കോട്ടയം: പ്രസവത്തിനു സമയമായില്ലെന്നു പറഞ്ഞു മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു യുവതിയെ മടക്കിയയച്ചു.പ്രസവവേദനയെത്തുടര്‍ന്നാണ് യുവതി എത്തിയത്. തുടർന്ന് മണിക്കൂറുകള്‍ക്കു ശേഷം യുവതി പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തു. മരിച്ചത് കോട്ടയം നട്ടാശേരി കാരയ്‌ക്കല്‍ ഷിനുവിന്റെയും ദിവ്യയുടെയും കുഞ്ഞാണ്.
ശനിയാഴ്‌ച രാവിലെ 11നാണ് വേദനയും നേരിയ രക്‌തസ്രാവവുമുണ്ടായതിനെത്തുടര്‍ന്നു ദിവ്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഇത് രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ അമ്മയായ ദിവ്യയുടെ മൂന്നാമത്തെ പ്രസവമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചയുടന്‍ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചു. പക്ഷെ അഡ്‌മിറ്റ് ചെയ്യേണ്ട കാര്യമില്ലന്നും തിരികെ പോകാമെന്നും അറിയിച്ചതായി ഷിനു പറഞ്ഞു. തുടര്‍ന്ന് നിരീക്ഷണ മുറിയിലേക്കു മാറ്റി. ദിവ്യക്കു ഈ സമയമെല്ലാം വേദനയുണ്ടായിരുന്നു. ഏതാനും തവണ ജൂനിയര്‍ ഡോക്‌ടമാര്‍ എത്തി കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞു മടങ്ങുകയും ചെയ്‌തു.
ദിവ്യയെ വൈകിട്ട് ഏഴോടെ വീട്ടിലേക്കു വിട്ടു. എന്നാൽ കലശലായ വേദനയെത്തുടര്‍ന്നു രാത്രി പത്തു മണിയോടെ വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പ്രസവിക്കുകയും ചെയ്‌തു. പക്ഷെ കുഞ്ഞു മരിച്ച നിലയിലാണു പുറത്തുവന്നത്. മരിച്ച നിലയില്‍ പുറത്തെടുത്തത് ആണ്‍കുട്ടിയെയാണ്. മണിക്കൂറുകള്‍ക്കു മുമ്പേ കുട്ടി മരിച്ചിരുന്നതായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടര്‍ അറിയിച്ചതായി ഷിനു പറഞ്ഞു. രാവിലെ ആശുപത്രിയില്‍ വന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഷിനു പറഞ്ഞുവെങ്കിലും അധികൃതര്‍ കൃത്യമായ മറുപടി നല്‍കിയില്ല. ദിവ്യ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments