്കുമായിരിക്കും നല്‍കുക. കുറ്റാന്വേഷണത്തിനായി പ്രത്യേക ക്രൈം വിഭാഗവും പ്രവര്‍ത്തിക്കും. ഗുരുതരമായ ക്രമസമാധാനപ്രശ്നവും കുറ്റകൃത്യവും എസ്.എച്ച്.ഒ നേരിട്ട് കൈകാര്യം ചെയ്യും. എസ്.ഐമാര്‍ എസ്.എച്ച്.ഒയായി തുടരുന്ന സ്റ്റേഷനുകളില്‍ പ്രമാദമായ കേസുകള്‍ ഡിവൈ.എസ്.പി, അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ അന്വേഷിക്കും.
ജനുവരി ഒന്നിനാണ് എസ്.എച്ച്.ഒമാര്‍ ചുമതലയേല്‍ക്കുക. സി.ഐമാര്‍ എസ്.എച്ച്.ഒ ആകുന്ന സ്റ്റേഷനുകളില്‍ വരുത്തേണ്ട മാറ്റം, സി.ഐ ഓഫിസുകളിലെ കേസുകള്‍, ഫയലുകള്‍, സ്ഥാവര ജംഗമസ്വത്തുക്കള്‍, എസ്.ഐമാര്‍ എസ്.എച്ച്.ഒയായി തുടരുന്ന സ്റ്റേഷനുകളുടെ നിയന്ത്രണം, ഗുരുതര സ്വഭാവമുള്ള കേസുകളുടെ അന്വേഷണം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതവരുത്തി ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇന്ന് ഉത്തരവിറക്കും. ഈ മാസം 31 വരെ സര്‍ക്കിളിലെ ഇതരസ്റ്റേഷന്‍ അതിര്‍ത്തിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഗൗരവമുള്ള കേസുകള്‍ സി.ഐമാര്‍ തന്നെ അന്വേഷിക്കും. അന്വേഷണം പൂര്‍ത്തിയാകാത്ത കേസുകളുടെ കണക്ക് പൊലിസ് ആസ്ഥാനത്ത് അറിയിക്കണം.
Post Your Comments