KeralaLatest NewsNews

ദത്തെടുത്ത കുട്ടിയെ മര്‍ദിച്ച ദമ്പതിമാരെ അറസ്റ്റ് ചെയ്യണം : സംസ്ഥാന ശിശുക്ഷേമ സമിതി

 

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയില്‍നിന്നു ദത്തെടുത്ത കുട്ടിയെ മര്‍ദിച്ച ബംഗാള്‍ സ്വദേശികളായ ദമ്പതിമാരുടെ പേരില്‍ ബാലനീതി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി.ദീപക് ആവശ്യപ്പെട്ടു. തിരുവനന്തപുരം പട്ടം പ്രൊവിഡന്റ് ഫണ്ട് ക്വാട്ടേഴ്സില്‍ താമസിക്കുന്ന സ്വാമനാഥ് മുഖോപാധ്യായ – ജയന്തി മുഖോപാധ്യായ ദമ്പതിമാര്‍ നാലുവര്‍ഷം മുന്‍പ് ദത്തെടുത്ത ആണ്‍കുട്ടിയെ സമിതി അധികൃതര്‍ തിരിച്ച് സമിതിയിലെത്തിച്ചിരുന്നു. കുട്ടിക്ക് നിരന്തരം മര്‍ദനവും പീഡനവുമാണെന്ന അയല്‍വാസികളുടെ പരാതിയെ തുടര്‍ന്നാണ് കുട്ടിയെ തിരിച്ചെടുത്തത്. ഒന്നാംക്ലാസില്‍ പഠിക്കുന്ന കുട്ടി മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാണ് സ്‌കൂളില്‍ എത്തുന്നതെന്നും മറ്റു കുട്ടികളുടെ ഭക്ഷണമാണ് കഴിക്കുന്നതെന്നും സ്‌കൂള്‍ അധികൃതര്‍ സമിതിയെ അറിയിച്ചിട്ടുണ്ട്.

ദമ്പതിമാര്‍ക്കെതിരേ ബാലനീതി നിയമം 75-ാം വകുപ്പ് പ്രകാരം ശാരീരിക മര്‍ദ്ദനത്തിനും പീഡനത്തിനും ക്രിമിനല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തും പുറത്തും ദത്ത് നല്‍കിയിട്ടുള്ള എല്ലാ കുട്ടികളുടെയും വിവരങ്ങള്‍ ശേഖരിക്കും. കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും എസ്.പി.ദീപക് പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button