Latest NewsNewsPrathikarana Vedhi

ഗുജറാത്ത് നൽകുന്ന പാഠങ്ങൾ : കോൺഗ്രസിന് ആശ്വസിക്കാൻ വകയില്ല, ബി.ജെ.പിക്ക് ചിന്തിക്കാൻ ഏറെയും – മുതിർന്ന മാധ്യമപ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിശകലനം ചെയ്യുന്നു

ഗുജറാത്തും ഹിമാചൽ പ്രദേശും വീണ്ടും ബിജെപിക്കൊപ്പം അണിനിരന്നു. ഹിമാചൽ ഇത്തവണ കോൺഗ്രസിൽ നിന്ന് പിടിച്ചടക്കുകയായിരുന്നുവെങ്കിൽ ഗുജറാത്ത് ബിജെപി നിലനിർത്തുകയായിരുന്നു. ഇന്നലെ, തിങ്കളാഴ്ച, വോട്ടെണ്ണലിനിടയിൽ സർവരെയും കുറേനേരം മുൾമുനയിൽ നിർത്തിയെങ്കിലും കാര്യങ്ങൾ പ്രതീക്ഷിച്ചത് പോലെ തന്നെപര്യവസാനിക്കുകയായിരുന്നു. തീർച്ചയായും വിജയവും പരാജയവുമൊക്കെ തിരഞ്ഞെടുപ്പ് ഗോദയിൽ സ്വാഭാവികമാണ്. രാഷ്ട്രീയകക്ഷികൾക്ക് അതിനെ അഭിമുഖീകരിച്ചേ തീരൂ. എന്നാൽ വിജയിക്കുമ്പോഴും പരാജയപ്പെടുമ്പോഴും അതിന്റെ വിശദാംശങ്ങൾ സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. അതും രാഷ്ട്രീയകക്ഷികളുടെ സുഗമമായ മുന്നോട്ടുള്ള യാത്രക്ക് ഗുണകരമേയാവൂ. ബിജെപിയും കോൺഗ്രസും അതിനൊക്കെ മുതിരുമെന്ന് പ്രതീക്ഷിക്കാം. അതെന്തായാലും എന്താണ് ഈ രണ്ടു് സംസ്ഥാനങ്ങളിൽ നടന്നത് എന്നത് വിലയിരുത്താനുള്ള ശ്രമമാണ് ഞാൻ നടത്തുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് പലവട്ടം രണ്ടു സംസ്ഥാനത്തെയും സ്ഥിതിഗതികൾ പരിശോധിക്കാൻ അവസരം ലഭിച്ച ഒരാളെന്ന നിലക്ക് ഇതുകൂടി ചെയ്യാം.

ഹിമാചലിനെ സംബന്ധിച്ച് വലിയ ആഴത്തിലുള്ള പരിശോധന ആവശ്യമാണ് എന്ന് തോന്നുന്നില്ല എന്നത് ആദ്യമേ സൂചിപ്പിക്കട്ടെ. കാരണം, കഴിഞ്ഞ അഞ്ച്‌ വർഷമായി കോൺഗ്രസ് സർക്കാരിന് കീഴിൽ അവിടെനടന്നിരുന്നത് അഴിമതിയുടെ പരമ്പരയായിരുന്നു. എത്രയെത്ര സംഭവങ്ങൾ; മുഖ്യമന്ത്രിയും കുടുംബവും പ്രതിക്കൂട്ടിലായതും ഓർമ്മിക്കുക. കിട്ടിയ അവസരം ഉപയോഗപ്പെടുത്തി സ്വന്തം കീശ വീർപ്പിക്കുക എന്ന പ്രസിദ്ധമായ കോൺഗ്രസ് സിദ്ധാന്തമാണ് അവിടെ നടപ്പാക്കപ്പെട്ടിരുന്നത്. അതൊക്കെ കോൺഗ്രസ് ഹൈക്കമാൻഡിന് അറിയാമായിരുന്നുവെങ്കിലും അവർ മൗനം ദീക്ഷിച്ചു എന്ന് കരുതേണ്ടിവരുന്നു . ഇനി അഴിമതിവിഹിതം ലഭിക്കുന്നവർ ദൽഹിയിലുമുണ്ടായിരുന്നതുകൊണ്ടാണോ അതൊക്കെ അങ്ങിനെനീങ്ങിയത് എന്നത് സംബന്ധിച്ച് എനിക്ക് ധാരണയില്ല. പക്ഷെ അതൊക്കെ, കോൺഗ്രസായതിനാൽ, അവഗണിക്കാനാവില്ല എ ന്ന് ധരിച്ചവരും കരുതുന്നവരുമൊക്കെയുണ്ട് എന്നതും മറന്നുകൂടാ. അതല്ല വിഷയമെന്നതിനാൽ അതിലേക്ക് കടന്ന് ചെല്ലുന്നില്ല. കോൺഗ്രസ് ദുർഭരണം കൂടി ബിജെപിയുടെ അവിടത്തെ തിരിച്ചുവരവിന് കരുത്തുപകർന്നു എന്നതാണ് ഹിമാചലിൽ കണ്ടത്.

