Complete ActorLalisam

നോട്ടു നിരോധനം; മോഹന്‍ലാലിന്റെ ബ്ലോഗിനെതിരെയുള്ള പ്രമുഖരുടെ പ്രതികരണങ്ങള്‍

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച മോദിയുടെ നടപടിയെ പ്രശംസിച്ച നടന്‍ മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി സിനിമാ-രാഷ്ട്രീയ രംഗത്തു നിന്ന് ഉള്‍പ്പടെയുളള പ്രമുഖര്‍ രംഗത്ത്.

മദ്യഷോപ്പിലും സിനിമാശാലകളിലും ആരാധനാലയങ്ങള്‍ക്കും മുന്നിലും വരിനില്‍ക്കുന്നവര്‍ ഒരു നല്ല കാര്യത്തിനുവേണ്ടി അല്‍പസമയം വരിനില്‍ക്കുന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ ബ്ലോഗ്. ഇതിനെതിരെയാണ് പ്രമുഖര്‍ പ്രതികരിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ കംപ്ലീറ്റ് ഡിസാസ്റ്റര്‍ എന്ന് വിശേഷിപ്പിച്ച്‌ കൊണ്ടാണ് വി.ടി ബല്‍റാം എം.എല്‍.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഭാഗ്യ ലക്ഷ്മി, എം എ നിഷാദ്, ശബരീനാഥ് എംഎല്‍എ തുടങ്ങിയവരും ലാലിനെതിരെ വിമര്‍ശനമുയര്‍ത്തി. ബ്ലോഗിനെതിരെയുള്ള പ്രമുഖരുടെ പ്രതികരണങ്ങള്‍ വായിക്കാം.

എം എ നിഷാദ് (സംവിധായകന്‍)

മദ്യത്തിനും, സിനിമയ്ക്കും വരി നില്‍ക്കുന്നത് സ്വന്തം ഇഷ്ടങ്ങളുടെ സന്തോഷത്തിനാണ്,കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഒരു രാത്രി ഉറങ്ങിവെളുക്കുമ്പോള്‍ കടലാസിന്റെ വില പോലുമില്ല എന്ന് മനസ്സിലാക്കുന്ന പാവങ്ങള്‍,അവരുടെ വിയര്‍പ്പിന്റെ ,അധ്വാനത്തിന്റെ ,സ്വപ്നങ്ങളുടെ നഷ്ടങ്ങള്‍ക്ക് ഏത് വരിയില്‍ നില്‍ക്കണം സാര്‍.ഒന്ന് പറഞ്ഞ് താ.

ഭാഗ്യലക്ഷ്മി (ഡബ്ബിങ് ആര്‍ടിസ്റ്റ്)

നോട്ട് നിരോധനം എന്നൊക്കെ പറഞ്ഞപ്പൊ കുറച്ച്‌ നാളേക്കുളള ബുദ്ധിമുട്ട് എന്നേ ആദ്യം കരുതിയുളളു.സ്വന്തം അക്കൗണ്ടില്‍ പണമുണ്ടെങ്കിലും കുറച്ചെടുത്താ മതി എന്ന് ബാങ്ക് പറഞ്ഞപ്പോ എന്റെ പണം നിങ്ങളെടുത്തിട്ട് എന്നെ ഭരിക്കാന്‍ വരുന്നോ എന്ന് ചോദിക്കാന്‍ തോന്നി. ഇന്ന് എന്റെ നിയന്ത്രണം വിട്ടു. കഴിഞ്ഞ 15 വര്‍ഷമായി എന്റെ വീട്ടിലെ ഒരു അംഗമായ വസന്തയെ ഇന്ന് ഉച്ചക്ക് ഒരു അപകടത്തില്‍പെട്ട് കാലൊടിഞ്ഞു ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു. ഉടനെ സര്‍ജറി വേണമെന്നും കാലില്‍ സ്റ്റീല്‍ റോഡ്‌ ഇടണമെന്നും പറഞ്ഞു ഡോക്ടര്‍. വില ഏകദേശം ഇരുപത്തയ്യായിരം. മറ്റ് ചിലവുകള്‍ക്കെല്ലാം വേണ്ടി ഒന്നിച്ച്‌ ഒരു നാല്പതിനായിരമെങ്കിലും എടുക്കാമെന്ന് വെച്ചാല്‍ എടിഎം 2500 രൂപയേ തരൂ. ഡോക്ടറുടെ കുറിപ്പടിയുമായി മെഡിക്കല്‍ സ്റ്റോറില്‍ ചെന്നപ്പോ ഒരിടത്ത് നെറ്റ് വര്‍ക്ക് ഇല്ല മറ്റൊരിടത്ത് കാര്‍ഡ് മെഷ്യനെ ഇല്ല. ബാങ്കില്‍ ചെന്നപ്പോഴേക്കും ഇരുപത്തിനാലായിരമേ തരൂ എന്നായി. ബാക്കി അവിടുന്നും ഇവിടുന്നും കടം വാങ്ങി ആശുപത്രിയില്‍ എത്തിയപ്പോഴേക്ക് ഏഴുമണി. കഴിഞ്ഞിരുന്നു. പ്രധാനമന്ത്രി വരുത്തിവെച്ചതിന് ഡോക്ടറുടെ മുന്‍പില്‍ വെറുതേ ഞാന്‍ തല കുനിച്ചു. അത്രയും നേരം വേദന സഹിച്ച്‌ കിടന്ന വസന്തയോട് നിശബ്ദമായി മാപ്പു പറഞ്ഞു. ഇത് എന്റെ മാത്രം അനുഭവമല്ല. ആശുപത്രിയില്‍ കിടക്കുന്ന ഓരോരുത്തരും നോട്ട് നിരോധനത്തിന്റെ പേരില്‍ അനുഭവിക്കുന്ന ദുരിതത്തില്‍ മനം നൊന്ത് ശപിക്കുന്നുണ്ടായിരുന്നു. ഇവരാരും മദ്യം വാങ്ങാന്‍ വേണ്ടി ക്യൂവില്‍ നില്‍ക്കുന്നവരല്ല. ജീവന്‍ നില നിര്‍ത്താന്‍ പണത്തിന് വേണ്ടി നെട്ടോട്ടമോടുന്നവരാണ്. ആ വേദന അനുഭവിക്കുമ്പോഴേ അറിയൂ.