ഗുജറാത്ത് തിരഞ്ഞെടുപ്പ് എന്നും, നമുക്കറിയാം, വിവാദങ്ങളിലും വാഗ്‌വാദങ്ങളിലും മുഴുകിനിന്നിട്ടുണ്ട്. നരേന്ദ്ര മോഡി അവിടെ മുഖ്യമന്ത്രിയായത് മുതൽ അതിന്റെ വിവാദ കോലാഹല സമ്പ്രദായത്തിന്റെ ശക്തി വർധിക്കുകയും ചെയ്തു. മോദിയെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ കോൺഗ്രസുകാർ എന്തെല്ലാം ആയുധങ്ങൾ എടുത്ത് പ്രയോഗിച്ചു എന്നതും നാമൊക്കെ ഓർമ്മിക്കേണ്ടതുണ്ട്. ഗുജറാത്ത് വിട്ട് നരേന്ദ്ര മോഡി ദൽഹിയിലെത്തിയെങ്കിലും കോൺഗ്രസുകാർ ആ വിരോധവും വിദ്വേഷവും അവസാനിപ്പിച്ചിരുന്നില്ല. മോദിയില്ലാത്ത ഗുജറാത്തിൽ തങ്ങൾക്ക് പിടിമുറുക്കാൻ കഴിയുമെന്നാണ് അവസാനം കോൺഗ്രസ് പ്രതീക്ഷിച്ചത്. അതിനവർ എല്ലാ തയ്യാറെടുപ്പുകളും നടത്തി. സാം പിട്രോഡയെപോലുള്ള ഒരാൾ അഹമ്മദാബാദിൽ വന്ന് തമ്പടിച്ചതും ഹിന്ദുത്വ കാർഡ് കളിച്ചതുമൊക്കെ കണ്ടുവല്ലോ. അവസാനനിമിഷം പക്ഷെ ചിരിക്കാനായത് നരേന്ദ്ര മോദിക്ക് തന്നെയാണ്. തങ്ങൾ ഗുജറാത്തിൽ മുന്നേറി എന്ന് രാഹുൽ ഗാന്ധി അവകാശപ്പെടുമ്പോൾ അതിനു ഉത്തവരാദി തങ്ങളുടെ പാർട്ടി അധ്യക്ഷനാണ് എന്ന് നെഞ്ചത്ത് കൈവെച്ചുകൊണ്ട് പറയാൻ കോൺഗ്രസിനാവുന്നില്ല എന്നതും പ്രധാനമാണ്. യഥാർഥത്തിൽ കോൺഗ്രസിന് അവിടെ നേടാനായത് , മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് , വെറും രണ്ടര ശതമാനത്തിന്റെ വർധന മാത്രം. 38. 9 ശതമാനത്തിൽ നിന്ന് 41. 4 ശതമാനത്തിലേക്ക് . കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ബിജെപി കരസ്ഥമാക്കിയത് 1.25 ശതമാനത്തിന്റെ വർധന. പക്ഷെ, അതിലേറെ ശ്രദ്ധിക്കേണ്ടത്, ബിജെപിക്ക് ഇത്തവണ 50 ശതമാനം വോട്ട് എന്ന സുപ്രധാന നേട്ടം ഏറെക്കുറെ നേടാനായി എന്നതാണ്. അടുത്തകാലത്തൊന്നും ഒരു സംസ്ഥാനത്തും ഒരു കക്ഷിക്കും അത്രക്ക് വോട്ട് നേടാനായിട്ടില്ല എന്നത് ഓർമ്മിക്കാതെ പോകുകയുമരുത്. അതായത് ഏറ്റവും ചുരുങ്ങിയത്, ഗു ജറാത്തിലെ പകുതി ജനത ഇന്നും ബിജെപിക്കൊപ്പമാണ് എന്നതാണ്.

ബിജെപിയെ തോൽപ്പിക്കാൻ എന്തുമാവാമെന്നതായിരുന്നുവല്ലോ കോൺഗ്രസിന്റെ നയവും സമീപനവും. അതിനെ കുറ്റപ്പെടുത്തേണ്ടതില്ല. ഇവിടെ ബിജെപി ശ്രദ്ധിക്കേണ്ടുന്ന കുറേക്കാര്യങ്ങളുണ്ട് എന്നത് ഓർമ്മിച്ചുപോകുന്നു. കഴിഞ്ഞ കുറേക്കാലമായി ബിജെപി പലപ്പോഴും തിരഞ്ഞെടുപ്പുകളിൽ വിജയിച്ചത് ഒരോ മണ്ഡലങ്ങളെയും പ്രദേശങ്ങളെയും കുറിച്ചുള്ള സമഗ്രമായ പഠനങ്ങളിലൂടെയും അതിനനുസൃതമായി ഉണ്ടാക്കുന്ന കർമ്മ പദ്ധതിയിലൂടെയുമാണ്. പലപ്പോഴും അതൊക്കെ അവസാന നിമിഷങ്ങളിൽ തെറ്റാനിടയാക്കിയിട്ടുണ്ട്……കാരണം പലവേളകളിലും ഒരുപാർട്ടിയുടെ വിജയം എതിർ സ്ഥാനാർഥിയുടെ ജാതി മതം അംഗീകാരം രാഷ്ട്രീയം തുടങ്ങിയവയുടെ കൂടെ അടിസ്ഥാനത്തിലാണല്ലോ. അപ്രതീക്ഷിതമായി ഒരു പ്രതിയോഗി മാറിയാൽ കാര്യങ്ങൾ തെറ്റാവുന്നതേയുള്ളൂ. അത്തരം സന്ദർഭങ്ങളിൽ പോലും ബദൽ പദ്ധതികൾ തയ്യാറാക്കാനും വിജയമുറപ്പാക്കാനും കഴിഞ്ഞിരുന്നു എന്നതാണ് ബിജെപിയുടെ പ്രത്യേകത. യു.പിയിൽ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ അത് നാം കണ്ടു. ഗുജറാത്തിൽ മോദിയും സംഘവും അത് കുറേക്കാലമായി നടപ്പിലാക്കിവന്നിരുന്നു. ആ മാർഗത്തിലേക്ക് കോൺഗ്രസും പ്രവേശിക്കുന്നതാണ് നാം ഗുജറാത്തിൽ കണ്ടത്. ബിജെപി ചെയ്യുന്നതുപോലെ സമഗ്രമായി അവർക്ക് ആ സോഷ്യൽ എഞ്ചിനീയറിംഗ് നടപ്പിലാക്കാനായിട്ടില്ല…… പക്ഷെ അതിന്റെ സൂത്രവാക്യങ്ങൾ അവരും തിരിച്ചറിഞ്ഞിരിക്കുന്നു എന്നത് പ്രധാനമാണ്. അത് നാളെകളിൽ ബിജെപിയുടെ യത്നം കൂടുതൽ പ്രയാസകരമാക്കുകതന്നെ ചെയ്യും. ബിജെപി കരുതിയിരിക്കേണ്ടുന്ന ഒരു കാര്യമിതാണ്.

സോഷ്യൽ എഞ്ചിനീയറിംഗ് എന്ന് ആധുനിക ഭാഷയിൽ പറയാറുള്ളത് യഥാർഥത്തിൽ ജയിക്കാനുള്ള കുറുക്കുവഴിയാണ്. ജയിക്കാൻ ആരുടെയൊക്കെ പിന്തുണ അനിവാര്യമാണോ അത് ഉറപ്പാക്കുക, ആരെയൊക്കെ അതിനായി ഉപയോഗിക്കാമോ അത് ചെയ്യുക. ഇത് സാമാന്യം നന്നായി ദശാബ്ദങ്ങൾക്ക് മുൻപേ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം എന്നതോർക്കുക. ഇഎംഎസ് നമ്പൂതിരിപ്പാടാണ് അതിന്റെ ഉപജ്ഞാതാവ് എന്നും പറയാമെന്ന് തോന്നുന്നു. മുസ്ലിം ലീഗിനെ ഇടതുപക്ഷ മുന്നണിയിലെത്തിച്ചത് ആവണം ഒരുപക്ഷെ സോഷ്യൽ എഞ്ചിനീറിങ്ങിന്റെ ഇന്ത്യയിലെ തുടക്കം. പിൽക്കാലത്ത് കേരള കോൺഗ്രസ് എന്ന പാർട്ടിയെ കേരളത്തിലെ മുന്നണികൾ ഉപയോഗപ്പെടുത്തിയതും ആ സിദ്ധാന്തത്തിന്റെ ഭാഗമായിട്ടാണ്. എൻഡിപിയുടെയും എസ്ആർപിയുടെയും ജനനം, അവയിലെ പിളർപ്പുകൾ, കെപിഎംഎസ് പോലുള്ളവക്ക് ഇന്നുള്ള അംഗീകാരം, അത്തരം സമുദായ സംഘടനകളിൽ കാണുന്ന പ്രശ്നങ്ങൾ …… ഏറ്റവുമൊടുവിൽ വെള്ളാപ്പള്ളിയെ മുൻനിർത്തി ബിഡിജെഎസ് രൂപീകരിച്ചത് വരെ അത് ചെന്നെത്തി നിൽക്കുന്നുണ്ട്. വടക്കേ ഇന്ത്യയിൽ ഇതിനേക്കാൾ സങ്കീർണ്ണമാണ് കാര്യങ്ങൾ എന്നതിനാൽ കൂടുതൽ യത്നങ്ങൾ വേണ്ടിവരുന്നുണ്ടാവാം. ജാതിയും ഉപജാതിയും അവർക്കിടയിലെ പ്രശ്നങ്ങളും ഒക്കെ ഓരോ തിരഞ്ഞെടുപ്പിലും നിർണായകമാവുന്നത് നാം കാണുന്നുണ്ടല്ലോ. സൂചിപ്പിച്ചത്, അമിത്ഷായും നരേന്ദ്രമോഡിയുമൊക്കെ ഇന്ന് പ്രാവർത്തികമാക്കുന്നു എന്ന് പറയുന്ന ‘കർമ്മ പദ്ധതികൾ’ ഉദയം കൊണ്ടത് കേരളത്തിൽ നിന്നാണ് എന്നതാണ്.

ഗുജറാത്തിലേക്ക് മടങ്ങിവരാം. അവിടെ ഇത്തവണ ആദ്യമെമുതൽ കാര്യങ്ങൾ ആർക്കും അത്ര എളുപ്പമായിരുന്നില്ല. അവിടെ റിപ്പോർട്ടിങ്ങിന് പോയ മാധ്യമ പ്രവർത്തകർ, അവിടെ പ്രീ പോൾ -എക്സിറ്റ് പോൾ സർവെകൾക്കായി നിയുക്തരായവർ എന്നിവരിൽ പലരുമായി ആശയവിനിമയം നടത്താൻ അവസരം ലഭിച്ചയാളാണ് ഞാൻ. അവിടത്തെ മലയാളികൾ, ചില ബിജെപി നേതാക്കൾ എന്നിവരുമായും ചർച്ചകൾ നടത്തിയിരുന്നു. ആരും ഒരുഘട്ടത്തിലും കാര്യങ്ങൾ എളുപ്പമാണ് എന്ന് പറഞ്ഞിരുന്നില്ല. അതിനൊരു കാരണം, 22 വർഷമായി ഭരണത്തിലുള്ള ഒരു ഭരണകൂടത്തിന് സ്വാഭാവികമായി നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ്. അധികാരം അഹങ്കാരികളാക്കും എന്ന് പറയാറുണ്ടല്ലോ……….. അതിൽനിന്നും ബിജെപിയും മോചിതമാവുന്നില്ല. അതിൽ കുറ്റപ്പെടുത്താനാവില്ല……മനുഷ്യർ പലവിധമാണല്ലോ. അതൊക്കെ കൂടിച്ചേർന്നതാണല്ലോ ഒരു രാഷ്ട്രീയകക്ഷി. അതാണിന്നത്തെ വലിയ പ്രശ്നം, പലപ്പോഴും. ഒരു അർഹതയുമില്ലാത്തവർ അഹകാരത്തിന്റെ ഭാഷ പ്രയോഗിക്കുന്നത് പലപ്പോഴും കാണാറില്ലേ. ജനങ്ങൾ ഇതൊന്നുമല്ല നേതാക്കളിൽ നിന്ന് , ജനപ്രതിനിധികളിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന തിരിച്ചറിവ് കാര്യകർത്താക്കൾക്ക് ഇല്ലാതെവരുമ്പോൾ ജനങ്ങൾ അവരുടെ ആയുധം പ്രയോഗിക്കും എന്നതും സാധാരണ പതിവുള്ളതാണ്. ഒന്ന് ചിന്തിച്ചുനോക്കൂ. ഗുജറാത്ത് വെള്ളപ്പൊക്കത്തിന്റെ കെടുതിയിൽ പെട്ടുഴലുമ്പോൾ അവിടത്തെ കോൺഗ്രസ് എംഎൽഎ മാരൊക്കെ കർണാടകത്തിലെ റിസോർട്ടിൽ സുഖവാസം നടത്തുകയായിരുന്നു. അവരാരും അവിടേക്ക് തിരിഞ്ഞുനോക്കിയില്ല. ദുരിതാശ്വാസ പ്രവർത്തനരംഗത്ത് അവരാരുമുണ്ടായിരുന്നില്ല. ഇതൊക്കെക്കഴിഞ്ഞിട്ടും അവർക്ക് ജനങ്ങൾ വോട്ട് നൽകിയത് എന്തുകൊണ്ടാവാം. ഒരു സൂചന മനസ്സിൽ തോന്നിയത് നൽകിയെന്ന് മാത്രം. നരേന്ദ്ര മോദിയോ അമിത് ഷാ- യോ മാത്രമല്ലല്ലോ ബിജെപി. അവർ കാര്യങ്ങൾ ഭംഗിയായി ചെയ്യുന്നു. രാജ്യതാല്പര്യം മാത്രം പരിഗണിക്കുന്നു. പക്ഷെ താഴെത്തട്ടിൽ കാര്യങ്ങൾ നേർ വിപരീതമായാലോ…… ഗുജറാത്തിൽ മാത്രമല്ല എല്ലായിടത്തും ഇത്തരം ഘടകങ്ങൾ എല്ലാ പ്രസ്ഥാനങ്ങളിലും ഉണ്ടാവും. അവരെ നിയന്ത്രിക്കാൻ, നിർത്തേണ്ടിടത്ത് നിർത്താൻ കഴിയാതെവന്നാൽ ജനങ്ങൾ വജ്രായുധം പ്രയോഗിക്കും എന്നതാണ് ഗുജറാത്തിൽ നിന്ന് മനസിലാക്കേണ്ടത്. ഒരു കാര്യം കൂടി പറയട്ടെ, ഏതാണ്ടൊക്കെ കൃത്യമായി ഗുജറാത്ത് പ്രവചിച്ചത്, അല്ലെങ്കിൽ എന്നോട് പങ്കുവെച്ചത് മനോരമ ന്യൂസിലെ മനു സി കുമാറാണ്; നൂറ് -103 ആണ് മനു ബിജെപിക്കായി നീക്കിവെച്ചത്. അതൊരു വസ്തുതാപരമായ നിരീക്ഷണമായിരുന്നു എന്ന് ഇപ്പോൾ പറയാതെവയ്യല്ലോ.