വി.ടി ബല്‍റാം (എഎല്‍എ)

മികച്ച അഭിനേതാക്കള്‍ തമ്മില്‍ പരസ്പരം പാരയാണെന്ന് ആരാ പറഞ്ഞേ? #TheCompleteDisaster

‘ഒരു ജനാധിപത്യ രാജ്യത്ത് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാ പൗരന്മാര്‍ക്കും ഉണ്ട്. അത് പോലെ തന്നെ ‘ദി കംപ്ളീറ്റ് ആക്ടര്‍ക്കും’ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നില്ല. എന്നാല്‍ സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ ഗൗരവതരമായ വിഷയത്തില്‍ അഭിപ്രായം പറയുമ്പോള്‍ അതിന്റെ ആഴം എത്രത്തോളം എന്ന് മനസ്സിലാക്കി അഭിപ്രായം പറയുന്നതാവും ഉചിതം. ഭാരതത്തിലെ ജനങ്ങള്‍ ഇന്ന് ബാങ്കുകളുടെയും എടിഎമ്മുകളുടെയും മുന്നില്‍ കാവല്‍ നില്‍ക്കുന്നത് മദ്യത്തിനും സിനിമാ ടിക്കറ്റിനും വേണ്ടി അല്ല. അവര്‍ കഠിനാധ്വാനം ചെയ്തു ബാങ്കില്‍ വിശ്വാസത്തോടെ നിക്ഷേപിച്ച പണം റേഷന്‍ പോലെ ഇരന്നു മേടിക്കുന്നതിനു വേണ്ടിയാണ്.
ആ ക്യൂവില്‍ നിന്നവരുടെ ലക്ഷ്യം ഒരു ഫുള്‍ ബോട്ടില്‍ ആണെന്ന് മോഹന്‍ലാല്‍ തെറ്റിദ്ധരിച്ചത് സ്വന്തം ബന്ധുക്കളുടെ ചികിത്സയ്ക്കും, വിവാഹത്തിനുമെല്ലാം സ്വന്തം പണത്തിനു വേണ്ടി ക്യൂ നിന്ന് മരിക്കാന്‍ പോലും വിധിക്കപ്പെട്ടവരോടുള്ള അവഹേളനം ആണ്. രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന മൊത്തം കറന്‍സിയുടെ എണ്‍പത്തി ആറു ശതമാനം ഒറ്റ രാത്രി കൊണ്ട് പിന്‍വലിച്ച്‌ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ നരേന്ദ്ര മോദിക്ക് കുട പിടിക്കുമ്പോള്‍ ഇവരുടെ വേദന ലാല്‍ കാണാതെ പോയത് എന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. മാസങ്ങള്‍ക്ക് മുന്നേ നിശ്ചയിച്ച സ്വന്തം മക്കളുടെ വിവാഹത്തിന് പോലും റേഷന്‍ പോലെ അനുവദിച്ച രണ്ടര ലക്ഷത്തിനു ക്യൂ നില്‍ക്കേണ്ടി വന്നവരുടെയും അതില്‍ മനം നൊന്തു ബാങ്കില്‍ തന്നെ ആത്മഹത്യ ചെയ്യേണ്ടി വന്ന പിതാക്കന്മാരുടെയും വേദന എന്തെ നിങ്ങള്‍ കണ്ടില്ല?
ശീതീകരിച്ച ഹാളുകളിലും എയര്‍പ്പോര്‍ട്ടിലും നിങ്ങള്‍ നിന്ന ക്യൂ അല്ല. ഉഷ്ണത്തിലും ശൈത്യത്തിലും പാതിരാത്രിക്കും നട്ടുച്ച വെയിലിലും പാതയോരത്ത് നിന്ന് തളര്‍ന്നു കുഴഞ്ഞു വീഴുന്ന ക്യു അങ്ങ് എത്ര മാത്രം കണ്ടു എന്നത് നിശ്ചയമില്ല. ചുരുങ്ങിയ പക്ഷം ജയ്പൂരിലെ ഇരുപത്തി അഞ്ചും അന്‍പതും കിലോമീറ്റര്‍ യാത്ര ചെയ്തു ബാങ്കില്‍ വന്നു തങ്ങളുടെ കഠിനാധ്വാനം ചെയ്ത പണത്തിനു ക്യൂ നില്‍ക്കുന്നവരെ കണ്ട്, അവരുടെ കൂടെ ഒരു രണ്ടായിരം രൂപയ്ക്ക് ക്യൂ നിന്നിട്ട് ആ അനുഭവം വേണമായിരുന്നു മോഹന്‍ലാല്‍ കുറിക്കാന്‍.
ആ ക്യൂവില്‍ ഒരു ധനികനും, കള്ളപ്പണക്കാരനും, സിനിമാതാരവും ഇല്ല. അവിടെ ഉള്ളത് സ്വന്തം ജീവിതത്തില്‍ സ്വരുക്കൂട്ടിയ ആയിരങ്ങള്‍ക്ക് വേണ്ടി യാചകരെ പോലെ നില്‍ക്കുന്ന പാവപ്പെട്ടവര്‍ മാത്രമാണ്. അവരുടെയെല്ലാം ജീവിക്കാനുള്ള അവകാശത്തിലേക്കുള്ള കടന്നു കയറ്റമാണ്. പ്ലാസ്റ്റിക് മണിയുടെയും, പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും സുഖലോലുപതയല്ല, സ്വന്തം പണം ഉപയോഗിച്ച്‌ അന്നന്നത്തേക്കുള്ള ഭക്ഷണം മേടിക്കാന്‍ പാട് പെടുന്ന സാധാരണക്കാരന്റെ രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്.
നൂറു കോടി ക്ലബ്ബില്‍ അംഗമായ സന്തോഷത്തില്‍, സ്വന്തം സിനിമ ഈ വിഷയം മൂലം റിലീസ് പോലും ചെയ്യാന്‍ പറ്റാതിരുന്ന സഹപ്രവര്‍ത്തകരോട് ഒന്ന് അന്വേഷിച്ചാല്‍ അവരുടെ ദുരിതം മനസ്സിലാവുമായിരുന്നു. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ മോഡിക്ക് ഇന്നേക്ക് പതിമൂന്നു ദിവസം പിന്നിടുമ്പോള്‍ സ്വന്തം നാട്ടില്‍ അഞ്ഞൂറ് രൂപയുടെ നോട്ട് എത്തിക്കാന്‍ എങ്കിലും കഴിഞ്ഞുവോ എന്ന് ഈ ബ്ലോഗ് എഴുതുന്നതിനു മുന്നേ അന്വേഷിക്കണമായിരുന്നു. എടുത്തു ചാട്ടമല്ല, വിവേകപൂര്‍ണ്ണമായ നടപടികളാണ് ഒരു പ്രധാനമന്ത്രിയില്‍ നിങ്ങള്‍ കാണേണ്ടതും’.

ശബരീനാഥ് എംഎല്‍എ

മോഹന്‍ലാല്‍ എന്ന നടനെ ആരാധിക്കുന്ന ഒരു പ്രേക്ഷകനാണ് ഞാന്‍. അദ്ദേഹത്തിന്റെ സിനിമകള്‍ (പുലിമുരുകന്‍ ഉള്‍പ്പടെ) ഒന്നാം ദിവസം തിരുവനന്തപുരം ശ്രീകുമാറിലെ ക്യുവില്‍, അത്യാവശ്യം ഇടികൊണ്ടു കണ്ടവനാണ് ഞാനും. എന്നാല്‍ അദ്ദേഹത്തിന്റെ ബ്ലോഗ് എന്നെ ഞെട്ടിച്ചു നോട്ട് നിരോധനത്തെ കുറിച്ചുള്ള ആ കുറിപ്പ്, ജീവിതഗന്ധിയല്ലാത്ത, വികലമായ ഒരു സിനിമപോലെയായിപ്പോയി. ഈ തുഗ്ലക് പരിഷ്കാരം വന്നതിന്റെ 13 ദിവസങ്ങള്‍ക്കു ശേഷവും ജനങ്ങള്‍ നിത്യചെലവിനായി ബുദ്ധിമുട്ടുന്ന കാഴ്ച മദ്യ ഷോപ്പിനു മുന്‍പിലെ കുടിയന്റെ നില്പിനോട് താരതമ്യം ചെയ്തത് വളരെ ‘സിംപ്ലിസിറ്റിക്’ ആയ സമീപനം ആണ്.
ഇപ്പോള്‍ അദ്ദേഹത്തിന്റെ സിനിമ ഷൂട്ടിംഗ് നടക്കുന്ന ഇന്ത്യയിലെ ഏറ്റവും ദരിദ്രരുള്ള രാജസ്ഥാന്‍ മരുഭൂമിയിലെ ഏതെങ്കിലും ചെറു ഗ്രാമത്തിലെ ഒരു സാധാരണ വീട്ടില്‍ അഞ്ചു മിനിറ്റ് ചിലവഴിച്ചാല്‍ അദ്ദേഹത്തിന്റെ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ച ‘ശുഭാപ്തിവിശ്വാസം’ മാറും എന്ന് എനിക്കുറപ്പാണ്.

ജയ്ക്ക് സി. തോമസ് (എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്)

ആകാശത്തെ താരത്തില്‍ നിന്ന് മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന മനുഷ്യനിലേക്കുള്ള ദൂരമാണ് സര്‍,ആ ബ്ലോഗില്‍ അത്രയും..!

അഡ്വ. ഹരീഷ് വാസുദേവ്

ആനക്കൊമ്ബ് അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച ആളുകള്‍ക്കെല്ലാം കേന്ദ്രസര്‍ക്കാരില്‍ അപേക്ഷിച്ചാല്‍ ശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കും. മുന്‍വാതിലില്‍ ക്യൂ നിന്നാണ് അതും വാങ്ങിയത്.
നികുതി മുഴുവനായി അഡ്വാന്‍സായി കൊടുക്കുന്നതുകൊണ്ട് ആദായ നികുതിക്കാര്‍ വീട്ടില്‍ കേറീട്ടുമില്ല.
ഇന്ത്യയുടെ സ്പന്ദനം അതിര്‍ത്തിയ്ക്കടുത്ത ഗ്രാമങ്ങളിലായതുകൊണ്ട് ഇനി കേരളത്തിലേയ്ക്കില്ല. സല്യൂട്ട്. ജയ് ഹിന്ദ്.

അഡ്വ. പി. എ മുഹമ്മദ് റിയാസ്

മോഹന്‍ലാല്‍ മഹാനടനാണ്, ഒരു വ്യക്തിയുമാണ്.അഭിപ്രായ സ്വാതന്ത്ര്യം മറ്റ് പൗരന്മാരെ പോലെ അദ്ദേഹത്തിന്റെയും അവകാശമാണ്. ആ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യമായി കൊള്ളണമെന്നില്ല. പക്ഷെ ആ അഭിപ്രായത്തിന്റെ പാളിച്ചകള്‍ അക്കമിട്ടു നിരത്തി നേരിടുന്നതിനു പകരം, വ്യക്തിപരമായി ആക്ഷേപിക്കുന്നത് പ്രോല്‍സാഹിപ്പിക്കപ്പെടെണ്ട രീതിയല്ല.
കലാകാരന്മാര്‍ സാമൂഹിക വിഷയങ്ങളില്‍ (ഇതൊന്നും നമ്മെ ബാധിക്കുന്ന വിഷയങ്ങള്‍ അല്ല എന്നു കരുതി )മൗനം പാലിക്കുന്നതിനേക്കാള്‍,പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത് അവരുടെ നിലപാട് തുറന്നു പറയുക എന്നതിനെയാണ്.എല്ലാ പൗരന്മാരും ചില വിഷയങ്ങളില്‍ നിലപാട് തുറന്നു പറയുന്നത് ,അരാഷ്ട്രീയതയെ ഇല്ലാതാക്കും. മോഹന്‍ലാല്‍ പറഞ്ഞ അഭിപ്രായത്തോട് വിയോജിപ്പ് വെച്ചു പുലര്‍ത്തി കൊണ്ട് പറയട്ടെ, മോഹന്‍ലാല്‍ എന്ന കലാകാരന്റെ കഴിവ് ഇകഴ്ത്തുകയും,പുകഴ്ത്തുകയും ചെയ്യേണ്ടത് വിത്യസ്ത വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് അനുസരിച്ചാകരുത്. (ദയവ് ചെയ്ത് എന്നെ മോഹന്‍ലാല്‍ ഫാനായി ചിത്രീകരിക്കരുത് )

shortlink

Related Articles

Post Your Comments

Related Articles


Back to top button