അഞ്ച് ലക്ഷം പേരാണ് ഇത്തവണ ഗുജറാത്തിൽ ‘നോട്ട’ക്ക് വോട്ട് ചെയ്തത് എന്നത് ഇരുത്തിചിന്തിക്കേണ്ടുന്ന കാര്യമാണ്. ബിജെപി മാത്രമല്ല കോൺഗ്രസിനും അത് ബാധകമാണ്. ഇക്കൂട്ടത്തിലുള്ള ഒരാളും സ്വീകാര്യനല്ലാത്തതിനാൽ ആണല്ലോ ‘നോട്ട’ എന്ന ബട്ടൺ അമർത്താൻ സമ്മതിദായകർ തയ്യാറാവുന്നത്. അത് എന്തുകൊണ്ടാവാം?. ഗുജറാത്തിൽ നിന്നുള്ള സൂചനകൾ പ്രകാരം ബിജെപിക്ക് കിട്ടേണ്ടുന്ന വോട്ടാണ് ‘നോട്ട’യിൽ പതിഞ്ഞത് എന്നാണ്. മുഴുവൻ ആവണമെന്നില്ല, പക്ഷെ വളരെയധികവും. സംഘടനാപരമായ പ്രശ്നമാണ് അതെന്ന് ഞാൻ പറയുന്നില്ല, അങ്ങിനെയൊക്കെ കരുതിക്കൂടല്ലോ. പക്ഷെ ബിജെപിയെ സ്നേഹിക്കുന്നവർ വേദനിച്ചു എന്നതാണ്. അതിന് കാരണം പലതാവാം. നോട്ട് നിരോധനം, ജിഎസ്‌ടി എന്നിവയൊക്കെ അതിനുള്ള കാരണങ്ങളിൽ പെടുമായിരിക്കും. എന്നാൽ നോട്ട് നിരോധനം, ജിഎസ്‌ടി എന്നിവയിൽ എതിർപ്പുള്ളവർ എന്തെങ്കിലുംചെയ്താൽ ന്യായീകരിക്കാനാവില്ല. അതിനൊപ്പം നിൽക്കാൻ ഒരു ദേശസ്നേഹിക്കുമാവില്ല; കാരണം ദേശതാല്പര്യത്തിനായാണ് അതൊക്കെ കൊണ്ടുവന്നത്, നടപ്പിലാക്കിയത്. അതിന്റെപേരിൽ ചില എതിർപ്പ് ബിജെപിയും കേന്ദ്ര സർക്കാരുമൊക്കെ പ്രതീക്ഷിച്ചതുമാണ്. പിന്നെ ഈവക പ്രശ്നങ്ങൾ വ്യാപാരികളെ ബാധിച്ചു എന്ന് കരുതപ്പെട്ടിരുന്ന മേഖലകളിൽ, സൂറത്ത് അടക്കം, ബിജെപി നേടിയ വിജയം കാണാതെപോകനുമാവില്ലല്ലോ. എന്നാൽ അതിനൊക്കെയപ്പുറം പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടോ എന്നത് പരിശോധിക്കപ്പെടുകയും ചെയ്യണം. ഇത് പറയുമ്പോൾ ആരെയെങ്കിലും വിമർശിക്കാനാണ് എന്ന് കരുതരുത്. അങ്ങിനെയുള്ള ആഴത്തിലുള്ള ആത്മ പരിശോധനകൾ, വിലയിരുത്തലുകൾ ബിജെപിയുടെ സംഘടനാ സംവിധാനത്തിന്റെ ഭാഗമാണ് എന്നതും ഓർമ്മിക്കുക. ആരോഗ്യമുള്ള പ്രസ്ഥാനങ്ങൾ അതോക്കെ ചെയ്താണല്ലോ മുന്നോട്ട് ചലിക്കുക.
1984 ലെ അനുഭവം ഓർമിക്കുക. ഇന്നത്തെ പല ബിജെപി നേതാക്കളും അന്ന് സംഘടനാ പ്രവർത്തന രംഗത്തുള്ളവരല്ല എന്നതറിയാം; സംസ്ഥാനത്തും ദേശീയതലത്തിലും അങ്ങിനെതന്നെ. 1984 ലെ തിരഞ്ഞെടുപ്പിൽ വെറും രണ്ട് എംപിമാരിലേക്ക് ബിജെപി ചുരുക്കപ്പെട്ടപ്പോൾ പാർട്ടി നേതൃത്വം സടകുടഞ്ഞെഴുന്നേറ്റു എന്നതാണ് യാഥാർഥ്യം. രാജ്യവ്യാപകമായി ദേശീയനേതാക്കൾ യാത്രചെയ്തു. സംഘടനാ പ്രശ്നങ്ങൾ അടക്കം പരിശോധിച്ച്, വിലയിരുത്തി. ഒരു ചോദ്യാവലിയും അന്ന് ദേശീയതലത്തിൽ തയ്യാറാക്കിയിരുന്നു. സംഘടനാചുമതലയുള്ളവർക്ക് അത് നൽകുകയും അവരോട് അതിൽ അഭിപ്രായമെഴുതി നൽകാൻ ആവശ്യപ്പെടുകയുമാണ് ചെയ്തത്. ബിജെപി യുടെ സംഘടനാ സംവിധാനം ആശയപരമായ നിലപാടുകൾ, നേതാക്കളുടെ പ്രവർത്തന രീതി തുടങ്ങിയവയൊക്കെ അത് വിമര്ശനവിധേയമായി വിലയിരുത്തപ്പെട്ടു. ദീനദയാൽ ഉപാധ്യായയിലേക്കും ശ്യാമപ്രസാദ് മുഖർജിയിലേക്കുമൊക്കെ ബിജെപി മടങ്ങിയെത്തിയതും മറ്റും അതിനുശേഷമാണ്. സമഗ്രമായ മാറ്റങ്ങൾക്ക് അത് വഴിയൊരുക്കി. അത്രവലിയ പ്രതിസന്ധിയൊക്കെ ഇന്നുണ്ട് എന്നല്ല, എന്നാൽ ഓരോ ഘട്ടത്തിലും ഇത്തരം പരിശോധനകൾ സംഘടനാപരമായി ഗുണകരമായല്ലേ ഭവിക്കുള്ളൂ.

ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിൽ ബിജെപി എത്രമാത്രം വിജയിച്ചു എന്നത് , എനിക്ക് തോന്നുന്നു പരിശോധിക്കപ്പെടേണ്ടുന്ന ഒരു വിഷയമാണ്. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ എന്ത് മഹത്തരമായാണ് പലപ്പോഴും കാര്യങ്ങൾ നീക്കിയത്. ഇത്രകാലത്തിനിടയിൽ ഒരു അഴിമതിയാരോപണം പോലും അതിന് നേരിടേണ്ടിവന്നിട്ടില്ല. രാജ്യത്തിൻറെ സമ്പദ്‌ഘടന ഇത്രമാത്രം കരുത്താർജ്ജിച്ച മറ്റൊരു കാലഘട്ടം സ്വതന്ത്ര ഇന്ത്യയിലുണ്ടായിട്ടുണ്ടാവില്ല. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ഖജനാവ് നിറഞ്ഞുകവിയുന്നു എന്നതാണ് അവസ്ഥ എന്ന് പറഞ്ഞാൽ മുഴുവനായല്ലോ. കാർഷികരംഗത്ത് ഇന്നുള്ള പ്രശ്നം ഉത്പാദനം ഇല്ലാത്തതല്ല മറിച്ച് വേണ്ടതിലധികമായതാണ്. സബ്‌സിഡികൾ ബന്ധപ്പെട്ടവർക്ക് നേരിട്ട് ബാങ്കുകളിലൂടെ ലഭിക്കുന്നു. അവിടെയൊന്നും ഇടനിലക്കാർക്ക് കൊള്ളനടത്താൻ കഴിയുന്നില്ല. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് പാചകവാതകം, പാർക്കാനായി വീടുകൾ, സ്വച്ഛ ഭാരത് പദ്ധതി ….. അങ്ങിനെ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കാനുള്ള പദ്ധതിവരെ ഉണ്ടിവിടെ. ഇതൊക്കെ സുതാര്യമായി, ജനതാത്‌പര്യം മുൻ നിർത്തി നടപ്പിലാക്കുന്നത് ഇതുപോലെ മുൻപെങ്ങും കണ്ടിട്ടുമില്ല. തൊഴിൽ രഹിതർക്കായി ‘മുദ്ര’ വായ്പ പദ്ധതി, കർഷകർക്ക് അല്ല കാര്ഷികവിളകൾക്ക് ഇൻഷുറൻസ് പദ്ധതി ……. അങ്ങിനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഗുണകരമാവുന്ന ഒട്ടേറെ പദ്ധതികൾ നിലവിലുണ്ട് . അതൊക്കെ ജനങ്ങളിൽ എത്തിക്കേണ്ടതുണ്ട്. ഇത് സർക്കാർ വിചാരിച്ചാൽ മാത്രം നടക്കുന്ന കാര്യമല്ല, ബിജെപി നിർവഹിക്കേണ്ടുന്ന കാര്യം കൂടിയാണല്ലോ. ഇക്കാര്യങ്ങളിൽ കൂടുതൽ ഊന്നലും ശ്രദ്ധയും സർക്കാരും ബിജെപിയും പുലർത്തേണ്ടതുണ്ട് എന്നാണ് തോന്നുന്നത്. അതിനൊക്കെയൊപ്പം, മധ്യ വർഗത്തിലുള്ളവരെ വിശ്വാസത്തിലെടുക്കാൻ കൂടുതൽ ശ്രമമാവശ്യമാണ്. ആദായനികുതി ഇളവുകൾ, കഴിയുമെങ്കിൽ ആദായ നികുതി ഒഴിവാക്കുന്നത്, പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരുന്നത് , ഭക്ഷ്യ സാമഗ്രികളുടെ വില കുറച്ചുകൂടി നിയന്ത്രണവിധേയമാക്കുന്നത് …… ഇതൊക്കെ ഇനി ശ്രദ്ധിക്കേണ്ടതുണ്ട് . കള്ളപ്പണക്കാരെയും തട്ടിപ്പുകാരെയും പിടികൂടുകവഴി കഴിഞ്ഞകാലത്ത് ഖജനാവിൽ ഉണ്ടാക്കിവെച്ച പണം, രാഷ്ട്രീയമൊക്കെ മറന്നുകൊണ്ട് , ജനക്ഷേമത്തിനായി പ്രയോജനപ്പെടുത്തേണ്ട സമയമായിരിക്കുന്നു എന്നത് ബന്ധപ്പെട്ടവർ തിരിച്ചറിയാതിരിക്കുമോ?.

ഗുജറാത്തിൽ 77 സീറ്റ് നേടിയതോടെ ഇന്ത്യയിൽ കോൺഗ്രസ് തിരിച്ചുവരുന്നു എന്നും മറ്റുമുള്ള വാചകക്കസർത്തുകൾ പലരും കണ്ടിരിക്കുമല്ലോ. യഥാർത്ഥത്തിൽ ഗുജറാത്തിൽ ഇത്രനല്ല അവസരം കിട്ടിയിട്ടും പ്രയോജനപ്പെടുത്താൻ കഴിയാത്തവർക്ക് ഇനി എന്തെങ്കിലും സാധ്യത അവിടെയുണ്ടെന്ന് കരുതുന്നത് വിഢിത്തരമാവും. മറ്റൊന്ന് ആ തിരഞ്ഞെടുപ്പിന്റെ അലയടികൾ ഗുജറാത്തിനപ്പുറത്തേക്ക് കടക്കാനും പോകുന്നില്ല. ഗുജറാത്തിൽ ഹിന്ദുത്വ കാർഡ് കളിച്ച രാഹുൽ ഗാന്ധിക്ക് കർണാടകത്തിൽ അതെ വേഷം കെട്ടാനാവുമോ………ഇല്ലല്ലോ. അങ്ങനെവന്നാൽ അവിടെ ഇത്രയും കാലം അവരെ വിജയിപ്പിച്ച മുസ്ലിം ജനത എങ്ങിനെ പ്രതികരിക്കും?. ലിംഗായത്തുകളും വൊക്കലിംഗക്കാരും മറ്റും എങ്ങിനെ നോക്കിക്കാണും. മധ്യപ്രദേശിലും രാജസ്ഥാനിലും ഹിന്ദുത്വ കാർഡ് ഇറക്കാനും അവർക്കാവില്ലതന്നെ. ഇനിയുള്ള തിരഞ്ഞെടുപ്പുകളിലാണ് രാഹുൽഗാന്ധി യഥാർത്ഥത്തിൽ പരീക്ഷണം നേരിടാൻ പോകുന്നത് എന്നർത്ഥം. അത് നമുക്ക് കാത്തിരുന്ന് കാണാം. അവസാനം, ഗുജറാത്തിൽ തോറ്റപ്പോൾ പട്ടേൽ പ്രക്ഷോഭ നേതാവ്, രാഹുൽ ഗാന്ധിയുടെ സഹയാത്രികൻ, ഹാർദിക് പട്ടേൽ നടത്തിയ ഒരു നിരീക്ഷണം കൂടി സ്മരിക്കേണ്ടതുണ്ട് : ” പെനാൽറ്റി കിക്ക് പോലും അനുവദിച്ചു കിട്ടുമ്പോൾ ഗോളടിക്കാൻ ആളില്ലെങ്കിലോ…….”. കോൺഗ്രസിന്റെ ദയനീയാവസ്ഥയാണ് ഹാർദിക് പട്ടേലിനെക്കൊണ്ട് അത് പറയിച്ചത് എന്നതിലെന്താണ് സംശയം. അതാണ് കോൺഗ്രസ്, അതിന്റെ ഭാവി ഇരുളടഞ്ഞത് തന്നെ. രാഹുൽ ഗാന്ധിക്കെന്നല്ല ഒരാൾക്കും അതിനെ രക്ഷിക്കനാവുമെന്ന് ഇന്നിപ്പോഴും കരുതാനാവുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button